ബെംഗളൂരു: കര്‍ണാടകയില്‍ തൂക്കു മന്ത്രിസഭായാണുണ്ടാവുക എന്ന് പ്രവചിച്ചതിന് പിന്നാലെ ജെ.ഡി.എസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ എച്ച്.ഡി കുമാരസ്വാമി സിംഗപ്പൂരിലേക്ക് പറന്നു. കോണ്‍ഗ്രസിനും ബി.ജെ.പിക്കും ഒറ്റയ്ക്കു ഭരിക്കാന്‍ ആവശ്യമായ സീറ്റുകള്‍ ലഭിക്കില്ലെന്നും തൂക്ക് നിയമസഭയാകും രൂപപ്പെടുകയെന്നും തെരഞ്ഞെടുപ്പിന് പിന്നാലെ വന്ന എക്സിറ്റ് പോളുകള്‍ പ്രവചിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കുമാരസ്വാമി സിംഗപ്പൂരിലേക്ക് തിരിച്ചത്. വോട്ടെണ്ണല്‍ ദിനമായ ചൊവ്വാഴ്ച വൈകിട്ടോടെയേ കുമാരസ്വാമി തിരിച്ചുവരാനിടയുള്ളു എന്നാണ് സൂചന.
കോണ്‍ഗ്രസിനും ബി.ജെ.പിക്കും കേവല ഭൂരിപക്ഷം ലഭിക്കാതെ വന്നാല്‍, ജെ.ഡി.എസിന്റെ നിലപാടാകും സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണ്ണായകമാവുക. ഇത് എക്‌സിറ്റ് പോള്‍ പ്രവചിച്ചിരുന്നു.
“കോണ്‍ഗ്രസ്, ബി.ജെ.പി നേതാക്കള്‍ കുമാരസ്വാമിയുമായും ദേവഗൗഡയുമായും ബന്ധപ്പെടുന്നുണ്ടെന്നും രാഷ്ട്രീയ ചര്‍ച്ചകള്‍ക്കായാണ് സിംഗപ്പൂരിലേക്ക് പോയതെന്നാണ് കരുതുന്നതെന്നും കുമാരസ്വാമിയോട് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. ഇവിടെ വച്ച് അവര്‍ കണ്ടാല്‍ അക്കാര്യം മാധ്യമങ്ങള്‍ക്ക് ചോര്‍ന്നുകിട്ടാനിടയുണ്ടെന്നതിനാലാണ് സിംഗപ്പൂരിലേക്ക് പോയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കന്‍ എച്ച്.കെ. നിഖില്‍ ഗൗഡയും കുമാരസ്വാമിക്കൊപ്പമുണ്ട്.
ഇതിനിടെ, കുമാരസ്വാമി കര്‍ണാടക മുഖ്യമന്ത്രിയാകുമെന്ന ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പ്രഖ്യാപനവും ശ്രദ്ധേയമായി.
അതേസമയം ഒരു ദളിത് മുഖ്യമന്ത്രിക്കുവേണ്ടി പദവി വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കര്‍ണാടകയില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജി. പരമേശ്വര എന്നിവരടക്കം കോണ്‍ഗ്രസിന് ശക്തരായ നിരവധി ദളിത് നേതാക്കളുണ്ട്. “ഒരു ദളിത് സ്ഥാനാര്‍ഥിക്കുവേണ്ടി ഞാന്‍ മുഖ്യമന്ത്രി പദവി വിട്ടുനല്‍കാന്‍ തയ്യാറാണ്”, സിദ്ധരാമയ്യ പറഞ്ഞതായി ടി.വി കന്നട റിപ്പോര്‍ട്ട് ചെയ്തു