ന്യൂദല്‍ഹി: 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നയിക്കണമെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. രാഹുല്‍ വളരെ നിഷ്‌കളങ്കനായ രാഷ്ട്രീയ പ്രവര്‍ത്തകനാണെന്നും മഹാസഖ്യത്തെ ജനങ്ങള്‍ സ്വീകരിക്കുമെന്നും കുമാരസ്വാമി പറഞ്ഞു. പാര്‍ട്ടിയെ പിന്തുണച്ച കോണ്‍ഗ്രസിനെ തിരിച്ചും പിന്തുണക്കുകയെന്നത് തങ്ങളുടെ ഉത്തരവാദിത്വമാണെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു.
അതേസമയം, കര്‍ണാടകയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റുകളില്‍ രണ്ട് നിയസഭാ സീറ്റിലും രണ്ട് ലോക്സഭാ സീറ്റിലും കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചിരുന്നു. രാമനഗര, ജാഖണ്ഡി നിയമസഭാ മണ്ഡലങ്ങളിലും ബെല്ലാരി, മാണ്ഡ്യ ലോക്സഭാ സീറ്റുകളിലുമാണ് കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യം വിജയിച്ചത്.
also read: ഫൈസാബാദ് ജില്ല ഇനി മുതല്‍ ‘ശ്രീ അയോധ്യ’; പേരുമാറ്റി യോഗി ആദിത്യനാഥ്
ഷിമോഗ ലോക്സഭാ മണ്ഡലത്തില്‍ കഷ്ടിച്ചാണ് ബി.ജെ.പി രക്ഷപ്പെട്ടത്. ബി.എസ് യെദ്യൂരപ്പയുടെ മകന്‍ ബി.വൈ രാഘവേന്ദ്ര 52148 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഷിമോഗയില്‍ വിജയിച്ചത്. ബി.എസ് യെദ്യൂരപ്പ മൂന്നുലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ച മണ്ഡലമാണ് ശിവമോഗ.
“ഉപതെരഞ്ഞെടുപ്പിലെ വിജയം 2019ലെ വിജയത്തിലേക്കുള്ള ആദ്യ പടിയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിലും ജെ.ഡി.എസ്- കോണ്‍ഗ്രസ് സഖ്യമായി മല്‍സരിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 28 സീറ്റുകള്‍ നേടുക എന്നതാണ് ലക്ഷ്യമിടുന്നത്. ജനപിന്തുണ നേടുന്നതിനായി അവര്‍ക്ക് ഉപകാരപ്രദമായ പദ്ധതികള്‍ കൊണ്ടുവരും. ഇത് വിജയിച്ച സന്തോഷത്തിലുള്ള വെറും വാഗ്ദാനമല്ല. ഈ വിജയം ജനങ്ങള്‍ തങ്ങളിലര്‍പ്പിച്ച ആത്മവിശ്വാസമാണ്”- കുമാരസ്വാമി വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു.
കുമാരസ്വാമിയുടെ ഭാര്യ അനിത കുമാരസ്വാമിയാണ് രാമനഗരയില്‍ മല്‍സരിച്ചത്. ബി.ജെ.പിയുടെ എല്‍ ചന്ദ്രശേഖരയായിരുന്നു അനിതയുടെ എതിരാളി. 70,000ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അനിത വിജയിച്ചത്.
ജാംഖണ്ഡിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എ.എസ് ന്യാമഗൗഡയാണ് വിജയിച്ചത്. നേരത്തെ ജാംഖണ്ഡി പിടിച്ചെടുക്കുമെന്ന് ബി.ജെ.പി അവകാശവാദം ഉന്നയിച്ചിരുന്നു. മാണ്ഡ്യയില്‍ ജെ.ഡി.എസ് സ്ഥാനാര്‍ത്ഥി ശിവരാമഗൗഡയാണ് വിജയിച്ചത്. ബെല്ലാരിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വി.എസ് ഉഗ്രപ്പയും വിജയിച്ചു. രണ്ടുലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബെല്ലാരിയിലെ വിജയം.