ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫിറ്റ്‌നെസ് ചലഞ്ച് വീഡിയോയ്ക്ക് കലക്കന്‍ മറുപടിയുമായി കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. നന്നായിരിക്കുന്നു എന്ന് പറഞ്ഞുകൊണ്ടുള്ള ട്വിറ്റീല്‍ കുമാരസ്വാമി പ്രധാനമന്ത്രിയെ മികച്ച രീതിയില്‍ ട്രോളിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നായിരുന്നു കുമാരസ്വാമിയുടെ മറുപടി. “”എന്റെ ആരോഗ്യം സംബന്ധിച്ച് താങ്കള്‍ക്ക് ഇത്രയും ഉത്കണ്ഠ ഉണ്ടെന്നറിഞ്ഞതില്‍ ഏറെ സന്തോഷം. ഫിസിക്കല്‍ ഫിറ്റ്‌നെസ് എല്ലാവര്‍ക്കും അത്യാവശ്യമാണ് എന്ന് തന്നെയാണ് ഞാനും വിശ്വസിക്കുന്നത്. യോഗയും ട്രെഡ്മിലും എന്റെ ഡെയ്‌ലി വര്‍ക്കൗട്ടിന്റെ ഭാഗവുമാണ്. എന്നാല്‍ ഇപ്പോള്‍ എന്റെ ഉത്കണ്ഠ സംസ്ഥാനത്തിന്റെ ഡവലപ്‌മെന്റ് ഫിറ്റ്‌നെസുമായി ബന്ധപ്പെട്ടാണ്. അതിന് താങ്കളുടെ എല്ലാവിധ സഹകരണവും പ്രതീക്ഷിക്കുന്നു”” എന്നായിരുന്നു കുമാരസ്വാമിയുടെ മറുപടി. എന്നാല്‍ ഫിറ്റ്‌നെസ് ചാലഞ്ച് ഏറ്റെടുക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ കുമാരസ്വാമി ട്വീറ്റില്‍ മറുപടിയൊന്നും പറഞ്ഞില്ല.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലിയുടെ ഫിറ്റ്നസ് ചാലഞ്ച് ഏറ്റെടുത്ത് ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ വ്യായാമത്തിന്റെ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.
ഇതാണ് തന്റെ പുലര്‍കാല വ്യായാമങ്ങള്‍ എന്ന് ട്വിറ്ററില്‍ കുറിക്കുകയും കോഹ്ലിയുടെ വെല്ലുവിളി ഏറ്റെടുത്തത് പോലെ താന്‍ കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിയെ വെല്ലുവിളിക്കുന്നതായും മോദി കൂട്ടിച്ചേര്‍ത്തിരുന്നു.
കൃത്രിമമായി നിര്‍മ്മിച്ച പഞ്ചഭൂതങ്ങളായ പൃഥ്വി, അഗ്‌നി, ജലം, വായു, ആകാശം എന്നിവയുടെ ട്രാക്കിലൂടെ നടക്കുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. ഇതിനുശേഷം വലിയ ഒരു പാറക്കല്ലില്‍ ഇരുന്നാണ് മോദി വ്യായാമം ചെയ്യുന്നത്. ടേബിള്‍ ടെന്നീസ് താരം മാനിക ബത്രയേയും മോദി വെല്ലുവിളിച്ചിരുന്നു.
കേന്ദ്ര കായിക മന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡാണ് ഫിറ്റ്നസ് ചാലഞ്ച് തുടങ്ങിവെച്ചത്. കോഹ്ലിയുടെ ഫിറ്റ്നസ് ചാലഞ്ച് ഏറ്റെടുക്കുമെന്ന് മോദി അറിയിച്ചതിനുപിന്നാലെ
വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.