| Thursday, 29th November 2018, 6:19 pm

കുമാരസ്വാമി മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നെന്ന് വ്യാജ പ്രചരണം; കന്നഡ വാര്‍ത്താ ചാനലിനെതിരെ കേസെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: അസുഖത്തെത്തുടര്‍ന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി രാജി വയ്ക്കുകയാണ് എന്ന് വ്യാജ പ്രചാരണം നടത്തിയ കന്നഡ വാര്‍ത്താ ചാനലിനെതിരെ കേസെടുത്തു. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ദശരഥ് എന്ന റിപ്പോര്‍ട്ടര്‍ക്കും ചീഫ് എഡിറ്റര്‍ക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്.

കുമാരസ്വാമി അസുഖം മൂലം രാജിവെക്കാന്‍ തീരുമാനിച്ചെന്നും ചികിത്സയ്ക്കായി ലണ്ടനിലേയ്ക്ക് പോവുകയാണെന്നുമായിരുന്നു ചാനല്‍ റിപ്പോര്‍ട്ട് ചെയ്തത്. ജനതാദള്‍ സെക്കുലര്‍ ബംഗളൂരു യൂണിറ്റ് പ്രസിഡന്റ് ആര്‍ പ്രകാശിന്റെ പരാതിയിലാണ് ടി.വി ഫൈവിനെതിരെ കേസെടുത്തത്.

Read Also : ആത്മഹത്യ ചെയ്ത കര്‍ഷകരുടെ തലയോട്ടിയുമായി കര്‍ഷക മാര്‍ച്ച്; പാര്‍ലമെന്റിന് മുന്നില്‍ തടഞ്ഞാല്‍ നഗ്നരായി പ്രതിഷേധിക്കുമെന്നും കര്‍ഷകര്‍

ക്രിമിനല്‍ ഗൂഢാലോചനയടക്കം ചുമത്തി ബംഗളൂരുവിലെ ഹൈഗ്രൗണ്ട് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചാനല്‍ തെറ്റായ പ്രചാരണം നടത്തി ജനങ്ങള്‍ക്കിടയില്‍ ഭീതി പടര്‍ത്താന്‍ ശ്രമിക്കുകയാണെന്നായിരുന്നു പരാതിയില്‍ പറഞ്ഞത്.

രാജി വാര്‍ത്ത നിഷേധിച്ചു കൊണ്ട് നേരത്തെ മുഖ്യമന്ത്രി കുമാരസ്വാമി രംഗത്തെത്തിയിരുന്നു. ടിവി ഫൈവിന്റെ ഓഫീസ് അക്രമിക്കുന്നതടക്കം വാര്‍ത്തയ്‌ക്കെതിരെ ജെ.ഡി.എസ് പ്രവര്‍ത്തകര്‍ വ്യാപക പ്രതിഷേധവും നടത്തിയിരുന്നു.

We use cookies to give you the best possible experience. Learn more