കോണ്‍ഗ്രസിനെക്കുറിച്ച് ഞാന്‍ മിണ്ടിയിട്ടുപോലുമില്ല: പാര്‍ട്ടി യോഗത്തില്‍ വികാരാധീനനായതിനെക്കുറിച്ച് കുമാരസ്വാമി
Karnataka
കോണ്‍ഗ്രസിനെക്കുറിച്ച് ഞാന്‍ മിണ്ടിയിട്ടുപോലുമില്ല: പാര്‍ട്ടി യോഗത്തില്‍ വികാരാധീനനായതിനെക്കുറിച്ച് കുമാരസ്വാമി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 17th July 2018, 4:02 pm

 

ബംഗളുരു: കോണ്‍ഗ്രസിനെതിരെയോ കോണ്‍ഗ്രസ് നേതാക്കളെക്കുറിച്ചോ താനൊന്നും പറഞ്ഞിട്ടില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി. തന്റെ പ്രസംഗത്തില്‍ കോണ്‍ഗ്രസിനെക്കുറിച്ച് സൂചിപ്പിച്ചിട്ടുപോലുമില്ലെന്നും അദ്ദേഹം ബംഗളുരുവില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

പാര്‍ട്ടിയോഗത്തില്‍ വികാരാധീനനായ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


Also Read:നിങ്ങള്‍ സന്തോഷത്തിലായിരിക്കും, എന്നാല്‍ ഞാന്‍ ദു:ഖിതനാണ്; പൊട്ടിക്കരഞ്ഞ് എച്ച്.ഡി കുമാരസ്വാമി


“അതെന്റെ പാര്‍ട്ടിയുടെ പരിപാടിയായിരുന്നു. ഞാന്‍ വികാരാധീനനായി. മാധ്യമങ്ങള്‍ എന്റെ പ്രസംഗം ദുര്‍വ്യാഖ്യാനം ചെയ്തു. ” എന്നും അദ്ദേഹം പറഞ്ഞു.

വലിയ സമ്മര്‍ദ്ദത്തിലാണ് മുന്നോട്ടുപോകുന്നതെന്നും മുഖ്യമന്ത്രി കസേരയെന്നത് ആളുകള്‍ കരുതുന്നതുപോലെ പട്ടുമെത്തയല്ലെന്നും മറിച്ച് മുള്ളുകിടക്കയാണെന്നും കുമാരസ്വാമി പാര്‍ട്ടി യോഗത്തില്‍ പറഞ്ഞിരുന്നു.

കോണ്‍ഗ്രസുമായി സഹകരിച്ച് മുന്നോട്ടുപോകുകയാണ്. എന്നാല്‍ അത് വേദനാ ജനകമാണ്. ലോകത്തിന്റെ നിലനില്‍പ്പിനായി കാളകൂട വിഷം കഴിക്കേണ്ടി വന്ന ശിവന്റെ അവസ്ഥയിലാണ് ഞാന്‍.”” എനിക്ക് മേല്‍ വലിയ സമ്മര്‍ദ്ദം വന്നാല്‍ പോലും മണിക്കൂറുകള്‍ക്കുള്ളില്‍ രാജിവെക്കാന്‍ എനിക്ക് ഒരു ബുദ്ധിമുട്ടുമില്ല. ഞാന്‍ അധികാരത്തോട് ആര്‍ത്തിയുള്ള മനുഷ്യനല്ല. കര്‍ഷര്‍ക്ക് വേണ്ടിയും അവരുടെ കടങ്ങള്‍ എഴുതിത്തള്ളാനും വേണ്ടി മാത്രം മുഖ്യമന്ത്രി പദം ആഗ്രഹിച്ച വ്യക്തിയാണ് ഞാന്‍. “- എന്നും കുമാരസ്വാമി പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.


Also Read:അഭിമന്യു വധക്കേസിലെ മുഖ്യപ്രതിയെ ‘സി.പി.ഐ.എം അനുകൂലിയാക്കി’ മനോരമ: വാര്‍ത്തയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു


ഇതിനു പിന്നാലെ കുമാരസ്വാമിക്ക് മറുപടിയുമായി കോണ്‍ഗ്രസ് രംഗത്തുവന്നിരുന്നു.

“കൂട്ടു മന്ത്രിസഭ മുന്നോട്ടു കൊണ്ടുപോകുന്നത് വലിയ പ്രശ്നം തന്നെയാണ്. അത് നേരിടുകയല്ലാതെ വേറെ വഴിയൊന്നുമില്ല. വികാരങ്ങള്‍ അതേപടി പ്രകടിപ്പിക്കുന്നത് മതനിരപേക്ഷപ്പാര്‍ട്ടികളെ ജയിപ്പിച്ച ജനങ്ങള്‍ക്ക് നല്ല സന്ദേശമല്ല നല്‍കുക. ഇത്തരം സന്ദര്‍ഭങ്ങളെ നേരിടാനുള്ള ധൈര്യം കുമാരസ്വാമി സമ്പാദിക്കണം. ജനങ്ങളുടെ ആഗ്രഹം അദ്ദേഹം സഫലീകരിക്കേണ്ടതുണ്ട്.” എന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞത്.