ബംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന ഭരണം പ്രതിസന്ധിയിലായതോടെ എ.ഐ.സി.സി ഓര്‍ഗനൈസിംഗ് സെക്രട്ടറി കെസി വേണുഗോപാലിനെ ബംഗളൂരുവിലേക്ക് വിളിപ്പിച്ച് കുമാരസ്വാമി. നിര്‍ണായക ചര്‍ച്ചകള്‍ക്ക് വേണ്ടിയാണ് കെ.സി വേണുഗോപാലിനെ സംസ്ഥാനത്തേക്ക് വിളിച്ചെതെന്നാണ് സൂചന.
ഓസ്‌ട്രേലിയയിലുള്ള കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെയും സംസ്ഥാനത്തേക്ക് തിരിച്ചു വിളിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച അനൗദ്യോഗിക മന്ത്രിസഭാ യോഗവും കുമാരസ്വാമി വിളിച്ചിട്ടുണ്ട്. ജെ.ഡി.എസ് ലെജിസ്‌ലേറ്റീവ് യോഗവും അതേ ദിവസം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
28 ലോക്‌സഭാ സീറ്റുകളില്‍ 25 ഉം ബി.ജെ.പിയാണ് നേടിയത്. 2 സീറ്റുകള്‍ വീതമാണ് കോണ്‍ഗ്രസിനും ജെ.ഡി.എസിനും ലഭിച്ചിട്ടുള്ളത്. എച്ച്.ഡി ദേവഗൗഡ, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, വീരപ്പ മൊയ്‌ലി തുടങ്ങിയ നേതാക്കളെല്ലാം പരാജയപ്പെട്ടിട്ടുണ്ട്.
എന്‍.ഡി.എക്ക് മുന്നേറ്റമുണ്ടാകുമെന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ക്കു പിന്നാലെ തന്നെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയുണ്ടായിരുന്നു. നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന നേതാവും എം.എല്‍.എയുമായ റോഷന്‍ ബെയ്ഗ് രംഗത്തെത്തിയിരുന്നു.