ബെംഗളൂരു: പാര്‍ട്ടി ചടങ്ങിനിടെ പൊട്ടിക്കരഞ്ഞ് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. മുഖ്യമന്ത്രിയായതിന് പിന്നാലെ വലിയ സമ്മര്‍ദ്ദത്തിലാണ് മുന്നോട്ടുപോകുന്നതെന്നും മുഖ്യമന്ത്രി കസേരയെന്നത് ആളുകള്‍ കരുതുന്നതുപോലെ പട്ടുമെത്തയല്ലെന്നും മറിച്ച് മുള്ളുകിടക്കയാണെന്നും കുമാരസ്വാമി പറഞ്ഞു.
കോണ്‍ഗ്രസുമായി സഹകരിച്ച് മുന്നോട്ടുപോകുകയാണ്. പക്ഷേ എന്നാല്‍ അത് വേദനാ ജനകമാണ്. ലോകത്തിന്റെ നിലനില്‍പ്പിനായി കാളകൂട വിഷം കഴിക്കേണ്ടി വന്ന ശിവന്റെ അവസ്ഥയിലാണ് ഞാന്‍.”” എനിക്ക് മേല്‍ വലിയ സമ്മര്‍ദ്ദം വന്നാല്‍ പോലും മണിക്കൂറുകള്‍ക്കുള്ളില്‍ രാജിവെക്കാന്‍ എനിക്ക് ഒരു ബുദ്ധിമുട്ടുമില്ല. ഞാന്‍ അധികാരത്തോട് ആര്‍ത്തിയുള്ള മനുഷ്യനല്ല. കര്‍ഷര്‍ക്ക് വേണ്ടിയും അവരുടെ കടങ്ങള്‍ എഴുതിത്തള്ളാനും വേണ്ടി മാത്രം മുഖ്യമന്ത്രി പദം ആഗ്രഹിച്ച വ്യക്തിയാണ് ഞാന്‍. “”- കുമാരസ്വാമി പറയുന്നു.
“” നിങ്ങളുടെ സഹോദരന്‍ മുഖ്യമന്ത്രിയായതില്‍ നിങ്ങള്‍ സന്തോഷിക്കുന്നുണ്ടാകും. എന്നാല്‍ ഞാന്‍ സന്തോഷവാനല്ല. എല്ലാ വേദനയോടെയും കൂടിയാണ് ഞാന്‍ ജീവിക്കുന്നത്. എല്ലാ വേദനയേയും ഞാന്‍ സ്വീകരിക്കുകയാണ്. എന്റെ പ്രസംഗം കേള്‍ക്കാന്‍ വലിയ ആള്‍ക്കൂട്ടം ഉണ്ടായിരുന്നു. എന്നാല്‍ വോട്ട് ചെയ്യേണ്ട സമയത്ത് അവര്‍ എന്റെ പാര്‍ട്ടിയെ മറന്നു. ജനവിധിയെ കുറ്റപ്പെടുത്തുകയല്ല.
ഹൃദയസംബന്ധമായ രണ്ട് സര്‍ജറി കഴിഞ്ഞിരിക്കുകയാണ് ഞാന്‍. എന്നിട്ടും യാതൊരു വിശ്രമവും കൂടാതെ തന്നെ ജോലി ചെയ്യുന്നുണ്ട്. ദൈവാനുഗ്രഹം കൊണ്ടും ബന്ധുക്കളുടെ അനുഗ്രഹം കൊണ്ടും രാഷ്ട്രീയത്തിലെ സഖ്യകക്ഷിയായ കോണ്‍ഗ്രസിന്റെ പിന്തുണയോടെയും മുഖ്യമന്ത്രിയായ ആളാണ് ഞാന്‍””-
2006 ല്‍ എന്റെ അച്ഛന്റെ ആഗ്രഹങ്ങള്‍ക്ക് എതിരായി ഞാന്‍ പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന് ഒരുപാട് വേദന ഞാന്‍ നല്‍കി. ആ സമയങ്ങളില്‍ മാധ്യമങ്ങള്‍ അദ്ദേഹത്തിന് എതിരല്ലായിരുന്നു. ആ സമയത്ത് ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്ന തെറ്റ് എന്താണെന്ന് എനിക്ക് അറിയില്ലായിരുന്നു. സമൂഹത്തിലെ ഏത് വിഭാഗത്തെയാണ് ഞാന്‍ വേദനിപ്പിക്കുന്നതെന്നും എനിക്ക് അറിയില്ലായിരുന്നു. -നിറകണ്ണുകളോടെ കുമാരസ്വാമി പറഞ്ഞു.
“”പിന്നീട് മാധ്യമങ്ങള്‍ അദ്ദേഹത്തിന് എതിരായി. അത് എന്നെ ഏറെവേദനിപ്പിച്ചു. ഇപ്പോള്‍ ഞാന്‍ കര്‍ഷകരുടെ എല്ലാ കടങ്ങളും എഴുതിത്തള്ളിയിരിക്കുന്നു. ഞാന്‍ ചെയ്തത് തെറ്റാണോ ശരിയാണോ എന്ന് ഞാന്‍ പറയുന്നില്ല. എന്റെ തീരുമാനത്തില്‍ സന്തോഷവാന്മാരാണോയെന്ന് കര്‍ഷരാണ് പറയേണ്ടത്. എനിക്ക് വിഷം തരണോ വെള്ളം തരണോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്.
മംഗളൂരുവിലെ സ്ത്രീമത്സ്യത്തൊഴിലാളികള്‍ “കുമാരസ്വാമി ഞങ്ങളുടെ മുഖ്യമന്ത്രിയല്ല” എന്ന് പറഞ്ഞ് ഒരു കാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്. ഞാന്‍ നിങ്ങളുടെ അടുത്ത് വരും. നിങ്ങളുമായി സംസാരിക്കും. എനിക്ക് എവിടെയാണ് തെറ്റുപറ്റിയതെന്ന് നിങ്ങള്‍ പറഞ്ഞുതരണം. നിങ്ങള്‍ക്ക് എന്നെ പിന്തുണയ്ക്കാം പിന്തുണയ്ക്കാതിരിക്കാം. പ്രകൃതിയായ അമ്മ എനിക്കൊപ്പമുണ്ട്. ചാമുണ്ഡേശ്വരി ദേവി എന്നെ സംരക്ഷിക്കും. എനിക്ക് അധികാരം തന്ന ദൈവം അത് എപ്പോള്‍ തട്ടിക്കളഞ്ഞാലും എനിക്ക് വിഷമമില്ല. -കുമാരസ്വാമി പറയുന്നു.