| Saturday, 16th June 2018, 10:56 am

കാവേരിയിലെ വെള്ളം തമിഴ്‌നാടിനു പങ്കുവയ്ക്കാനൊരുങ്ങി കുമാരസ്വാമി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മധുര: കാവേരി നദിയിലെ ജലം തമിഴ്‌നാടുമായി പങ്കുവയ്ക്കാനൊരുങ്ങി കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. കബനി ഡാമില്‍ നിന്നും 20,000 ക്യുസെക്‌സ് വെള്ളം ഒഴുക്കിവിടാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കു നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി മാധ്യമങ്ങളോടു പറഞ്ഞു. മണ്‍സൂണ്‍ എത്തുന്നതോടെ തമിഴ്‌നാടുമായി വെള്ളം പങ്കുവയ്ക്കാനുള്ള നീക്കങ്ങള്‍ സുഗമമായി നടപ്പാക്കാന്‍ സാധിക്കുമെന്നു പ്രത്യാശിക്കുന്നതായും അദ്ദേഹം പറയുന്നു.

“കബനി റിസര്‍വ്വോയറില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് 20,000 ക്യുസെക്‌സ് വെള്ളം ഒഴുക്കിവിടാന്‍ ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത്തവണ സമൃദ്ധമായ മണ്‍സൂണ്‍ മഴയ്ക്കു സാധ്യതയുണ്ട്. അങ്ങിനെയാണെങ്കില്‍ കാവേരി ജല വിതരണ അതോറിറ്റിയുടെ വിധിപ്രകാരം തമിഴ്‌നാടിന്റെ പങ്കായ 10 ടി.എം.സി വെള്ളം ജൂണോടെ നല്‍കാന്‍ തീര്‍ച്ചയായും സാധിക്കും.” കുമാരസ്വാമി മാധ്യമങ്ങളോടു പറഞ്ഞു.

കബനിയില്‍ നിന്നുമുള്ള വെള്ളം ഇരു സംസ്ഥാനങ്ങളിലെ കര്‍ഷകരെയും സന്തോഷിപ്പിക്കുമെന്നും, ഇരു വിഭാഗത്തിനും പ്രയോജനകരമായ നീക്കമായിരിക്കുമിതെന്നുമാണ് മുഖ്യമന്ത്രിയുടെ പക്ഷം.

സംസ്ഥാനത്തു പൊതുവെ നല്ല മഴ ലഭിക്കുന്നുണ്ടെന്നും, ഡാമുകളിലേക്ക് സമൃദ്ധമായി വെള്ളമൊഴുകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാവേരി മാനേജ്‌മെന്റ് ബോര്‍ഡിലേക്ക് അംഗങ്ങളെ നിര്‍ദ്ദേശിക്കാന്‍ കര്‍ണാടക എന്താണ് വൈകുന്നതെന്ന ചോദ്യത്തിന്, ബോര്‍ഡ് എല്ലാവര്‍ക്കും ഉപകാരപ്രദമായ ഒന്നല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.


Also Read:മോഷണക്കുറ്റം ആരോപിച്ച് മുസ്‌ലീങ്ങളെ തല്ലിക്കൊന്ന പ്രതികള്‍ക്ക് വേണ്ടി സുപ്രീം കോടതി വരെ പോകും; വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.പി


സുപ്രീം കോടതി നിര്‍ദ്ദേശമനുസരിച്ച് കര്‍ണാടക, തമിഴ്‌നാട്, കേരളം, പുതുച്ചേരി എന്നിവരെയുള്‍പ്പെടുത്തി കാവേരി നദീജല മാനേജ്‌മെന്റ് അതോറിറ്റി രൂപീകരിക്കുമെന്ന് ജൂണ്‍ ഒന്നിന് കേന്ദ്രം അറിയിച്ചിരുന്നു.

കര്‍ണാടകയുടെ തീരുമാനത്തില്‍ സന്തോഷം പ്രകടിപ്പിച്ച് നടനും മക്കള്‍ നീതി മൈയ്യം സ്ഥാപകനുമായ കമല്‍ഹാസന്‍ രംഗത്തെത്തി. കര്‍ണാടക മുഖ്യമന്ത്രിയോടു സംസാരിച്ചുവെന്നും അതോറിറ്റി പ്രവര്‍ത്തനമാരംഭിച്ചാലും, ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള സൗമനസ്യമാണ് തടസ്സങ്ങള്‍ നീക്കാനാവശ്യമെന്നുമാണ് കമല്‍ ട്വിറ്ററില്‍ കുറിച്ചത്.

കാവേരി നദിയിലെ വെള്ളത്തെച്ചൊല്ലിയുള്ള തര്‍ക്കം ഇരുപതു വര്‍ഷത്തോളമായി തുടര്‍ന്നു വരികയാണ്. മഴയില്ലായ്മയും വരള്‍ച്ചയും കാരണം കര്‍ഷകര്‍ ബുദ്ധിമുട്ടിലായതോടെ, കഴിഞ്ഞ വര്‍ഷങ്ങളില്‍ തര്‍ക്കം രൂക്ഷമായിരുന്നു.

We use cookies to give you the best possible experience. Learn more