കൊച്ചി: മഹാകവി കുമാരനാശാന്റെ ജീവിതം പ്രമേയമാക്കി സംവിധായകന്‍ കെ.പി കുമാരന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. ചിത്രത്തില്‍ മൂര്‍ക്കോത്ത് കുമാരനായി എത്തുന്നത് മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ പ്രമോദ് രാമനാണ്.
സംഗീത സംവിധായകനും ഗായകനുമായ ശ്രീവല്‍സന്‍ ജെ മേനോന്‍ ആണ് കുമാരനാശാനായി വേഷമിടുന്നത്. കവി എന്നാണ് സിനിമയ്ക്ക് താല്‍ക്കാലിമായി പേരിട്ടിരിക്കുന്നത്. കുമാരനാശാന്‍ ദ ഫസ്റ്റ് മോഡേണ്‍ പൊളിറ്റീഷന്‍ ഓഫ് കേരളാ എന്ന ടാഗ് ലൈനിലാണ് സിനിമ ഒരുങ്ങുന്നത്. സിനിമയുടെ രണ്ടാം ഘട്ട ചിത്രീകരണം തിരുവനന്തപുരത്താണ്.
കുമാരനാശാന്റെ ജീവിതം സിനിമയാക്കണമെന്ന് വളരെ മുമ്പേ ആലോചിച്ചതാണെന്നും ഇപ്പോഴത്തെ സാമൂഹ്യസാഹചര്യത്തില്‍ ആശാന്റെ ജീവിതവും സാമൂഹ്യഇടപെടലും പറയേണ്ടത് അനിവാര്യമെന്നും തോന്നിയെന്നും സംവിധായകന്‍ കെ.പി കുമാരന്‍ പറഞ്ഞു.
പ്രമോദ് പയ്യന്നൂരാണ് ഇങ്ങനെയൊരു വേഷമുണ്ടെന്ന് പറഞ്ഞ് തന്നെ ആദ്യം വിളിക്കുന്നതെന്നും മൂര്‍ക്കോത്ത് കുമാരന്റെ രൂപസാദൃശ്യമുള്ള വ്യക്തിയെന്ന നിലയിലായിരുന്നു തന്നെ കാസ്റ്റ് ചെയ്‌തെന്നും പ്രമോദ് രാമന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
” അതിന് ശേഷമാണ് കെ.പി കുമാരന്‍ വിളിച്ചത്. കഥാപാത്രത്തിന് ഞാനുമായുള്ള രൂപസാദൃശ്യത്തെ കുറിച്ച് പറഞ്ഞു. കഥാപാത്രമാകാന്‍ ശ്രമിച്ചൂടെ എന്ന് അദ്ദേഹം ചോദിക്കുകയുമായിരുന്നു. അഭിനയത്തില്‍ മുന്‍പരിചയമൊന്നും ഇല്ലാത്തതുകൊണ്ട് തന്നെ ആദ്യം അത്ര ആത്മവിശ്വാസമില്ലായിരുന്നു. വര്‍ഷം എന്ന സിനിമയില്‍ മമ്മൂട്ടിയെ അഭിമുഖം നടത്തുന്ന ആളായി അഭിനയിച്ചു എന്നത് മാത്രമാണ് അഭിനയത്തിലുള്ള ഏക പരിചയം. എങ്കിലും ശ്രമിച്ചുനോക്കാമെന്ന് കരുതി. അങ്ങനെയാണ് സിനിമയുടെ ഭാഗമാകുന്നത്.
കുമാരനാശാന്റെ അടുത്ത ആത്മസുഹൃത്താണ് മൂര്‍ക്കോത്ത് കുമാരന്‍. തലശേരി ഭാഗത്ത് ആദ്യമായിട്ട് അവരുടെ പ്രസ്ഥാനത്തിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിലൊക്കെ പ്രധാനിയായി നിന്നത് മൂര്‍ക്കോത്ത് കുമാരനാണ്. അദ്ദേഹം പിന്നീട് മിതവാദി പത്രത്തിന്റെ പത്രാധിപനായി വന്നു. നവോത്ഥാന ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ അന്ന് മിതവാദിക്ക് വലിയ പങ്ക് ഉണ്ടായിരുന്നു. വീണപൂവ് ആദ്യമായി വരുന്നത് അതിലാണ്. പിന്നീട് ഭാഷാപോഷിണിയില്‍ അത് പുനപ്രസിദ്ധീകരിച്ചു. അതിന്റെ ഓര്‍മകളൊക്കെ പങ്കുവെക്കുന്ന രംഗങ്ങളാണ് സിനിമയിലുള്ളത്. നല്ലൊരു കഥാപാത്രമാണ്. നന്നായി ചെയ്യാന്‍ പറ്റിയെന്ന് തോന്നുന്നു. – പ്രമോദ് പറഞ്ഞു.
എഴുത്തുകാരനും സാമൂഹ്യപരിഷ്‌കര്‍ത്താവുമായിരുന്ന മൂര്‍ക്കോത്ത് കുമാരന്‍ എസ്.എന്‍.ഡി.പി യോഗത്തിന്റെ രണ്ടാമത്തെ ജനറല്‍ സെക്രട്ടറി ആയിരുന്നു. ജഡ്ജായി നിയമനം ലഭിച്ചതിനെ തുടര്‍ന്ന് യോഗത്തിന്റെ ചുമതല ഒഴിയുകയായിരുന്നു. മലബാറില്‍ ശ്രീനാരായണീയ ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്ന ആളുമാണ് മൂര്‍ക്കോത്ത് കുമാരന്‍.
മാധ്യമപ്രവര്‍ത്തനത്തിനൊപ്പം സാഹിത്യരംഗത്ത് സജീവമായ പ്രമോദ് രാമന്റെ രതിമാതാവിന്റെ പുത്രന്‍, ദൃഷ്ടിച്ചാവേര്‍, മരണമാസ് എന്നീ കഥാസമാഹാരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മനോരമാ ന്യൂസില്‍ കോര്‍ഡിനേറ്റിംഗ് എഡിറ്ററാണ് പ്രമോദ് രാമന്‍.
ക്ലാസിക്കല്‍ സംഗീതത്തിലൂടെ ശ്രദ്ധേയനായ ശ്രീവല്‍സന്‍.ജെ.മേനോന്‍ ജയരാജ് സംവിധാനം ചെയ്ത ഒറ്റാല്‍, ഷാജി എന്‍ കരുണ്‍ ചിത്രം സ്വപാനം എന്നിവയുടെ സംഗീത സംവിധായകനാണ്.
ദേശീയ രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടിയ കെ.പി കുമാരന്‍ ആകാശഗോപുരം എന്ന സിനിമയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന സിനിമയാണ് കവി.