ആമേനിലെ കുമരങ്കരി; ഉളവെയ്‌പ്പെന്ന കുമരങ്കരി
Movie Day
ആമേനിലെ കുമരങ്കരി; ഉളവെയ്‌പ്പെന്ന കുമരങ്കരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 4th April 2013, 11:23 am

വെള്ളത്താല്‍ ചുറ്റപ്പെട്ട തുരുത്ത്, അവിടെ കായലിന് മുന്നില്‍ തലയെടുപ്പോടെ ഉയര്‍ന്ന് നില്‍ക്കുന്ന ഗീവര്‍ഗീസ് പുണ്യാളന്റെ പള്ളി. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ആമേന്‍ എന്ന സിനിമ കണ്ടിറങ്ങുന്നവര്‍ സോളമനും ശോശന്നയ്ക്കും വട്ടോളിയച്ഛനുമൊപ്പം നെഞ്ചോടു ചേര്‍ക്കുന്നത് ഗീവര്‍ഗീസ് പുണ്യാളന്റെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ പള്ളിയാവും പള്ളിയെ സ്‌നേഹിക്കുന്ന നാട്ടുകരെയുമാവും.[]

ആമേന്‍ എന്ന സിനിമയില്‍ കാണുന്ന കുമരങ്കരി എന്ന ഗ്രാമം കാണാന്‍ പക്ഷേ കുട്ടനാട്ടിലേക്ക് വണ്ടി പിടിച്ച് പോയാല്‍ കാണുക സെന്റ് മേരീസ് പള്ളിയാവും. പിന്നെ കുമരങ്കരിയിലെ ഗീവര്‍ഗീസ് പുണ്യാളന്റെ പള്ളി എവിടെ എന്നന്വേഷിച്ച് പോയാല്‍ ചെന്നെത്തുക ചേര്‍ത്തലയ്ക്കടുത്തുള്ള ഉളവെയ്പ്പ് എന്ന ഗ്രാമത്തിലാവും.

അവിടെയാണ് ആമേന്‍ സിനിമയിലെ ഗീവര്‍ഗീസ് പള്ളിയും കള്ള് ഷാപ്പുമൊക്കെ കാണാന്‍ സാധിക്കുക. കുമരങ്കരി എന്ന സാങ്കല്‍പ്പിക ഗ്രാമം ആമേനില്‍ ചിത്രീകരിക്കുമ്പോള്‍ ആലപ്പുഴ ജില്ലയില്‍ കുമരങ്കരി എന്ന പേരില്‍ യഥാര്‍ത്ഥ ഗ്രാമമുള്ളതായി സംവിധായകന്‍ ലിജോ ജോസ് അറിഞ്ഞിരുന്നില്ല.

സിനിമയിലെ ഗീവര്‍ഗീസ് പള്ളിക്ക് യോജിച്ച സ്ഥലത്തിനായുള്ള അന്വേഷണമാണ് ഒടുവില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ ഉളവെയ്പ്പില്‍ കൊണ്ടെത്തിച്ചത്. ഏതാണ്ട് അ്മ്പത് ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് ഗീവര്‍ഗീസ് പുണ്യാളന്റെ പള്ളിയുടെ സെറ്റ് ഉളവെയ്പ്പി്ല്‍ ഉണ്ടാക്കിയത്.

അങ്ങനെ കുമരങ്കരിയെന്ന ഉളവെയ്പ്പില്‍ ഗീവര്‍ഗീസ് പുണ്യാളന്റെ മനോഹരമായ പള്ളി പിറന്നു. സിനിമയ്ക്ക് വേണ്ടി തയ്യാറാക്കിയ സെറ്റ് ഇപ്പോഴും പൊളിച്ച് മാറ്റാത്തതിനാല്‍ നിരവധി സന്ദര്‍ശകനാണ് ഗീവര്‍ഗീസ് പള്ളി കാണാനും സിനിമയിലെ കുമരങ്കരി കാണാനും ഉളവെയ്പ്പിലെത്തിക്കൊണ്ടിരിക്കുന്നത്.