| Friday, 18th June 2021, 7:59 am

ബാങ്കിലെ തുകയെല്ലാം സഹോദരി കൈവശമാക്കി, വള്ളങ്ങളും കൊണ്ടുപോയി; പൊലീസില്‍ പരാതി നല്‍കി കുമരകം രാജപ്പന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കുമരകം: പ്രധാനമന്ത്രിയുടെ മന്‍ കി ബാത്തില്‍ പ്രത്യേക അഭിനന്ദനം ലഭിച്ച കുമരകം മഞ്ചാടിക്കരി സ്വദേശി എന്‍.എസ്. രാജപ്പന്റെ ജീവിതം ദുരിതത്തില്‍. രാജപ്പന്‍ നടത്തുന്ന പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും ലഭിച്ച തുക സഹോദരി തട്ടിയെടുത്തതായി രാജപ്പന്‍ പൊലീസിന് പരാതി നല്‍കി.

സഹോദരിയായ ചെത്തുവേലി സ്വദേശി വിലാസിനിക്കെതിരെയാണ് രാജപ്പന്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.

പക്ഷപാതം ബാധിച്ച് ഇരു കാലുകളും തളര്‍ന്ന രാജപ്പന്‍ സ്വയം വള്ളം തുഴഞ്ഞ് വേമ്പനാട്ടുകായലിലെയും മീനിച്ചിലാറ്റിലെയും കൈവഴികളിലെയും പ്ലാസ്റ്റിക് കുപ്പികള്‍ പെറുക്കി വിറ്റായിരുന്നു ഉപജീവന മാര്‍ഗം കണ്ടെത്തിയിരുന്നത്.

രാജപ്പന്റെ ജീവിതമാര്‍ഗം ഈ ജലസ്രോതസുകളിലെ മലിനീകരണം തടയുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിവിധ മാധ്യമങ്ങള്‍ അദ്ദേഹത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇതേ തുടര്‍ന്ന് ദേശീയ തലത്തില്‍ വരെ രാജപ്പന്‍ ശ്രദ്ധ നേടി.

ഈ പ്രവര്‍ത്തനങ്ങളെ കുറിച്ച് അറിഞ്ഞവര്‍ തനിക്ക് നല്‍കിയ സഹായധനമെല്ലാം സഹോദരി കൈക്കലാക്കിയെന്നാണ് രാജപ്പന്‍ പറയുന്നത്. ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന 5.8 ലക്ഷം രൂപയും സമ്മാനമായി ലഭിച്ച രണ്ട് വള്ളങ്ങളും വിലാസിനി കൈവശപ്പെടുത്തിയിരിക്കുകയാണെന്ന് രാജപ്പന്‍ പറഞ്ഞു.

ബുധനാഴ്ച ബാങ്ക് സ്റ്റേറ്റ്‌മെന്റ് എടുത്തപ്പോഴാണ് ഫെബ്രുവരിയില്‍ പണം മുഴുവന്‍ പിന്‍വലിച്ച വിവരം അറിയുന്നതെന്നും രാജപ്പന്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

രാജപ്പന് വീട് വെയ്ക്കുന്നതിന് വേണ്ടിയാണ് തുക എടുത്തതെന്നാണ് വിലാസിനി പറയുന്നത്. ലോക്ഡൗണ്‍ കാരണം സ്ഥലം ആധാരം ചെയ്തു വാങ്ങാന്‍ കഴിഞ്ഞില്ല.

ഉടന്‍ തന്നെ സ്ഥലം വാങ്ങല്‍ നടപടികള്‍ പൂര്‍ത്തിയാക്കി രാജപ്പന് വീട് വെച്ചുനല്‍കുമെന്നും വിലാസിനി പറഞ്ഞു. എന്നാല്‍ ഇതേ കുറിച്ച് തനിക്ക് അറിയുകയേ ഇല്ലെന്നാണ് രാജപ്പന്‍ പറയുന്നത്.

നേരത്തെ വിലാസിനിക്കൊപ്പം മഞ്ചാടിക്കരിയില്‍ താമസിച്ചിരുന്ന രാജപ്പന്‍ നിലവില്‍ സഹോദരന്‍ പാപ്പച്ചിക്കൊപ്പമാണ് കഴിയുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Kumarakam Rajappan against sister says she took all his money

We use cookies to give you the best possible experience. Learn more