| Thursday, 4th July 2019, 7:25 pm

അവസാനിക്കാത്ത മക്കള്‍ രാഷ്ട്രീയം; നിഖില്‍ കുമാര സ്വാമിയും ഉദയനിധി സ്റ്റാലിനും യൂത്ത് നേതാക്കളായത് ഒരേ ദിവസം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമി കര്‍ണാടക യുവ ജനതാദള്‍ അധ്യക്ഷനായതും തമിഴ്‌നാട്ടില്‍ എം.കെ സ്റ്റാലിന്‍ തന്റെ മകന്‍ ഉദയനിധി സ്റ്റാലിനെ ഡി.എം.കെ യൂത്ത് വിങ് സെക്രട്ടറിയാക്കിയതും ഒരേ ദിവസം.

കുടുംബക്കാരെ പാര്‍ട്ടി നേതൃത്വത്തിലേക്ക് കൊണ്ടു വരില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചവരാണ് ദേവ ഗൗഡയും സ്റ്റാലിനും.

തന്റെ മക്കളായ കുമാര സ്വാമിയെയും രേവണ്ണയെയുമല്ലാതെ മറ്റു കുടുംബക്കാരെയാരെയും നേതൃത്വത്തിലേക്ക് കൊണ്ടു വരില്ലെന്നാണ് ദേവഗൗഡ പരസ്യമായി പറഞ്ഞിരുന്നത്. 2018 നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പേരമകന്‍ പ്രജ്വല്‍ രേവണ്ണയയെ മത്സരിപ്പിക്കില്ലെന്ന് വരെ ദേവഗൗഡ പറഞ്ഞിരുന്നു.

പക്ഷെ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രജ്വല്‍ രേവണ്ണയും നിഖില്‍ കുമാര സ്വാമിയും മത്സരിച്ചു. പ്രജ്വല്‍ ജയിച്ചപ്പോള്‍ നിഖില്‍ സുമലതയോട് പരാജയപ്പെടുകയായിരുന്നു. ഈ തോല്‍വിയ്ക്ക് പിന്നാലെയാണ് നിഖിലിനെ വളരെ പ്രധാനപ്പെട്ട പാര്‍ട്ടി യുവജന വിഭാഗത്തിന്റെ ചുമതല ഏല്‍പ്പിച്ച് നല്‍കിയിരിക്കുന്നത്.

കുമാര സ്വാമി മുഖ്യമന്ത്രിയും എച്ച്.ഡി രേവണ്ണ പി.ഡ.ബ്ല്യൂ.ഡി മന്ത്രിയുമാണ്. കുമാര സ്വാമിയുടെ ഭാര്യ അനിത രാമനഗരയില്‍ നിന്നുള്ള എം.എല്‍.എയാണ്. രേവണ്ണയുടെ ഭാര്യ ഭവാനി ഗ്രാമ പഞ്ചായത്ത് മെമ്പറുമാണ്.

മൂന്നു വര്‍ഷം മുമ്പ് സ്റ്റാലിനും പറഞ്ഞിരുന്നു മക്കളെ ഡി.എം.കെ നേതൃത്വത്തിലേക്ക് കെട്ടിയിറക്കില്ലെന്ന്. ‘എന്റെ മകനോ മരുമകനോ രാഷ്ട്രീയത്തില്‍ പ്രവേശിക്കില്ല, എന്റെ കുടുംബത്തില്‍ നിന്ന് ആരും തന്നെ രാഷ്ട്രീയത്തിലേക്ക് വരില്ലെന്ന് എനിക്ക് ഉറപ്പ് നല്‍കാന്‍ കഴിയും’ വികടന് നല്‍കിയ അഭിമുഖത്തില്‍ സ്റ്റാലിന്‍ പറഞ്ഞിരുന്നു.

ഡി.എം.കെയില്‍ വളരെ പ്രധാനപ്പെട്ട പദവിയാണ് യൂത്ത് വിഭാഗത്തിന്റെ സെക്രട്ടറി പദവി. 1985ല്‍ സ്റ്റാലിനെ പാര്‍ട്ടി നേതൃത്വത്തിലേക്ക് കൊണ്ടു വരാന്‍ ഉണ്ടാക്കിയെടുത്തതായിരുന്നു ഈ പദവി. 30 വര്‍ഷം യൂത്ത് വിങ് സെക്രട്ടറിയായിരുന്ന സ്റ്റാലിന്‍ 2017ലാണ് പദവിയൊഴിഞ്ഞത്. പിന്നീട് വെള്ളക്കോയില്‍ എം.എല്‍.എയായ സാമിനാഥനാണ് ഈ പദവി കൈകാര്യം ചെയ്തത്. ഇപ്പോള്‍ ഉദയനിധി സ്റ്റാലിന്‍ വന്നപ്പോള്‍ സാമിനാഥന്‍ സീറ്റൊഴിഞ്ഞ് കൊടുത്തിരിക്കുകയാണ്.

We use cookies to give you the best possible experience. Learn more