രാജസ്ഥാന്‍ റോയല്‍സിന്റെ നായകനും മലയാളിയുമായ സഞ്ജു സാംസണെ പ്രശംസകൊണ്ടുമൂടി ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസവും രാജസ്ഥാന്റെ പരിശീലകനുമായ കുമാര്‍ സംഗക്കാര.
സഞ്ജു സാംസണ്‍ മികച്ച ഒരു ടി-20 ബാറ്ററാണെന്നും, മത്സരങ്ങള്‍ ഒറ്റയ്ക്ക് ജയിപ്പിക്കാനുള്ള കഴിവ് താരത്തിനുണ്ടെന്നുമാണ് സംഗക്കാര പറയുന്നത്.
റെഡ്ബുള്‍ ക്രിക്കറ്റുമായുള്ള ക്ലബ്ബ് ഹൗസ് ചര്‍ച്ചയ്ക്കിടെയാണ് സംഗക്കാര ഇക്കാര്യം പറയുന്നത്.
‘അവന്‍ മികച്ച ടി-20 താരമാണ്. മത്സരം ഒറ്റയ്ക്ക് ജയിപ്പിക്കാനുള്ള കഴിവ് അവനുണ്ട്. അവനെ എനിക്ക് നന്നായറിയാം. അവന്റെ കഴിവുകളെ ഞാനെന്നും അഭിനന്ദിക്കാറുണ്ട്. കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനും മെച്ചപ്പെടുത്താനും തയ്യാറാവുന്ന മികച്ച ക്യാപ്റ്റന്‍ കൂടിയാണ് സഞ്ജു,’ സംഗക്കാര പറയുന്നു.
നേരത്തെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും സഞ്ജുവിനെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. ഇന്ത്യയ്ക്ക് ഒട്ടനവധി മികച്ച ടി-20 ബാറ്റര്‍മാരുണ്ടെന്നും സഞ്ജു അവരില്‍ ഒരുവനാണെന്നുമാണ് രോഹിത് പറഞ്ഞത്. വരാനിരിക്കുന്ന ടി-20 ലോകകപ്പില്‍ സഞ്ജുവിനെ പോലൊരു താരം ടീമില്‍ ആവശ്യമാണെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ സീസണിലേതെന്ന പോലെ സഞ്ജു തന്നെയാണ് ഈ സീസണിലും രാജസ്ഥാനെ നയിക്കുന്നത്. കാലങ്ങള്‍ക്ക് ശേഷം ശ്രീ ലങ്കയ്‌ക്കെതിരെ ഇന്ത്യന്‍ ജേഴ്‌സിയില്‍ തിരിച്ചെത്തിയതും താരത്തിന്റെ കോണ്‍ഫിഡന്‍സ് ലെവല്‍ അതിഭീകരമായി ഉയര്‍ത്തിയിട്ടുണ്ട്.
ഐ.പി.എല്ലിന്റെ കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനമായിരുന്നു സഞ്ജു കാഴ്ചവെച്ചത്. 14 മത്സരത്തില്‍ നിന്നും 40.33 ശരാശരിയില്‍ 484 റണ്‍സായിരുന്നു നേടിയത്. 136.72 എന്നതായിരുന്നു കഴിഞ്ഞ സീസിലെ താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്.
മാര്‍ച്ച് 29നാണ് രാജസ്ഥാന്റെ ആദ്യ മത്സരം. സണ്‍റൈസേഴ്‌സ് ഹൈദരാഹാദാണ് ടീമിന്റെ എതിരാളികള്‍.