| Thursday, 2nd December 2021, 7:33 pm

ഇതിപ്പൊ ഇത്ര ചിന്തിക്കാനെന്തിരിക്കുന്നു; സഞ്ജുവിനെ നിലനിര്‍ത്തിയതിനെ കുറിച്ച് സംഗക്കാര

സ്പോര്‍ട്സ് ഡെസ്‌ക്

ജയ്പൂര്‍: ഐ.പി.എല്ലിന്റെ പുതിയ സീസണിന് മുന്നോടിയായി രാജസ്ഥാന്‍ റോയല്‍സ് സഞ്ജു സാംസണെ നിലനിര്‍ത്തിയതിനെ ശരിവെച്ച് ടീം ഡയറക്ടര്‍ കുമാര്‍ സംഗക്കാര.

ഇക്കാര്യം ഉറപ്പായിരുന്നെന്നും തലപുകഞ്ഞ് ആലോചിക്കേണ്ട ആവശ്യം ഇല്ലെന്നുമായിരുന്നു സംഗക്കാരയുടെ പ്രതികരണം.

‘പുതുതായി ഒരു ടീം ഡാറ്റാ അനലിറ്റിക്‌സ് ഉണ്ടാക്കിയെടുക്കാന്‍ ഞങ്ങള്‍ ഒരുപാട് കഷ്ടപ്പെട്ടിരുന്നു. സഞ്ജുവിനെ നിലനിര്‍ത്താനും ക്യാപ്റ്റനായി തീരുമാനിക്കാനും ഞങ്ങള്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നിരുന്നില്ല. സഞ്ജു രാജസ്ഥാന്റെ എക്കാലത്തേയും മികച്ച നായകനായിരിക്കും,’ സംഗക്കാര പറയുന്നു.

ടീം പങ്കുവെച്ച വീഡിയോയിലാണ് താരം ഇക്കാര്യം പറയുന്നത്.

സഞ്ജു പ്രഗത്ഭനായ കളിക്കാരനാണെന്നും അദ്ദേഹം രാജസ്ഥാന്റെ മികച്ച സമ്പാദ്യമാണെന്നും സംഗ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമായിരുന്നു ഐ.പി.എല്‍ മെഗാ താരലേലത്തിന് മുന്നോടിയായി രാജസ്ഥാന്‍ സഞ്ജുവിനെ ടീമില്‍ നിലനിര്‍ത്തിയത്. സഞ്ജുവിനൊപ്പം ഇംഗ്ലീഷ് താരം ജോസ് ബട്‌ലറേയും ഇന്ത്യന്‍ യുവതാരം യശസ്വി ജെയ്‌സ്വാളിനെയുമാണ് ടീം പിങ്ക് സിറ്റി നിലനിര്‍ത്തിയത്.

തന്നെ നിലനിര്‍ത്തിയത് മാനേജ്മന്റിന്റെ സ്വാഭാവികമായ നീക്കമായിരുന്നു എന്നായിരുന്നു സഞ്ജുവിന്റെ പ്രതികരണം.

‘സ്വാഭാവികമായൊരു നീക്കമായിരുന്നു അത്. ഞാന്‍ ഐ.പി.എല്‍ കളിച്ചു തുടങ്ങിയത് മുതല്‍ രാജസ്ഥാന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ ഇത് പ്രതീക്ഷിച്ചിരുന്നത് തന്നെയാണ്,’ താരം പറയുന്നു.

ടീമിന്റെ ആദ്യ നിലനിര്‍ത്തലായാണ് ടീം സഞ്ജുവിനെ തെരഞ്ഞെടുത്തത്. 14 കോടി രൂപ നല്‍കിയാണ് തങ്ങളുടെ ക്യാപ്റ്റനെ വീണ്ടും കൂടാരത്തിലെത്തിച്ചിരിക്കുന്നത്.

സഞ്ജുവിനൊപ്പം ജോസ് ബട്ലറേയും യശസ്വി ജെയ്സ്വാളിനേയുമാണ് ടീം നിലനിര്‍ത്തിയിരിക്കുന്നത്. 10 കോടി രൂപ നല്‍കിയാണ് ബട്ലറിനെ രാജസ്ഥാന്‍ നിലനിര്‍ത്തിയിരിക്കുന്നത്. ഇന്ത്യയുടെ റൈസിംഗ് സ്റ്റാറായ യശസ്വിയ്ക്ക് 4 കോടിയാണ് ടീം നല്‍കിയിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Kumar Sangakkara on Rajasthan Royals retaining Sanju Samson ahead of IPL 2022 Mega Auction

We use cookies to give you the best possible experience. Learn more