| Wednesday, 24th April 2019, 1:38 pm

ഗൂഢാലോചന സിദ്ധാന്തങ്ങളില്‍ വീണുപോകരുത്; അയല്‍ക്കാരോട് കാട്ടുന്ന സേ്ഹവും കരുണയും തുടരുക; ശ്രീലങ്കക്കാരോട് കുമാര്‍ സംഗക്കാര

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊളംബോ: ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണത്തെ അപലപിച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് താരം കുമാര്‍ സംഗക്കാര. ആക്രമണവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഗൂഢാലോചന സിദ്ധാന്തങ്ങളില്‍ വീണുപോകരുതെന്ന മുന്നറിയിപ്പും ശ്രീലങ്കന്‍ ജനതയ്ക്ക് അദ്ദേഹം നല്‍കുന്നുണ്ട്. ഫേസ്ബുക്കിലൂടെയാണ് സംഗക്കാരയുടെ പ്രതികരണം.

അങ്ങേയറ്റം ക്രൂരമായ പ്രവൃത്തിയെന്നാണ് സ്‌ഫോടനത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. ‘ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ വേദനയില്‍ പങ്കുചേരുന്നു. പരുക്കേറ്റവര്‍ക്ക് എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചവരുടെയും ചികിത്സിച്ചവരുടേയും കൈകള്‍ക്ക് കൂടുതല്‍ ശക്തിലഭിക്കട്ടെയെന്ന് ഞാന്‍ പ്രത്യാശിക്കുന്നു’ സംഗക്കാര പറയുന്നു.

ഒരുമിച്ച് ദു:ഖം പങ്കിടുന്ന നമ്മള്‍ ശ്രീലങ്കയ്ക്കായി ഒരുമിച്ച് നില്‍ക്കുന്നതില്‍ ശക്തി കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘തോളോട് തോള്‍ ചേര്‍ന്ന്, മനസോട് മനസു ചേര്‍ന്ന് ശ്രീലങ്കയ്ക്കാരായി ഒരുമിച്ച് നിന്ന് നമ്മള്‍ ശക്തരാകണം. ഒരുമിച്ച് നമുക്ക് ശക്തിനേടാം. ‘ അദ്ദേഹം പറഞ്ഞു.

‘മനസു നിറയെ ദു:ഖമുണ്ടെങ്കിലും നമ്മള്‍ വിവേകത്തോടെയും ബുദ്ധിപരമായും പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണ്. എടുത്തുചാടി വിലയിരുത്തലുകളിലോ നിഗമനങ്ങളിലോ എത്തിച്ചേരരുത്. ദു:ഖിക്കാന്‍ നമുക്ക് സമയം നല്‍കാം. യാഥാര്‍ത്ഥ്യം മനസിലാക്കാനും മനസിലാക്കാന്‍ ശ്രമിക്കാനും നമുക്ക് അവസരം നല്‍കാം. പ്രിയപ്പെട്ടവരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ശ്രീലങ്കന്‍ സഹവാസികളാണ് കൊല്ലപ്പെട്ടിരിക്കുന്നത്. നമ്മുടെ രാജ്യത്ത് എത്തിയിരിക്കുന്ന അതിഥികളാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ‘ സംഗക്കാര പറഞ്ഞു.

കുപ്രചരണങ്ങളില്‍ വീണുപോകരുതെന്ന മുന്നറിയിപ്പും അദ്ദേഹം ജനങ്ങള്‍ക്ക് നല്‍കുന്നുണ്ട്. ‘അഭ്യൂഹങ്ങളിലും ഗൂഢാലോചന സിദ്ധാന്തങ്ങളിലും വീണുപോകരുത്. ഇത് കളിയല്ല. നാണംകെട്ട രീതിയില്‍ ഇതിനെ രാഷ്ട്രീയവത്കരിക്കുന്നവരെ അകറ്റിനിര്‍ത്തുക. അധികൃതര്‍ അന്വേഷിക്കട്ടെ, ഭീരുക്കളായ തീവ്രവാദികളെ നീതിയ്ക്കുമുമ്പില്‍ കൊണ്ടുവരട്ടെ’ അദ്ദേഹം പറയുന്നു

‘ദുരിതബാധിതര്‍ക്ക് പിന്തുണയും സ്‌നേഹവും നല്‍കുന്നതിനായിരിക്കണം നമ്മള്‍ ശ്രമിക്കേണ്ടത്. നമ്മുടെ അയല്‍ക്കാരോട് ഇതുവരെ കാണിച്ച കരുണയും ദയയും തുടര്‍ന്നും കാണിക്കുക. എല്ലാവരേയും സുരക്ഷിതമായിരിക്കാന്‍ സഹായിക്കുക. ‘ എന്ന് ആവശ്യപ്പെട്ടാണ് സംഗക്കാര കുറിപ്പ് അവസാനിപ്പിക്കുന്നത്.

ശ്രീലങ്കയില്‍ ഏപ്രില്‍ 21 ഈസ്റ്റര്‍ ദിനത്തിലാണ് വിവിധ ആരാധനാലയങ്ങളിലും വിദേശ ടൂറിസ്റ്റുകള്‍ താമസിക്കുന്ന ഹോട്ടലുകളിലും സ്ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ 359 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ട്. തെക്കേ ഏഷ്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ സ്‌ഫോടനമാണിത്.

സംഭവവുമായി ബന്ധപ്പെട്ട് 18 പേരെ കഴിഞ്ഞദിവസം അറസ്റ്റു ചെയ്തിട്ടുണ്ട്. ഇതോടെ കസ്റ്റഡിയിലെടുത്തവരുടെ എണ്ണം 58 ആയി. സംശയിക്കുന്നവരില്‍ നിരവധി പേര്‍ സ്‌ഫോടക വസ്തുക്കളുമായി പുറത്തുണ്ടെന്നും ശ്രീലങ്കന്‍ പ്രധാനമന്ത്രി മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more