| Monday, 2nd January 2023, 9:30 pm

അവനെ ഫിനിഷര്‍ ആക്കരുത്, പകരം... സഞ്ജുവിനെ ആയുധമാക്കാന്‍ ഇന്ത്യയോട് സംഗക്കാര

സ്പോര്‍ട്സ് ഡെസ്‌ക്

ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിനാണ് കളമൊരുങ്ങുന്നത്. ജനുവരി മൂന്നിന് ആരംഭിക്കുന്ന ശ്രീലങ്കക്കെതിരായ പരമ്പരയോടെയാണ് ഇന്ത്യ തങ്ങളുടെ 2023 ക്യാമ്പെയ്ന്‍ ആരംഭിക്കുന്നത്. മൂന്ന് ഏകദിനവും അത്രതന്നെ ടി-20യുമാണ് ഇന്ത്യ-ശ്രീലങ്ക പരമ്പരയിലുള്ളത്.

മലയാളി താരവും രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനുമായ സഞ്ജു സാംസണും പരമ്പരക്കുള്ള ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇന്ത്യ-ശ്രീലങ്ക ടി-20 പരമ്പരയില്‍ മാത്രമാണ് താരത്തിന് ഇടം നേടാന്‍ സാധിച്ചിട്ടുള്ളത്.

ടി-20 ഫോര്‍മാറ്റില്‍ സഞ്ജുവിന് ഏറ്റവും മികച്ച രീതിയില്‍ ബാറ്റ് ചെയ്യാന്‍ സാധിക്കുന്ന പൊസിഷനെ കുറിച്ച് പറയുകയാണ് ഇതിഹാസ താരവും രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകനുമായ കുമാര്‍ സംഗക്കാര. സഞ്ജുവിനെ നാലാം നമ്പറില്‍ ഇറക്കണമെന്നാണ് സംഗക്കാര ഇന്ത്യയോട് ആവശ്യപ്പെടുന്നത്.

സ്‌പോര്‍ട്‌സ് ടുഡേക്ക് നല്‍കിയ അഭിമുഖത്തിലാണ് സംഗക്കാര ഇക്കാര്യം പറഞ്ഞത്.

‘ടി-20 ക്രിക്കറ്റില്‍ നാലാം നമ്പറിലാണ് അവന് മികച്ച രീതിയില്‍ ബാറ്റ് ചെയ്യാന്‍ സാധിക്കുക. നാലാം നമ്പറിലാണ് അവന്‍ കളിക്കുന്നതെങ്കില്‍ ഏഴ് ഓവര്‍ എറിഞ്ഞ് പൂര്‍ത്തിയായതിന് ശേഷമാണ് അവന്‍ കളത്തിലിറങ്ങുക,’ സംഗ പറയുന്നു.

‘അവന് ഏത് പൊസിഷനിലും അനായാസം ബാറ്റ് ചെയ്യാന്‍ സാധിക്കും. ഇന്ത്യന്‍ ടീമിലെത്തിയാല്‍ അവന്‍ പൊസിഷന്‍ മാറി ബാറ്റ് ചെയ്യേണ്ടതായി വരുമെന്നാണ് എനിക്ക് തോന്നുന്നത്.

മികച്ച ബാറ്റിങ് പവറും ടച്ചും ഒപ്പം മികച്ച ക്രിക്കറ്റ് ബ്രെയിനും സഞ്ജുവിനുണ്ട്. ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളെ എങ്ങനെ മറികടക്കണമെന്ന് അവന്‍ മനസിലാക്കുന്നു. നിങ്ങള്‍ക്ക് അവനെ എവിടെ വേണമെങ്കിലും സ്ലോട്ട് ചെയ്യാം, അവന്‍ എവിടെയും ബാറ്റ് ചെയ്യും,’ സംഗക്കാര കൂട്ടിച്ചേര്‍ത്തു.

മൂന്ന് ടി-20കളാണ് ഇന്ത്യ-ശ്രീലങ്ക പരമ്പരയിലുള്ളത്. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ വെച്ചാണ് പരമ്പരയിലെ ആദ്യ മത്സരം.

ജനുവരി അഞ്ചിന് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ വെച്ച് പരമ്പരയിലെ രണ്ടാം മത്സരവും ജനുവരി ഏഴിന് സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ വെച്ച് മൂന്നാം മത്സരവും നടക്കും.

ഇതിന് ശേഷം ജനുവരി പത്തിനാണ് ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ഏകദിന പരമ്പര ആരംഭിക്കുന്നത്.

ഇന്ത്യ ടി-20 സ്‌ക്വാഡ്

ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ് (വൈസ് ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മന്‍ ഗില്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, സഞ്ജു സാംസണ്‍, വാഷിങ്ടണ്‍ സുന്ദര്‍, യൂസ്വേന്ദ്ര ചഹല്‍, അക്സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, ഹര്‍ഷല്‍ പട്ടേല്‍, ഉമ്രാന്‍ മാലിക്, ശിവം മാവി, മുകേഷ് കുമാര്‍.

Content Highlight: Kumar Sangakkara about Sanju Samson’s ideal batting position in T20

We use cookies to give you the best possible experience. Learn more