| Wednesday, 4th January 2023, 8:28 pm

2023 ലോകകപ്പ്; ഇന്ത്യയോ പാകിസ്ഥാനോ ശ്രീലങ്കയോ ഫേവറിറ്റുകളാകില്ല, കാരണം 'ഇന്ത്യ'; തുറന്നടിച്ച് സംഗക്കാര

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ വര്‍ഷത്തെ ടി-20 ലോകകപ്പിന് ശേഷം 2023ല്‍ ഇന്ത്യയില്‍ വെച്ച് നടക്കുന്ന ഐ.സി.സി ഏകദിന ലോകകപ്പാണ് ക്രിക്കറ്റില്‍ ഇനി നടക്കാനിരിക്കുന്ന ഗ്ലോബല്‍ ഇവന്റ്. ഇന്ത്യയാണ് 2023 ലോകകപ്പിന് വേദിയാകുന്നത്.

2011ന് ശേഷം ഇതാദ്യമായാണ് ലോകകപ്പ് ഇന്ത്യന്‍ മണ്ണിലേക്കെത്തുന്നത്. അന്ന് ഫൈനലില്‍ ശ്രീലങ്കയെ തോല്‍പിച്ചായിരുന്നു ഇന്ത്യ രണ്ടാം തവണ ക്രിക്കറ്റ് ലോകത്തിന്റെ നെറുകയിലെത്തിയത്.

എന്നാല്‍ പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം ക്രിക്കറ്റില്‍ പ്രകടമായ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നും 2023 ലോകകപ്പില്‍ ഇന്ത്യയോ പാകിസ്ഥാനോ ഫേവറിറ്റുകളാകില്ലെന്നും പറയുകയാണ് മുന്‍ ശ്രീലങ്കന്‍ നായകനും ക്രിക്കറ്റ് ഇതിഹാസമായ കുമാര്‍ സംഗക്കാര.

സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ചാറ്റ് ഷോക്കിടെയായിരുന്നു താരത്തിന്റെ പരാമര്‍ശം.

‘2011ന് ശേഷം ക്രിക്കറ്റ് ഏറെ മാറിയിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ഏഷ്യന്‍ കണ്ടീഷനുകള്‍ സബ്‌കോണ്ടിനെന്റ് ടീമുകളെ മാത്രമല്ല ഇപ്പോള്‍ തുണയ്ക്കുന്നത്.

എന്നാല്‍ വര്‍ഷങ്ങളായി ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും ഓസ്‌ട്രേലിയയും സബ്‌കോണ്ടിനെന്റ് ടീമുകളേക്കാള്‍ മികച്ച രീതിയില്‍ സ്പിന്‍ സാഹചര്യങ്ങളെ നേരിടാന്‍ പഠിച്ചു എന്നാണ് ഞാന്‍ കരുതുന്നത്,’ താരം പറഞ്ഞു.

ഇത്തരത്തില്‍ സ്പിന്‍ ആക്രമണങ്ങനെ നേരിടാന്‍ വിദേശ താരങ്ങള്‍ പഠിച്ചത് ഐ.പി.എല്ലിലൂടെയാണെന്നും സംഗ കൂട്ടിച്ചേര്‍ത്തു.

‘റിവേഴ്‌സ് സ്വീപ്പുകളും പാഡില്‍ ഷോട്ടുകളും സ്വീപ്പുകളുമെല്ലമാണ് പുതിയ സ്‌ട്രോക്കുകള്‍. ഇതെല്ലാം കളിക്കാനും പ്രാക്ടീസ് ചെയ്യാനും ഐ.പി.എല്‍ ഏറെ സഹായിച്ചിട്ടുണ്ട്,’ സംഗക്കാര കൂട്ടിച്ചേര്‍ത്തു.

ഗ്ലെന്‍ മാക്‌സ്‌വെല്‍, ജോണി ബെയര്‍സ്‌റ്റോ തുടങ്ങിയ താരങ്ങളെല്ലാം തന്നെ ഇത്തരത്തില്‍ മികച്ച രീതിയില്‍ സ്പിന്‍ ബൗളേഴ്‌സിനെ ആക്രമിച്ചു കളിക്കുന്നവരാണ്.

ഇന്ത്യന്‍ ടീമിന്റെ പ്രധാന താരങ്ങളൊന്നും തന്നെ 2023 ലോകകപ്പ് വരെയെങ്കിലും ഒറ്റ ഏകദിന മത്സരവും ഒഴിവാക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ഒക്ടോബര്‍ പത്തിനാണ് ഐ.സി.സി ഏകദിന ലോകകപ്പ് ആരംഭിക്കുന്നത്. നവംബര്‍ 26നാണ് ഫൈനല്‍ മത്സരം.

Content Highlight: Kumar Sangakkara about 2023 world cup

We use cookies to give you the best possible experience. Learn more