വിരമിച്ചിട്ടും വീണ്ടും ക്രിക്കറ്റ് കളിക്കാൻ എന്നെ സഹായിച്ചത് സഞ്ജുവാണ്: സംഗക്കാര
Cricket
വിരമിച്ചിട്ടും വീണ്ടും ക്രിക്കറ്റ് കളിക്കാൻ എന്നെ സഹായിച്ചത് സഞ്ജുവാണ്: സംഗക്കാര
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 18th July 2024, 8:00 am

ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സംഗക്കാരയും മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണും തമ്മിലുള്ള അടുത്ത ബന്ധമാണ് ഉള്ളത്. രാജസ്ഥാന്‍ റോയല്‍സിന്റെ ക്രിക്കറ്റ് ഡയറക്ടര്‍ എന്ന നിലയില്‍ സഞ്ജുവിനൊപ്പം കളിക്കളത്തിലും പുറത്തും മികച്ച ബന്ധമാണ് സംഗക്കാര പുലര്‍ത്തുന്നത്.

ഇപ്പോഴിതാ സഞ്ജു സാംസണിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സംഗക്കാര. ക്രിക്കറ്റില്‍ നിന്നും വിരമിച്ചതിനുശേഷം സ്വന്തമായി കിറ്റ് ഇല്ലാത്തതിനാല്‍ സഞ്ജുവിന്റെ ബാറ്റ് ആണ് താന്‍ കളിക്കാന്‍ ഉപയോഗിച്ചത് എന്നാണ് ലങ്കന്‍ ഇതിഹാസം പറഞ്ഞത്.

ഈ വര്‍ഷം ആദ്യം യു.കെയില്‍ ആയിരുന്നു സംഗക്കാര ക്രിക്കറ്റ് കളിച്ചത്. ഇതില്‍ കളിക്കുന്നതിനായി സഞ്ജു തനിക്ക് രണ്ട് ബാറ്റുകള്‍ നല്‍കിയെന്നാണ് സംഗക്കാര പറഞ്ഞത്. രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ അക്കൗണ്ടിലൂടെ പങ്കുവെച്ച വീഡിയോയിലാണ് സംഗക്കാര ഇക്കാര്യം പറഞ്ഞത്.

‘എനിക്ക് ക്രിക്കറ്റ് കളിക്കാന്‍ സഞ്ജുവിന്റെ രണ്ട് ബാറ്റുകള്‍ ആണ് എനിക്കുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ രണ്ടു ബാറ്റുകള്‍ എനിക്ക് നല്‍കാന്‍ അദ്ദേഹം തയ്യാറായി.  ക്രിക്കറ്റില്‍ നിന്നും വിരമിച്ചതിനുശേഷം എന്റെ കയ്യില്‍ ഒന്നുമില്ലായിരുന്നു അതിനാല്‍ എനിക്ക് ആദ്യം മുതല്‍ എല്ലാം ചെയ്യേണ്ടി വന്നു. യൂസി, നിങ്ങള്‍ എനിക്ക് ചില കിറ്റുകള്‍ വാഗ്ദാനം ചെയ്തിരുന്നു. അതിനുവേണ്ടിയാണ് ഞാന്‍ കാത്തിരിക്കുന്നത്,’ കുമാര്‍ സംഗക്കാര പറഞ്ഞു.

ഈ വീഡിയോ കണ്ടതിന് ശേഷം രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ ഹൃദയസ്പർശിയായി മറുപടി നൽകിയിരുന്നു. ‘കുമാര്‍ സംഗക്കാര എന്റെ ബാറ്റ് ഉപയോഗിച്ചു, ഇതൊരു സ്വപ്നമാണ്,’ സഞ്ജു സംഗയുടെ വീഡിയോക്ക് കണ്ടതിന് ശേഷം സോഷ്യൽ മീഡിയയിൽ കുറിച്ചു.

അതേസമയം ലോകകപ്പിന് പിന്നാലെ നടന്ന സിംബാബ്‌വേക്കെതിരെയുള്ള അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയിയില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ ആയിട്ടായിരുന്നു സഞ്ജു കളത്തിലിറങ്ങിയത്. ആദ്യ രണ്ടു മത്സരങ്ങളില്‍ ടീമിന്റെ ഭാഗമാവാന്‍ മലയാളി താരത്തിന് സാധിച്ചിരുന്നില്ല.

അവസാന മത്സരത്തില്‍ അര്‍ധസെഞ്ച്വറി നേടികൊണ്ട് തകര്‍പ്പന്‍ പ്രകടനമായിരുന്നു സഞ്ജു നടത്തിയത്. 45 പന്തില്‍ 58 റണ്‍സാണ് സഞ്ജു നേടിയത്. നാല് കൂറ്റന്‍ സിക്സുകളും ഒരു ഫോറുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ഇതിന് പിന്നാലെ ടി-20യില്‍ സിംബാബ്‌വേക്കെതിരെ ഫിഫ്റ്റി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറായി മാറാനും സഞ്ജുവിന് സാധിച്ചു.

ഇനി ഇന്ത്യയുടെ മുന്നിലുള്ളത് ശ്രീലങ്കന്‍ പര്യടനമാണ്. ജൂലൈ 27 മുതല്‍ ഓഗസ്റ്റ് ഏഴ് വരെയാണ് പരമ്പര ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. മൂന്ന് ടി-20യും ഏകദിനവുമാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക. ഈ പരമ്പരയിലും സഞ്ജു ഇന്ത്യൻ ടീമിന്റെ ഭാഗമായേക്കും.

 

Content Highlight: Kumar Sangakara Talks About Sanju Samson