|

അവൻ മികച്ച താരമാണ്. അവന്റെ ബാറ്റിങ് കണാൻ ഞാൻ ഇഷ്ടപ്പെടുന്നു: സംഗക്കാര

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ട് സൂപ്പര്‍താരം ഹാരി ബ്രൂക്കിനെ പ്രശംസിച്ചുകൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ് ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സംഗക്കാര. ബ്രൂക് മികച്ച താരമാണെന്നും ഇംഗ്ലണ്ട് താരത്തിന്റെ ബാറ്റിങ് കാണുന്നത് തനിക്ക് ഇഷ്ടമാണെന്നുമാണ് ശ്രീലങ്കന്‍ ഇതിഹാസം പറഞ്ഞത്. സ്‌കൈ സ്‌പോര്‍ട്‌സിലൂടെ സംസാരിക്കുകയായിരുന്നു കുമാര്‍ സംഗക്കാര.

‘അദ്ദേഹം ഒരു നല്ല കളിക്കാരനാണ്. അവന്‍ ബാറ്റ് ചെയ്യുന്നത് കാണാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. അവന്‍ ബാറ്റ് ചെയ്യുമ്പോഴുള്ള ടെക്‌നിക്കും അവന്‍ ബാറ്റ് ചെയ്യുന്ന രീതിയും കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവന്‍ എപ്പോഴും റണ്‍സ് നേടുന്നതിനെകുറിച്ചാണ് ചിന്തിക്കുന്നത്. എങ്ങനെ ക്രിക്കറ്റ് കളിക്കണം എന്നതിനെക്കുറിച്ച് ബ്രൂകിന് കൃത്യമായ ഒരു അവബോധമുണ്ട്,’ കുമാര്‍ സംഗക്കാര പറഞ്ഞു.

2022ലാണ് ഹാരി ബ്രൂക് ഇംഗ്ലണ്ടിനായി അരങ്ങേറ്റം കുറിച്ചത്. ഇംഗ്ലണ്ടിന്റെ പുതിയ ബാസ് ബോള്‍ കളിശൈലിയില്‍ വലിയ സ്വാധീനം ചെലുത്തിയ താരമാണ് ബ്രൂക്. ഇംഗ്ലണ്ടിനായി 15 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 1378 റണ്‍സാണ് ബ്രൂക് നേടിയത്. അഞ്ച് സെഞ്ച്വറികളും എട്ട് അര്‍ധസെഞ്ച്വറികളുമാണ് താരം ടെസ്റ്റില്‍ നേടിയിട്ടുള്ളത്.

ഒരു വര്‍ഷത്തിനുശേഷം ഏകദിനത്തില്‍ അരങ്ങേറിയ ബ്രൂക് 15 മത്സരങ്ങളില്‍ നിന്നും മൂന്ന് അര്‍ധ സെഞ്ച്വറികള്‍ ഉള്‍പ്പെടെ 407 റണ്‍സും ടി-20യില്‍ 39 മത്സരങ്ങളില്‍ നിന്നും 707 റണ്‍സും നേടി. കുട്ടിക്രിക്കറ്റില്‍ മൂന്ന് അര്‍ധസെഞ്ച്വറികളാണ് താരത്തിന്റ അക്കൗണ്ടിലുള്ളത്.

നിലവില്‍ ശ്രീലങ്കക്കെതിരെയുള്ള മൂന്ന് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലാണ് ബ്രൂക്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 236 റണ്‍സിന് പുറത്താവുകയായിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനായി അര്‍ധസെഞ്ച്വറി നേടിയാണ് ബ്രൂക് തിളങ്ങിയത്. 73 പന്തില്‍ 56 റണ്‍സാണ് താരം നേടിയത്. നാല് ഫോറുകളാണ് ബ്രൂക്കിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

Content Highlight: Kumar Sangakara Talks About Harry Brook