ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ പരാജയപ്പെടുത്തി രാജസ്ഥാന്‍ റോയല്‍സ് സീസണിലെ നാലാം വിജയം ആഘോഷിച്ചിരുന്നു. ടൈറ്റന്‍സിന്റെ ഹോം ഗ്രൗണ്ടില്‍ വെച്ച് നടന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റിനായിരുന്നു രാജസ്ഥാന്റെ വിജയം.
ഐ.പി.എല്ലില്‍ ഇതാദ്യമായാണ് രാജസ്ഥാന്‍ റോയല്‍സ് ഗുജറാത്ത് ടൈറ്റന്‍സിനോട് വിജയിക്കുന്നത്. കഴിഞ്ഞ സീസണിലെ ഫൈനലില്‍ അടക്കം മൂന്ന് തവണയാണ് ടൈറ്റന്‍സ് പിങ്ക് പടയെ തകര്‍ത്തെറിഞ്ഞത്.
ടോസ് നേടിയ സാംസണ്‍ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യ ഓവറില്‍ തന്നെ വൃദ്ധിമാന്‍ സാഹയെ നഷ്ടമായ ടൈറ്റന്‍സിന് അധികം വൈകാതെ സായ് സുദര്‍ശനെയും നഷ്ടമായി.
എന്നാല്‍ ശുഭ്മന്‍ ഗില്‍, ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയെയും ഡേവിഡ് മില്ലറിനെയും കൂട്ടുപിടിച്ച് സ്‌കോര്‍ ഉയര്‍ത്തി. ഇവര്‍ക്ക് പുറമെ അഭിഷേക് ശര്‍മയുടെ ഇന്‍സ്റ്റന്റ് വെടിക്കെട്ടുമായപ്പോള്‍ ടൈറ്റന്‍സ് 177 റണ്‍സിലേക്കുയര്‍ന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് വളരെ മോശം തുടക്കമായിരുന്നു ലഭിച്ചത്. ടീം സ്‌കോര്‍ നാലില്‍ നില്‍ക്കവെ ഓപ്പണര്‍ യശസ്വി ജെയ്‌സ്വാളിനെയും ജോസ് ബട്‌ലറിനെയും രാജസ്ഥാന് നഷ്ടമായി. ഏഴ് പന്തില്‍ നിന്നും ഒറ്റ റണ്‍സുമായി ജെയ്‌സ്വാള്‍ മടങ്ങിയപ്പോള്‍ അഞ്ച് പന്ത് നേരിട്ട് ഒറ്റ റണ്‍സ് പോലും നേടാന്‍ സാധിക്കാതെയാണ് ബട്‌ലര്‍ പുറത്തായത്.
T. I. M. B. E. R!
Huge Wicket for @gujarat_titans! 👏 👏@MdShami11 with his first wicket of the match! 👍 👍#RR 2 down as Jos Buttler departs.
റോയല്‍സ് ഇന്നിങ്‌സിന്റെ 13ാം ഓവറിലായിരുന്നു രാജസ്ഥാന്‍ റോയല്‍സ് മത്സരത്തിലേക്ക് തിരിച്ചുവരുന്നതിന്റെ സൂചനകള്‍ നല്‍കിയത്. 13ാം ഓവര്‍ പന്തെറിയാനെത്തിയ ലോകത്തിലെ ഏറ്റവും മികച്ച ടി-20 സ്പിന്നറായ റാഷിദ് ഖാനെ തുടര്‍ച്ചയായി മൂന്ന് സിക്‌സറിന് പറത്തിയാണ് സഞ്ജു രാജസ്ഥാനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. യഥാര്‍ത്ഥത്തില്‍ മത്സരം ടൈറ്റന്‍സിന്റെ കയ്യില്‍ നിന്നും വഴുതി മാറിയതും ഇവിടം മുതല്‍ക്കായിരുന്നു.
Attack MODE 🔛! @IamSanjuSamson took on Rashid Khan & how 👌 👌
മത്സരശേഷമുള്ള ടീം മീറ്റിങ്ങില്‍ സഞ്ജുവിന്റെ ഈ സിക്‌സറുകളെ കുറിച്ച് ക്രിക്കറ്റ് ഇതിഹാസവും രാജസ്ഥാന്റെ പരിശീലകനുമായ കുമാര്‍ സംഗക്കാര എടുത്ത് പറഞ്ഞിരുന്നു.
‘ക്യാപ്റ്റന്‍, നിങ്ങള്‍ റാഷിദ് ഖാനെതിരെ വളരെ മികച്ച പ്രകടനമാണ് നടത്തിയത്. ലോകത്തിലെ ഏറ്റവും മികച്ച ബൗളരെ ഒരു ഓവറില്‍ തന്നെ മൂന്ന് തവണയാണ് സിക്‌സറിന് പറത്തിയത്. നീ കളിക്കളത്തിലുണ്ടെങ്കില്‍ എന്തും സാധ്യമാകുമെന്നാണ് ഇത് വ്യക്തമാക്കുന്നത്. പന്തെറിയുന്നത് ആരുമാകട്ടെ, റാഷിദ് ഖാനോ ഷെയ്ന്‍ വോണോ മുത്തയ്യ മുരളീധരനോ ആകട്ടെ എന്തും സാധ്യമാണ്. നീ മികച്ച ഫോമിലാണെങ്കില്‍ എതിരാളികള്‍ ആരുതന്നെ ആയാലും നമുക്ക് അതിന് സാധിക്കും,’ സംഗ പറഞ്ഞു.
കഴിഞ്ഞ മത്സരത്തിലെ വിജയത്തിന് പിന്നാലെ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താനും റോയല്‍സിനായി. അഞ്ച് മത്സരത്തില്‍ നിന്നും നാല് വിജയവും ഒരു തോല്‍വിയുമായി എട്ട് പോയിന്റാണ് റോയല്‍സിനുള്ളത്.
ഏപ്രില്‍ 19നാണ് രാജസ്ഥാന്റെ അടുത്ത മത്സരം. ജയ്പൂരിലെ തങ്ങളുടെ തട്ടകമായ സ്വായി മാന്‍സിങ് സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് എതിരാളികള്‍.