| Sunday, 14th July 2019, 9:35 pm

കലാശപ്പോരില്‍ പിഴച്ച് അമ്പയര്‍മാര്‍; ധര്‍മസേനയും എറാസ്മസും വരുത്തിയത് മൂന്ന് പിഴവുകള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ലണ്ടന്‍: മനുഷ്യന്മാരല്ലേ, പിഴവുകളുണ്ടാകാം. അമ്പയര്‍മാര്‍ക്കുണ്ടാവുന്ന പിഴവുകളെ മുന്‍പ് പലതവണ നിസ്സാരവത്കരിച്ചിട്ടുണ്ട്. പക്ഷേ ഇത്തവണ ലോകകപ്പ് ഫൈനലിന്റെ ശോഭ കെടുത്തും വിധമാണ് അമ്പയര്‍മാരുടെ പിഴവുകളുണ്ടായിരിക്കുന്നത്.

ഇംഗ്ലണ്ടും ന്യൂസിലന്‍ഡിലും തമ്മിലുള്ള കലാശപ്പോരാട്ടം നിയന്ത്രിക്കാന്‍ ഐ.സി.സി ഏര്‍പ്പെടുത്തിയത് കുമാര്‍ ധര്‍മസേനയെയും മറൈസ് എറാസ്മസിനെയുമാണ്. ഇന്ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ലഭ്യമായ ഏറ്റവും നല്ല അമ്പയര്‍മാരാണ് ഇരുവരും.

എന്നാല്‍ കളിയാരംഭിച്ച് മൂന്നാം ഓവറില്‍ത്തന്നെ സംഭവിച്ചു പിഴവ്. കിവീസിന്റെ ഇന്നിങ്‌സിലെ മൂന്നാം ഓവറിലെ മൂന്നാം പന്തില്‍ എല്‍.ബിക്ക് ഒരു അപ്പീല്‍. ക്രിസ് വോക്ക്‌സായിരുന്നു ബൗളര്‍. ബാറ്റ്‌സ്മാന്‍ നിക്കോള്‍സ് ഔട്ടെന്ന് അമ്പയര്‍ ധര്‍മസേന വിധിച്ചു. എന്നാല്‍ നിക്കോള്‍സ് റിവ്യൂ നല്‍കി. അത് എല്‍.ബി ആയിരുന്നില്ലെന്ന് റിവ്യൂയില്‍ വ്യക്തമായി. അങ്ങനെ നിക്കോള്‍സ് ക്രീസില്‍ത്തന്നെ നില്‍ക്കുകയും കിവീസിനു വേണ്ടി 55 റണ്‍സ് നേടുകയും ചെയ്തു.

അടുത്ത പിഴവ് സംഭവിച്ചത് 23-ാം ഓവറിലാണ്. അതും പറ്റിയത് ധര്‍മസേനയ്ക്ക്. ലിയാം പ്ലങ്കറ്റിന്റെ പന്തില്‍ കെയ്ന്‍ വില്യംസണെ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ ക്യാച്ച് എടുത്തു. എന്നാല്‍ അമ്പയര്‍ ഔട്ട് നല്‍കിയില്ല. അതോടെ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗന്‍ റിവ്യൂ നല്‍കി. അതോടെ വില്യംസണ്‍ ഔട്ട് ആണെന്നു തെളിഞ്ഞു.

അടുത്ത പിഴവ് എറാസ്മസിനായിരുന്നു. അമ്പയറുടെ പിഴവില്‍ കിവീസിന് നഷ്ടമായത് നിര്‍ണായകവിക്കറ്റ്. 34-ാം ഓവറിലെ ആദ്യ പന്തില്‍ റോസ് ടെയ്‌ലര്‍ പുറത്തായി. മാര്‍ക്ക് വുഡ്ഡിന്റെ പന്തില്‍ 15 റണ്‍സെടുത്ത ടെയ്‌ലര്‍ എല്‍.ബി ആയി. റിവ്യു ബാക്കിയില്ലാത്തതിനാല്‍ ടെയ്‌ലര്‍ക്ക് ക്രീസ് വിടേണ്ടിവന്നു. എന്നാല്‍ റീപ്ലേയില്‍ അത് ഔട്ടല്ലെന്നു തെളിഞ്ഞെങ്കിലും കാര്യമുണ്ടായില്ല. ഇന്നിങ്‌സിന്റെ തുടക്കത്തില്‍ മാര്‍ട്ടിന്‍ ഗുപ്ടിലിന്റെ റിവ്യൂ കിവീസ് നഷ്ടപ്പെടുത്തിയിരുന്നു.

ഓസീസിനെതിരായ സെമിയില്‍ ഇംഗ്ലീഷ് താരം ജേസണ്‍ റോയിയും ഇത്തരത്തില്‍ തെറ്റായ തീരുമാനത്തില്‍ പുറത്തായിരുന്നു. അപ്പോഴും അമ്പയര്‍ ധര്‍മസേനയായിരുന്നു. പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ അലക്‌സ് കാരി ക്യാച്ചെടുക്കുകയായിരുന്നു. എന്നാല്‍ പന്ത് റോയിയുടെ ബാറ്റിലോ ഗ്ലൗവിലോ തട്ടിയില്ലെന്ന് റീപ്ലേയില്‍ തെളിഞ്ഞു.

We use cookies to give you the best possible experience. Learn more