ഫൈനലില്‍ തോറ്റ ക്യാപ്റ്റന്‍മാര്‍ എന്നും ഇങ്ങേരുടെ പ്രിയപ്പെട്ടവരായിരുന്നു; പതിവ് തെറ്റിക്കാതെ കുമാര്‍ ധര്‍മസേന; ഇത് വല്ല നേര്‍ച്ചയുമാണോ എന്ന് സോഷ്യല്‍ മീഡിയ
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഓസീസിനോട് തോറ്റ് ഐ.സി.സി കിരീടം എന്ന മോഹം ബാക്കിയാക്കിയാണ് ഇന്ത്യ ഓവലില്‍ നിന്നും മടങ്ങുന്നത്. 209 റണ്‍സിന്റെ വന്‍ മാര്‍ജിനിലുള്ള തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്.
തുടര്‍ച്ചയായ രണ്ടാം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലാണ് ഇന്ത്യ പരാജയപ്പെടുന്നത്. 2019-21 സൈക്കിളില്‍ കിവീസിനോട് തോല്‍വി വഴങ്ങിയ ഇന്ത്യ 2021-23 സൈക്കിളിന്റെ ഫൈനലില്‍ കങ്കാരുക്കളോടും തോല്‍വി ആവര്‍ത്തിച്ചു.
2013ന് ശേഷം പല ഫൈനലുകളും കളിച്ചെങ്കിലും കിരീടം മാത്രം ഇന്ത്യയില്‍ നിന്നും അകന്നുനിന്നു. 2014 ടി-20 ലോകകപ്പിന്റെ ഫൈനല്‍ മുതല്‍ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023ന്റെ ഫൈനല്‍ വരെ എട്ട് നോക്ക് ഔട്ട് മത്സരങ്ങളിലാണ് ഇന്ത്യ പരാജയപ്പെട്ടത്.
ഇന്ത്യയുടെ പരാജയത്തിനൊപ്പം തന്നെ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായ സംഭവമാണ് അമ്പയര്‍ കുമാര്‍ ധര്‍മസേനയുടെ സെല്‍ഫി. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ റിസര്‍വ് അമ്പയറായിരുന്ന ധര്‍മസേന ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മക്കൊപ്പം എടുത്ത സെല്‍ഫിയാണ് ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്.
ഒരു സാധാരണ സെല്‍ഫിയാണ് മുന്‍ ശ്രീലങ്കന്‍ താരം കൂടിയായ ധര്‍മസേന എടുത്തത്. എന്നാല്‍ ചിത്രത്തേക്കാളേറെ അദ്ദേഹത്തിന്റെ ശീലമാണ് ചര്‍ച്ചയാകുന്നത്.
ടൂര്‍ണമെന്റുകളുടെ ഫൈനലില്‍ തോറ്റ ടീമിന്റെ ക്യാപ്റ്റന്‍മാര്‍ക്കൊപ്പമാണ് അദ്ദേഹം സെല്‍ഫിയെടുക്കാറുള്ളത്. 2019ല്‍ ന്യൂസിലാന്‍ഡ് ടീമിനൊപ്പവും 2022ല്‍ ബാബര്‍ അസത്തിനൊപ്പവും അദ്ദേഹമെടുത്ത സെല്‍ഫികള്‍ ചര്‍ച്ചയായിരുന്നു.
2019ല്‍ ബൗണ്ടറികളെണ്ണി ഇംഗ്ലണ്ടിനെ വിജയിയായി പ്രഖ്യാപിച്ചപ്പോള്‍ സങ്കടപ്പെട്ടിരിക്കുന്ന ന്യൂസിലാന്‍ഡ് ടീമിനൊപ്പമുള്ള സെല്‍ഫിയാണ് അന്ന് അദ്ദേഹം എടുത്തത്. ന്യൂസിലാന്‍ഡ് പേസര്‍ ട്രെന്റ് ബോള്‍ട്ടിന്റെ മുഖം മാത്രമാണ് ധര്‍മസേനക്കൊപ്പം സെല്‍ഫിയിലുണ്ടായിരുന്നത്. സ്വതവേ പ്രസന്നവദനനായ ധര്‍മസേനയുടെ സങ്കടപ്പെട്ട മുഖഭാവവും അന്ന് ഏറെ ചര്‍ച്ചയായിരുന്നു. ശേഷം 2022 ടി-20 ലോകകപ്പില്‍ ഇംഗ്ലണ്ടിനോട് തോറ്റ പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിനൊപ്പം ചിരിക്കുന്ന സെല്‍ഫിയും അദ്ദേഹം എടുത്തിരുന്നു.
ഇതിലെ പുതിയ സെല്‍ഫിയാണ് അദ്ദേഹം രോഹിത് ശര്‍മക്കൊപ്പം എടുത്തത്.
ഈ ചിത്രത്തിന് പിന്നാലെ സോഷ്യല്‍ മീഡിയിയല്‍ ചര്‍ച്ചകളും സജീവമാവുകയാണ്. തോറ്റ നായകന്‍മാര്‍ക്കൊപ്പം ചിത്രമെടുക്കാന്‍ അദ്ദേഹത്തിന് ഇത്രയും ഇഷ്ടമാണോ എന്നും ഇത് വല്ല നേര്‍ച്ചയുമാണോ എന്നുമെല്ലാം ആരാധകര്‍ ചോദിക്കുന്നുണ്ട്.
വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് പിന്നാലെ ഈ വര്‍ഷം തന്നെ ഏകദിന ലോകകപ്പും വരുന്നുണ്ടെന്നും, ഏത് ക്യാപ്റ്റനായിരിക്കും ധര്‍മസേനക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ഭാഗ്യം കിട്ടുക എന്ന് ചോദിക്കുന്നവരും കുറവല്ല.