ഇംഗ്ലണ്ടിന് ആറ് റണ്‍സ് കൊടുത്തതില്‍ പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് അംപയര്‍ കുമാര്‍ ധര്‍മ്മസേന
ലോകകപ്പ് ഫൈനലിലെ അവസാന ഓവറില്‍ ഇംഗ്ലണ്ടിന് ആറ് റണ്‍സ് അനുവദിച്ച സംഭവത്തില്‍ പിഴവ് സംഭവിച്ചിട്ടുണ്ടെന്നും അഞ്ച് റണ്‍സ് മാത്രമാണ് നല്‍കേണ്ടിയിരുന്നതെന്നും തുറന്നു പറഞ്ഞ് അംപയര്‍ കുമാര്‍ ധര്‍മ്മസേന. സണ്‍ഡേ ടൈംസിനോടാണ് ധര്‍മ്മസേനയുടെ വെളിപ്പെടുത്തല്‍. അതേസമയം തീരുമാനമെടുത്തതില്‍ ഖേദമില്ലെന്നും ധര്‍മ്മസേന പറയുന്നുണ്ട്.
‘ഇപ്പോള്‍ ടിവി റിപ്ലേകള്‍ കാണുമ്പോള്‍ പിശക് പറ്റിയതായി മനസിലായി. പക്ഷെ ഞങ്ങള്‍ക്ക് ഗ്രൗണ്ടില്‍ ഈ ടിവി റിപ്ലേകളുടെ ആഡംബരമൊന്നുമില്ലല്ലോ. ഞാനെടുത്ത തീരുമാനത്തില്‍ ഒരിക്കലും ഖേദിക്കുന്നില്ല. ആ സമയത്ത് ഞാനെടുത്ത തീരുമാനത്തില്‍ ഐ.സി.സി എന്നെ പ്രശംസിക്കുകയാണ് ചെയ്തത്.
ലെഗ് അംപയറുമായി കമ്മ്യൂണിക്കേഷന്‍ സിസ്റ്റം വഴി ഞാന്‍ ആശയ വിനിമയം നടത്തിയിരുന്നു. മറ്റ് അംപയര്‍മാര്‍ക്കും മാച്ച് റഫറിയ്ക്കും ഇത് കേള്‍ക്കാന്‍ സാധിക്കും. അവര്‍ക്ക് ടിവി റീപ്ലേകള്‍ പരിശോധിക്കാന്‍ കഴിയില്ല, ബാറ്റ്‌സ്മാന്‍ റണ്‍സ് തികച്ചുവെന്ന സന്ദേശമാണ് എനിക്ക് ലഭിച്ചത്. അപ്പോഴാണ് ഞാന്‍ തീരുമാനമെടുത്തത്.
ഐ.സി.സി നിയമം 19.8 പ്രകാരം ക്രീസിലുണ്ടായിരുന്ന ബെന്‍സ്റ്റോക്ക്‌സും ആദില്‍ റഷീദും ഗുപ്ടില്‍ ത്രോ ചെയ്യുന്നതിന് മുമ്പ് തന്നെ ക്രീസില്‍ എത്തിയിരിക്കണമെന്നാണ്്. എന്നാല്‍ ക്രീസില്‍ എത്തുന്നതിന് മുമ്പാണ് സ്റ്റോക്ക്‌സിന്റെ ബാറ്റില്‍ തട്ടി പന്ത് ബൗണ്ടറി കടന്നത്.