ഒറ്റക്കളിയില്‍ ദാദയെ പിന്നിലാക്കി കുല്‍ദീപ്; ഒന്നാം സ്ഥാനത്തിനായി മുന്നിലുള്ളത് സെവാഗ് മാത്രം
Sports News
ഒറ്റക്കളിയില്‍ ദാദയെ പിന്നിലാക്കി കുല്‍ദീപ്; ഒന്നാം സ്ഥാനത്തിനായി മുന്നിലുള്ളത് സെവാഗ് മാത്രം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 28th July 2023, 7:26 pm

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യമത്സരം വിജയത്തോടെ തുടങ്ങിയിരിക്കുകയാണ് ഇന്ത്യ. ബൗളര്‍മാരുടെ പ്രകടനം നിര്‍ണായകമായ കളിയില്‍ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ വിജയം നേടിയത്.

വിന്‍ഡീസ് 23 ഓവറില്‍ 114 റണ്‍സിന് പുറത്തായപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 22.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം കണ്ടത്.

യഥാക്രമം നാലും മൂന്നും വിക്കറ്റ് നേടിയ ഇടംകയ്യന്‍ സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയുമാണ് വെസ്റ്റ് ഇന്ഡീസിനെ എറിഞ്ഞിട്ടത്. രണ്ട് മെയ്ഡന്‍ അടക്കം മൂന്ന് ഓവര്‍ പന്തെറിഞ്ഞ് വെറും ആറ് റണ്‍സ് വഴങ്ങി കുല്‍ദീപ് യാദവ് നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ആറ് ഓവറില്‍ 37 റണ്‍സ് വഴങ്ങിയാണ് മൂന്ന് വിക്കറ്റ് ജഡേജ സ്വന്തമാക്കിയത്.

19 പന്തില്‍ 11 റണ്‍സ് നേടിയ ഷിംറോണ്‍ ഹെറ്റ്മെയറിനെ പുറത്താക്കിയാണ് ജഡേജ തുടങ്ങിയത്. അപകടകാരിയായ ഹെറ്റിയെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് ജഡ്ഡു പുറത്താക്കിയത്. പിന്നാലെ റോവ്മന്‍ പവലിനെ ഗില്ലിന്റെ കൈകളിലെത്തിച്ചും റൊമാരിയോ ഷെപ്പേര്‍ഡിനെ വിരാട് കോഹ്ലിയുടെ കൈകളിലെത്തിച്ചും ജഡേജ പുറത്താക്കി.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യമത്സരത്തില്‍ പുതിയൊരു റെക്കോഡ് നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് കുല്‍ദീപ്. ഏകദിന മത്സരത്തില്‍ ഏറ്റവുമധികം വേഗത്തില്‍ നാല് വിക്കറ്റ് സ്വന്തമാക്കിയ ഇന്ത്യന്‍ ബൗളര്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനമാണ് കുല്‍ദീപ് പുതിയ നേട്ടം കൊണ്ട് നേടിയത്.

2.5 ഓവറില്‍ ആറ് റണ്‍സ് വഴങ്ങി നാല് വിക്കറ്റ് നേടിയ വിരേന്ദന്‍ സെവാഗാണ് ഈ പട്ടികയില്‍ ഒന്നാമന്‍. 2010ല്‍ ബംഗ്ലാദേശിനെതിരെയായിരുന്നു സെവാഗിന്റെ നേട്ടം. നാല് ഓവറില്‍ 21 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് നേടിയ സൗരവ് ഗാംഗുലിയാണ് നിലവില്‍ കുല്‍ദീപിന് പിന്നിലുള്ളത്. 1999ല്‍ ശ്രീലങ്കക്കെതിരെയാണ് ഗാംഗുലിയുടെ നേട്ടം.

ഇതിന് പുറമേ മറ്റൊരു അപൂര്‍വ റെക്കോഡ് കൂടി കുല്‍ദീപും ജഡേജയും കൂടി വെസ്റ്റ് ഇന്‍ഡീസിനെതിരായ കളിയില്‍ നേടിയിരുന്നു. ഏകദിനത്തില്‍ ഏഴോ അതിലധികമോ വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ഇന്ത്യന്‍ ഇടംകയ്യന്‍ സ്പിന്‍ ഡുവോ എന്ന റെക്കോഡാണ് കുല്‍ദീപ് – രവീന്ദ്ര ജഡേജ സഖ്യത്തെ തേടിയെത്തിയത്.

Content Highlight: Kuldeep yadhav became the second fastest Indian bowler to take four wickets in an ODI match