ഏഷ്യാ കപ്പിന്റെ സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കൊളംബോ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ പുനരാരംഭിച്ച മത്സരത്തില്‍ 228 റണ്‍സിന്റെ പടുകൂറ്റന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
ഏകദിനത്തില്‍ റണ്‍സ് അടിസ്ഥാനത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യ നേടുന്ന ഏറ്റവും വലിയ വിജയമാണിത്. ബാറ്റിങ്ങില്‍ ടീമിന്റെ ടോപ് ഓര്‍ഡര്‍ പാകിസ്ഥാന്‍ തീയുണ്ടകളെ തച്ചുതകര്‍ത്തപ്പോള്‍ ബൗളിങ്ങില്‍ കുല്‍ദീപ് യാദവ് എന്ന ചൈനാമാന്‍ സ്പിന്നറുടെ കൗശലമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.
എട്ട് ഓവര്‍ പന്തെറിഞ്ഞ കുല്‍ദീപ് യാദവ് 25 റണ്‍സ് മാത്രം വഴങ്ങി എണ്ണം പറഞ്ഞ അഞ്ച് പാക് വിക്കറ്റുകളാണ് കടപുഴക്കിയെറിഞ്ഞത്. ഏകദിനത്തില്‍ കുല്‍ദീപിന്റെ രണ്ടാമത് മാത്രം ഫൈഫര്‍ നേട്ടമാണിത്.
ഓപ്പണര്‍ ഫഖര്‍ സമാനെ വീഴ്ത്തിക്കൊണ്ടായിരുന്നു കുല്‍ദീപ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. പാകിസ്ഥാന്‍ സ്‌കോര്‍ 77ല്‍ നില്‍ക്കവെ 50 പന്തില്‍ നിന്നും 27 റണ്‍സ് നേടിയ പാകിസ്ഥാന്റെ വിശ്വസ്തനായ ഓപ്പണറെ കുല്‍ദീപ് മടക്കി അയക്കുകയായിരുന്നു. ക്ലീന്‍ ബൗള്‍ഡാക്കിയാണ് കുല്‍ദീപ് ഫഖറിനെ മടക്കിയത്.
സല്‍മാന്‍ അലി ആഘയായിരുന്നു കുല്‍ദീപിന്റെ അടുത്ത ഇര. ക്രീസില്‍ നിലയുറപ്പിച്ച് സ്‌കോര്‍ ഉയര്‍ത്താനൊരുങ്ങിയ ആഘാ സല്‍മാനും കുല്‍ദീപിന്റെ മാന്ത്രിക വിരലുകളുടെ കരുത്തറിഞ്ഞു. കുല്‍ദീപിന്റെ ലെഗ് ബ്രേക്കില്‍ സ്വീപ്പിന് ശ്രമിച്ച ആഘാ സല്‍മാന് പിഴയ്ക്കുകയും വിക്കറ്റിന് മുമ്പില്‍ കുടുങ്ങുകയുമായിരുന്നു.
ഉടന്‍ തന്നെ ആഘാ സല്‍മാന്‍ റിവ്യൂ എടുത്തെങ്കിലും അള്‍ട്രാ എഡ്ജിലും ബോള്‍ ട്രാക്കറിലും ഭാഗ്യം കുല്‍ദീപിനൊപ്പം നിന്നു. അഞ്ചാം വിക്കറ്റായി ആഘാ സല്‍മാന്‍ പുറത്താകുമ്പോള്‍ പാകിസ്ഥാന്‍ 96ന് അഞ്ച് എന്ന നിലയില്‍ പതറി.
പത്ത് പന്തില്‍ ആറ് റണ്‍സുമായി ഷദാബ് ഖാനും കുല്‍ദീപിന് മുമ്പില്‍ നിരുപാധികം കീഴടങ്ങി. ഷര്‍ദുല്‍ താക്കൂറിന് കയ്യില്‍ ഷദാബ് ഖാന്‍ ഒടുങ്ങുമ്പോള്‍ പാകിസ്ഥാന്‍ 110ന് ആറ് എന്ന നിലയിലേക്ക് വീണു.
ഇഫ്തിഖര്‍ അഹമ്മദിനെ ഒരു തകര്‍പ്പന്‍ റിട്ടേണ്‍ ക്യാച്ചിലൂടെയാണ് കുല്‍ദീപ് മടക്കിയത്. പാകിസ്ഥാന്‍ നിരയില്‍ സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചവരെല്ലാം തന്നെ കുല്‍ദീപിന് മുമ്പില്‍ പരാജയപ്പെടുകയായിരുന്നു. 35 പന്തില്‍ 23 റണ്‍സ് നേടിയാണ് ഇഫ്തിഖര്‍ പുറത്തായത്.
ഫഹീം അഷ്‌റഫിനെ മടക്കിയാണ് കുല്‍ദീപ് തന്റെ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷമാക്കിയത്. 32ാം ഓവറിലെ ആറാം പന്തില്‍ ഫഹീം അഷ്‌റഫ് ക്ലീന്‍ ബൗള്‍ഡായി പുറത്തായി.
പേസര്‍മാരായ നസീം ഷായും ഹാരിസ് റൗഫും ക്രീസിലെത്താതിന് പിന്നാലെ ഇന്ത്യ 228 റണ്‍സിന്റെ വിജയം ആഘോഷിച്ചു.
കുല്‍ദീപിന് പുറമെ വൈസ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുമ്പോഴും ആരാധകര്‍ക്കിടയില്‍ വേണ്ടത്ര അംഗീകാരം ബൗളര്‍മാര്‍ക്ക് ലഭിക്കുന്നില്ല എന്നത് വസ്തുതയാണ്. സ്റ്റാറ്റസുകളും സ്റ്റോറികളുമായി വിരാടിനെയും കെ.എല്‍. രാഹുലിനെയും ആഘോഷിച്ച ആരാധകരില്‍ ഭൂരിഭാഗവും യാദവിന്റെ നേട്ടത്തിന് വേണ്ടത്ര പ്രധാന്യം നല്‍കിയിരുന്നില്ല. ക്രിക്കറ്റില്‍ ബൗളര്‍മാര്‍ക്ക് വേണ്ടത്ര അംഗീകാരം ആരാധകര്‍ പോലും നല്‍കുന്നില്ല എന്നത് തന്നെയാണ് വസ്തുത.
അതേസമയം, കഴിഞ്ഞ മത്സരത്തിലെ വിജയത്തിന് പിന്നാലെ സൂപ്പര്‍ ഫോറിലെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താനും ഇന്ത്യക്കായി.
പാകിസ്ഥാനെതിരെ വിജയം സ്വന്തമാക്കിയെങ്കിലും ഇന്ത്യക്ക് വിശ്രമിക്കാന്‍ നേരമായിട്ടില്ല. സെപ്റ്റംബര്‍ 12ന് ശ്രീലങ്കക്കെതിരായ മത്സരത്തില്‍ വിജയിച്ച് ഫൈനല്‍ ഉറപ്പിക്കാനാണ് ഇന്ത്യ ഇറങ്ങുന്നത്.
Content Highlight: Kuldeep Yadav’s brilliant bowling performance