| Monday, 8th July 2024, 11:57 am

ഈ ടി-20 ലോകകപ്പ് അവനുള്ളതാണ്: പ്രശംസയുമായി കുൽദീപ് യാദവ്

സ്പോര്‍ട്സ് ഡെസ്‌ക്

നീണ്ട 17 വര്‍ഷങ്ങളുടെ കാത്തിരിപ്പ് അവസാനിപ്പിച്ചു കൊണ്ടാണ് ഇന്ത്യ വീണ്ടും ടി-20 ലോകകപ്പ് ഇന്ത്യന്‍ മണ്ണിലെത്തിച്ചത്. കെന്‍സിങ്ടണ്‍ ഓവല്‍ ബാര്‍ബഡോസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സൗത്ത് ആഫ്രിക്കയെ ഏഴു റണ്‍സിന് പരാജയപ്പെടുത്തിയാണ് രോഹിത് ശര്‍മയും സംഘവും ലോക ജേതാക്കളായത്.

ഇപ്പോഴിതാ ഇന്ത്യയുടെ ടി-20 ലോകകപ്പ് വിജയത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ പ്രശംസിച്ചുകൊണ്ട് രംഗത്തുവന്നിരിക്കുകയാണ് ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ്.

‘ഈ ലോകകപ്പ് രോഹിത്തിന് വേണ്ടി ആയിരുന്നു. കളിക്കളത്തില്‍ അവന്‍ ആസൂത്രണം ചെയ്ത രീതികളും ടീം മീറ്റിങ്ങുകളില്‍ രോഹിത് നടത്തിയ സമീപനങ്ങളും വളരെ പ്രധാനപ്പെട്ടതായിരുന്നു. ടൂര്‍ണമെന്റില്‍ ഉടനീളം അദ്ദേഹം മികച്ച രീതിയില്‍ ബാറ്റ് ചെയ്തുകൊണ്ട് ടീമിനെ മുന്നോട്ടു നയിച്ചു. അതുകൊണ്ടുതന്നെ ഈ ലോകകപ്പ് രോഹിത്തിന് അര്‍ഹതപ്പെട്ടതാണ്,’ കുല്‍ദീപ് യാദവ് ആജ് തക്കിലൂടെ പറഞ്ഞു.

ലോകകപ്പ് വിജയത്തിന് പിന്നാലെ ആരാധകരെയും ഞെട്ടിച്ചു കൊണ്ടായിരുന്നു ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും രവീന്ദ്ര ജഡേജയും ടി-20 ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്.

ഈ ലോകകപ്പില്‍ ബാറ്റിങ്ങില്‍ മിന്നും പ്രകടനമായിരുന്നു രോഹിത് നടത്തിയത്. എട്ട് ഇന്നിങ്സുകളില്‍ നിന്നും മൂന്ന് അര്‍ധസെഞ്ച്വറികള്‍ ഉള്‍പ്പെടെ 281 റണ്‍സാണ് രോഹിത് നേടിയത്. 35.12 ആവറേജിലും 124.33 സ്ട്രൈക്ക് റേറ്റിലുമാണ് ഇന്ത്യന്‍ നായകന്‍ ബാറ്റ് വീശിയത്.

രോഹിത്തിന്റെ ക്യാപ്റ്റന്‍സിയും എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്. ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഇന്ത്യ കിരീടം ചൂടിയത്. ഇതോടെ ടി-20 ലോകകപ്പിന്റെ ചരിത്രത്തില്‍ ഒരു മത്സരം പോലും പരാജയപ്പെടാതെ കിരീടം സ്വന്തമാക്കുന്ന ആദ്യ ടീമെന്ന നേട്ടവും ഇന്ത്യക്ക് സ്വന്തമാക്കാന്‍ സാധിച്ചു. ഫൈനലിലെ വിജയത്തോടൊപ്പം ഇന്റര്‍നാഷണല്‍ ടി-20യില്‍ 50 മത്സരങ്ങള്‍ വിജയിക്കുന്ന ആദ്യ ക്യാപ്റ്റന്‍ എന്ന നേട്ടവും രോഹിത് സ്വന്തമാക്കിയിരുന്നു.

Content Highlight: Kuldeep Yadav Praises Rohit Sharma Performance in T20 World Cup

We use cookies to give you the best possible experience. Learn more