നീണ്ട 17 വര്‍ഷങ്ങളുടെ കാത്തിരിപ്പ് അവസാനിപ്പിച്ചു കൊണ്ടാണ് ഇന്ത്യ വീണ്ടും ടി-20 ലോകകപ്പ് ഇന്ത്യന്‍ മണ്ണിലെത്തിച്ചത്. കെന്‍സിങ്ടണ്‍ ഓവല്‍ ബാര്‍ബഡോസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സൗത്ത് ആഫ്രിക്കയെ ഏഴു റണ്‍സിന് പരാജയപ്പെടുത്തിയാണ് രോഹിത് ശര്‍മയും സംഘവും ലോക ജേതാക്കളായത്. ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും പരാജയപ്പെടാതെ ആയിരുന്നു രോഹിത്തിന്റെ കീഴില്‍ ഇന്ത്യ കിരീടം സ്വന്തമാക്കിയത്.
ടൂര്‍ണമെന്റില്‍ ഉടനീളം തകര്‍പ്പന്‍ പ്രകടനമായിരുന്നു ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ നടത്തിയത്. ഇപ്പോഴിതാ ബുംറയുടെ തകര്‍പ്പന്‍ പ്രകടനങ്ങളെ പ്രശംസിച്ചുകൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ് ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ്. മൂന്ന് ഫോര്‍മാറ്റിലെയും ഏറ്റവും മികച്ച ബൗളര്‍ ബുംറയാണെന്നാണ് കുല്‍ദീപ് പറഞ്ഞത്.
‘നൂറ് ശതമാനമായി പറയുകയാണെങ്കില്‍ ജസ്പ്രീത് ബുംറയാണിപ്പോള്‍ മൂന്ന് ഫോര്‍മാറ്റിലെയും ഏറ്റവും മികച്ച ബൗളര്‍. ഞാനും ബുംറയും ഞങ്ങളുടെ രാജ്യാന്തര കരിയര്‍ ആരംഭിച്ചത് ഏതാണ്ട് ഒരേ സമയത്താണ്. അവനെപ്പോഴും ടീമിനു വേണ്ടി മികച്ച പ്രകടനമാണ് നടത്തികൊണ്ടിരിക്കുന്നത്. അദ്ദേഹത്തെപ്പോലെ ഒരു താരത്തെ ഞങ്ങള്‍ക്ക് ലഭിച്ചത് ഞങ്ങളുടെ ഭാഗ്യമാണ്. പ്രതിസന്ധി ഘട്ടങ്ങളിലെ പല മത്സരങ്ങളിലും അവന്‍ ടീമിനെ വിജയത്തില്‍ എത്തിച്ചിട്ടുണ്ട്. ടി-20 ലോകകപ്പിലെ പാകിസ്ഥാനെതിരെയുള്ള മത്സരത്തില്‍ അവനാണ് ഞങ്ങളെ തിരികെ കൊണ്ടുവന്നത്. അവന്‍ അന്ന് മികച്ച രീതിയില്‍ ബൗള്‍ ചെയ്തു,’ കുല്‍ദീപ് യാദവ് റേവ് സ്‌പോര്‍ട്‌സിലൂടെ പറഞ്ഞു.
ലോകകപ്പില്‍ എട്ട് മത്സരങ്ങളില്‍ നിന്നും 15 വിക്കറ്റുകള്‍ ആണ് ബുംറ നേടിയത്. ടി-20 ലോകകപ്പിന്റെ ഒരു പതിപ്പില്‍ ഏറ്റവും മികച്ച ആവറേജ് നേടുന്ന താരമായി മാറാനും ബുംറക്ക് സാധിച്ചിരുന്നു. 8.3 ആവറേജിലാണ് ബുംറ ഈ ലോകകപ്പില്‍ പന്തെറിഞ്ഞത്. ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണ്ണമെന്റ് അവാര്‍ഡ് ബുംറയാണ് സ്വന്തമാക്കിയത്. ഇതോടെ ജൂണിലെ ഐ.സി.സിയുടെ ഏറ്റവും മികച്ച താരമായും ബുംറ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.