| Thursday, 22nd December 2022, 1:39 pm

നന്നായി കളിച്ചാലും ടീമിന് പുറത്ത്; എന്താ ഇന്ത്യൻ ടീം മാനേജ്മെന്റിന്റെ മൈന്റ്? എന്ന് ആരാധകർ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ബംഗ്ലാദേശ് പര്യടനത്തിലെ രണ്ടാം ടെസ്റ്റ്‌ മത്സരം ആരംഭിച്ചിരിക്കുകയാണ്. ആദ്യം ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശ് നിലവിൽ ഭേദപ്പെട്ട നിലയിലാണ് ബാറ്റിങ് തുടരുന്നത്. ആദ്യ ടെസ്റ്റ്‌ വിജയിച്ച ഇന്ത്യക്ക് രണ്ടാം ടെസ്റ്റിൽ സമനില നേടിയാലും പരമ്പര സ്വന്തമാക്കാം.

അതേസമയം ഇന്ത്യൻ ആരാധകരെ നിരാശരാക്കിയ തീരുമാനമായിരുന്നു ആദ്യ ടെസ്റ്റിൽ മികച്ച പ്രകടനം കാഴ്ച വെച്ച കുൽദീപ് യാദവിനെ രണ്ടാം ടെസ്റ്റിന്റെ ഫസ്റ്റ് ഇലവനിൽ ഉൾപെടുത്താതിരുന്നത്.

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ അഞ്ച് വിക്കറ്റും രണ്ടാം ഇന്നിങ്സിൽ മൂന്ന് വിക്കറ്റുകളും നേടിയ കുൽദീപ് യാദവ് മൊത്തം എട്ട് വിക്കറ്റുകളുമായി ആദ്യ ടെസ്റ്റിൽ അസാമാന്യ പ്രകടനമായിരുന്നു നടത്തിയിരുന്നത്.

ഒന്നാം ടെസ്റ്റ്‌ 118 റൺസിന് ജയിക്കാൻ ഇന്ത്യക്ക് കരുത്തായത് ബൗളിങ്ങിലും ബാറ്റിങ്ങിലും മികച്ച പ്രകടനം കാഴ്ച വെച്ച കുൽദീപിന്റെ സഹായം തന്നെയാണ്. ആദ്യ ഇന്നിങ്സിൽ 40 റൺസ് നേടി ബാറ്റിങ്ങിലും താരം തിളങ്ങിയിരുന്നു.

ഇത്തരത്തിൽ ഇന്ത്യൻ വിജയത്തിൽ നിർണായക പങ്കുവഹിച്ച ഒരു താരത്തെ അടുത്ത കളിയിൽ നിന്നും തഴഞ്ഞതിനെതിരെ വലിയ വിമർശനങ്ങളാണ് ആരാധകർ സോഷ്യൽ മീഡിയയിലൂടെ ഉന്നയിക്കുന്നത്.

ജയദേവ് ഉനദ്ഘട്ടിനെയാണ് കുൽദീപിന് പകരം ടീമിൽ ഉൾപെടുത്തിയത്. എന്നാൽ ആരാധക രോഷം ശക്തമായതോടെ കുൽദീപിനെ ടീമിൽ ഉൾപെടുത്താൻ സാധിക്കാതിരുന്നതിന്റെ കാരണം വ്യക്തമാക്കി ക്യാപ്റ്റൻ കെ.എൽ രാഹുൽ രംഗത്ത് വന്നു.

ഈർപ്പത്തിന്റെ അംശമുള്ള പിച്ച് പേസ് ബോളിങ്ങിനും ബാറ്റിങ്ങിനും അനുയോജ്യമായതാണെന്നും അതുകൊണ്ടാണ് ഫാസ്റ്റ് ബോളറായ ഉനദ്ഘട്ടിനെ ടീമിൽ ഉൾപെടുത്തിയതെന്നുമാണ് രാഹുൽ പറഞ്ഞത്.

എന്നാൽ ഇന്ത്യൻ ടീം രക്ഷപെടണമെങ്കിൽ ഇന്ത്യൻ ടീം മാനേജ്മെന്റിന്റെയും സെലക്ടർമാരുടെയുമൊക്കെ മോശം തീരുമാനങ്ങൾ അവസാനിപ്പിക്കണമെന്നാണ് ഇന്ത്യൻ ആരാധകർ വിമർശനം ഉന്നയിക്കുന്നത്.

മികച്ച പ്രകടനം നടത്തിയാലും ടീമിൽ ഉൾപെടുത്താത്ത അത്ഭുത പ്രവർത്തനങ്ങൾ ഇന്ത്യൻ ടീമിൽ മാത്രമേ കാണാൻ കഴിയൂ എന്നും ആരാധകർ വിമർശിച്ചു.

ടീം സെലക്ഷനിൽ കൃത്യമായി ശ്രദ്ധ കൊടുത്തില്ലെങ്കിൽ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ മുന്നോട്ടുള്ള ഭാവി ശോഭനീയമല്ലായിരിക്കും എന്നാണ് പൊതുവെയുള്ള ആരാധകരുടെ വിലയിരുത്തൽ.

Content Highlights:kuldeep yadav played well but not included in second match fans are disappointed

We use cookies to give you the best possible experience. Learn more