ദല്‍ഹി ക്യാപ്പിറ്റല്‍ സ്റ്റാര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന് വരാനിരിക്കുന്ന മത്സരങ്ങള്‍ നഷ്ടമാവും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഞരമ്പുരോഗത്തെ തുടര്‍ന്നാണ് താരത്തിന് ദല്‍ഹിയുടെ ഇനിയുള്ള മത്സരങ്ങള്‍ നഷ്ടമാവുക. സൂപ്പര്‍താരത്തിന്റെ അഭാവം പന്തിനും സംഘത്തിനും വമ്പന്‍ തിരിച്ചടിയായിരിക്കും സമ്മാനിക്കുക.
ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ അക്‌സര്‍ പട്ടേലിനൊപ്പം മികച്ച കോമ്പിനേഷനിലൂടെയായിരുന്നു കുല്‍ദീപ് യാദവ് ക്യാപ്പിറ്റല്‍സിനായി പന്തറിഞ്ഞത്. താരത്തിന്റെ അഭാവം മൂലം ഈ കൂട്ടുകെട്ട് നഷ്ടപ്പെടുന്നതോടെ ദല്‍ഹിയുടെ ഇടംകയ്യന്‍ സ്പിന്‍ അറ്റാക്കിങ് കൂടിയാണ് നഷ്ടമാവുക.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ അവസാന മത്സരത്തില്‍ കുല്‍ദീവ് യാദവ് കളിച്ചിരുന്നില്ല. രാജസ്ഥാന്‍ റോയല്‍സിനെതിരെ മൂന്ന് വിക്കറ്റുകളും പഞ്ചാബ് കിങ്‌സിനെതിരെ രണ്ട്
വിക്കറ്റുമാണ് താരം വീഴ്ത്തിയത്.
ഐ.പി.എല്ലില്‍ നിലവില്‍ നാല് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ഒരു വിജയവും മൂന്ന് തോല്‍വിയും അടക്കം രണ്ട് പോയിന്റോടെ ഒമ്പതാം സ്ഥാനത്താണ് ദല്‍ഹി ക്യാപ്പിറ്റല്‍സ്. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ മാത്രമാണ് പന്തിനും കൂട്ടര്‍ക്കും വിജയിക്കാന്‍ സാധിച്ചത്. അതേസമയം പഞ്ചാബ്, കൊല്‍ക്കത്ത, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകള്‍ക്കെതിരെയാണ് ക്യാപ്പിറ്റല്‍സ് പരാജയപ്പെട്ടത്.
അതേസമയം ഐ.പി.എല്ലിന് മുന്നോടിയായി നടന്ന ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ മിന്നും പ്രകടനമായിരുന്നു കുല്‍ദീപ് യാദവ് നടത്തിയത്. ധര്‍മ്മശാലയില്‍ വച്ച് നടന്ന പരമ്പരയിലെ അവസാന മത്സരത്തില്‍ അഞ്ച് വിക്കറ്റുകള്‍ ആയിരുന്നു ഇംഗ്ലീഷ് പടക്കെതിരെ കുല്‍ദീപ് വീഴ്ത്തിയത്.
അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയില്‍ 19 വിക്കറ്റുകള്‍ ഇന്ത്യക്കായി സ്വന്തമാക്കാനും താരത്തിന് സാധിച്ചിരുന്നു. സൂപ്പര്‍താരത്തിന്റെ അഭാവം ആരാധകരില്‍ വലിയ നിരാശയാണ് ഉണ്ടാക്കിയിരിക്കുന്നത്.
ഏപ്രില്‍ ഏഴിന് മുംബൈ ഇന്ത്യന്‍സിനെതിരെയാണ് ക്യാപ്പിറ്റല്‍സിന്റെ അടുത്ത മത്സരം. മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയമാണ് വേദി.
Content Highlight: Kuldeep Yadav out for Delhi Capitals squad