ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിന്റെ അഞ്ചാം മത്സരത്തിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മാര്‍ച്ച് ഏഴിനാണ് മത്സരം. ധര്‍മശാലയാണ് വേദി. റാഞ്ചിയില്‍ നടന്ന നാലാം ടെസ്റ്റില്‍ വിജയിച്ചതിന് പിന്നാലെ 3-1ന് മുമ്പിലെത്താനും പരമ്പര സ്വന്തമാക്കാനും ഇന്ത്യക്ക് സാധിച്ചിരുന്നു. അഞ്ചാം ടെസ്റ്റിലും വിജയിച്ച് സമഗ്രാധിപത്യം ഊട്ടിയുറപ്പിക്കാനാണ് ഇന്ത്യന്‍ നിര ഇറങ്ങുന്നത്.
അഞ്ചാം മത്സരത്തില്‍ ഇന്ത്യന്‍ ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിനെ ഒരു തകര്‍പ്പന്‍ നേട്ടം കാത്തിരിക്കുന്നുണ്ട്. ടെസ്റ്റ് ഫോര്‍മാറ്റിലെ 50 വിക്കറ്റ് എന്ന കരിയര്‍ മൈല്‍ സ്‌റ്റോണാണ് കുല്‍ദീപിന് മുമ്പിലുള്ളത്. ഈ നേട്ടത്തിലെത്താന്‍ താരത്തിന് വേണ്ടതാകട്ടെ നാല് വിക്കറ്റുകളും.
11 മത്സരത്തില്‍ നിന്നും 21.28 എന്ന ശരാശരിയിലും 38.8 എന്ന സ്‌ട്രൈക്ക് റേറ്റിലും 46 വിക്കറ്റാണ് കുല്‍ദീപിന്റെ പേരിലുള്ളത്. മൂന്ന് ഫൈഫറും മൂന്ന് ഫോര്‍ഫറും തന്റെ റെഡ് ബോള്‍ കരിയറില്‍ താരം സ്വന്തമാക്കിയിട്ടുണ്ട്.
അഞ്ചാം ടെസ്റ്റില്‍ നാല് വിക്കറ്റ് വീഴ്ത്തുന്നതോടെ മറ്റൊരു നേട്ടവും കുല്‍ദീപിനെ തേടിയെത്തേും. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും 50 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന അഞ്ചാമത് മാത്രം ഇന്ത്യന്‍ ബൗളര്‍ എന്ന നേട്ടത്തിലേക്കാണ് കുല്‍ദീപ് യാദവ് എത്തുക. ഏകദിനത്തിലെ നൂറ് ഇന്നിങ്‌സില്‍ നിന്നും 168 വിക്കറ്റ് നേടിയ കുല്‍ദീപ് ടി-20യിലെ 35 മത്സരത്തല്‍ നിന്നും 59 വിക്കറ്റും നേടിയിട്ടുണ്ട്.
ഇന്ത്യക്കായി എല്ലാ ഫോര്‍മാറ്റിലും 50+ വിക്കറ്റ് നേടിയ താരങ്ങള്‍
ആര്‍. അശ്വിന്‍
ഇന്ത്യന്‍ ഇതിഹാസം താരം ആര്‍. അശ്വിനാണ് ഈ പട്ടികയില്‍ ഒന്നാമന്‍. ടെസ്റ്റ് ഫോര്‍മാറ്റില്‍ 507 വിക്കറ്റ് നേടിയ അശ്വിന്‍ ഏകദിനത്തില്‍ 156ഉം ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ 72 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.
രവീന്ദ്ര ജഡേജ
ഇടം കയ്യന്‍ സ്പിന്‍ മാന്ത്രികതയില്‍ എല്ലാ ഫോര്‍മാറ്റിലും ഇന്ത്യക്കായി വിക്കറ്റ് വീഴ്ത്തിയാണ് ജഡേജ തിളങ്ങുന്നത്. ടെസ്റ്റില്‍ 292 വിക്കറ്റ് നേടിയ ജഡ്ഡു ഏകദിനത്തില്‍ 220 വിക്കറ്റും ടി-20യില്‍ 53 പേരെും മടക്കിയിട്ടുണ്ട്.
ജസ്പ്രീത് ബുംറ
ഇന്ത്യന്‍ പേസ് സെന്‍സേഷന്‍ ജസ്പ്രീത് ബുംറയാണ് പട്ടികയിലെ മൂന്നാമന്‍. ഇന്ത്യക്കായി റെഡ് ബോളില്‍ 157 വിക്കറ്റ് നേടിയ താരം ഏകദിന ഫോര്‍മാറ്റില്‍ 149ഉം ടി-20യില്‍ 74 വിക്കറ്റും നേടിയിട്ടുണ്ട്.
ഭുവനേശ്വര്‍ കുമാര്‍
ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ ഇന്ത്യയുടെ വിശ്വസ്ത ബൗളര്‍മാരില്‍ പ്രധാനിയാണ് ഭുവനേശ്വര്‍ കുമാര്‍. ലൈനിലും ലെങ്തിലും പുലര്‍ത്തുന്ന കൃത്യതയാണ് ഭുവിയെ കൂടുതല്‍ അപകടകാരിയാക്കുന്നത്. കുട്ടിക്രിക്കറ്റില്‍ 90 വിക്കറ്റാണ് താരത്തിന്റെ സമ്പാദ്യം. ഇന്ത്യക്കായി ഏറ്റവുമധികം ടി-20 വിക്കറ്റ് നേടിയ രണ്ടാമത് ബൗളറും ഭുവി തന്നെ.
ഏകദിനത്തില്‍ 141 തവണ ബാറ്റര്‍മാരുടെ അന്തകനായ താരം ടെസ്റ്റില്‍ 63 പേരെും പവലിയനിലേക്ക് മടക്കിയിരുന്നു.
Content highlight: Kuldeep Yadav need 4 wickets to complete 50 test Wickets