| Sunday, 24th July 2022, 8:34 pm

വന്നെടാ മക്കളേ... ഇന്ത്യന്‍ ടീമിലേക്ക് ഇതാ ചൈനാമാന്‍ വീണ്ടുമെത്തുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ടി-20 മത്സരങ്ങള്‍ക്കായി ആരാധകര്‍ കാത്തിരിക്കുകയാണ്. വമ്പനടികള്‍ക്കും ടോ ക്രഷിങ്ങ് സീമറുകള്‍ക്കും പേരുകേട്ട കുട്ടിക്രിക്കറ്റിലെ ഏറ്റവും അപകടകാരികളായ വെസ്റ്റ് ഇന്‍ഡീസിനെ അവരുടെ നാട്ടില്‍ വെച്ചുതന്നെ തോല്‍പിക്കുന്നത് കാണാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

സീനിയര്‍ താരങ്ങള്‍ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ടി-20 പരമ്പരയ്ക്കുണ്ട്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്ക് ശേഷമാവും അഞ്ച് മത്സരങ്ങളുടെ ടി-20 പരമ്പര തുടങ്ങുന്നത്.

പരമ്പരയ്ക്കായി രോഹിത് ശര്‍മയെ നായകനാക്കി 17 അംഗ സ്‌ക്വാഡും ബി.സി.സി.ഐ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഇപ്പോഴിതാ, ഇന്ത്യന്‍ ആരാധകരെ ആവേശത്തിലാഴ്ത്തുന്ന ഒരു വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. പരിക്കില്‍ നിന്നും മുക്തനായ ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് ടീമിനൊപ്പം ചേരാനൊരുങ്ങുകയാണ്. ടീമിനൊപ്പം ചേരാന്‍ താരം പുറപ്പെട്ടു കഴിഞ്ഞു.

നേരത്തെ കുല്‍ദീപിനെ ഫിറ്റ്‌നെസിന്റെ അടിസ്ഥാനത്തിലാവും സ്‌ക്വാഡിലേക്ക് പരിഗണിക്കുക എന്നാണ് ബി.സി.സി.ഐ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ പരിക്കില്‍ നിന്നും മുക്തനായ താരം സ്‌ക്വാഡില്‍ ഇടം പിടിച്ചിരിക്കുകയാണ്.

വെസ്റ്റ് ഇന്‍ഡീസിലേക്ക് പറക്കും മുമ്പ് താരം പങ്കുവെച്ച ചിത്രവും വൈറലായിരുന്നു.

‘ഇനി കരീബിയന്‍ നാട്ടില്‍ വെച്ച് കാണാം. ടീമിനൊപ്പം ചേരാന്‍ ഇനി കാത്തിരിക്കാനാവില്ല’ എന്ന ക്യാപ്ഷനോടെ താരം പങ്കുവെച്ച ചിത്രമാണ് വൈറലാവുന്നത്.

വിന്‍ഡീസിനെതിരെയുള്ള ടി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്:

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, കെ.എല്‍. രാഹുല്‍, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, ദിനേഷ് കാര്‍ത്തിക്, റിഷബ് പന്ത്, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ആര്‍. അശ്വിന്‍, രവി ബിഷണോയ്, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്

അതേസമയം, ഇന്ത്യ – വിന്‍ഡീസ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. നേരത്തെ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് നായകന്‍ നിക്കോളാസ് പൂരന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

അദ്യ മത്സരത്തില്‍ ഇന്ത്യ മൂന്ന് റണ്‍സിന് വിജയം പിടിച്ചടക്കിയിരുന്നു. ഇതോടെ പരമ്പരയില്‍ 1-0ന് മുമ്പിലാണ് ഇന്ത്യ. രണ്ടാം മത്സരം ജയിച്ച് പരമ്പര സ്വന്തമാക്കാനാണ് ഇന്ത്യ ഇറങ്ങുന്നത്.

ഇന്ത്യന്‍ ടീം: ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, അക്സര്‍ പട്ടേല്‍, ഷര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചഹല്‍, ആവേശ് ഖാന്‍.

വെസ്റ്റ് ഇന്‍ഡീസ് ടീം: ഷായ് ഹോപ് (വിക്കറ്റ് കീപ്പര്‍), കൈല്‍ മയേഴ്സ്, ഷമാര്‍ ബ്രൂക്സ്, ബ്രാന്‍ഡന്‍ കിങ്, നിക്കോളാസ് പൂരന്‍ (ക്യാപ്റ്റന്‍), റോവ്മന്‍ പവല്‍, അകീല്‍ ഹൊസൈന്‍, റൊമാരിയോ ഷെപ്പേര്‍ഡ്, ഹെയ്ഡന്‍ വാല്‍ഷ് ജൂനിയര്‍, അല്‍സാരി ജോസഫ്, ജെയ്ഡന്‍ സീല്‍സ്

Content Highlight:  Kuldeep Yadav heads to West Indies for India vs West Indies T20I series

We use cookies to give you the best possible experience. Learn more