| Thursday, 7th March 2024, 2:39 pm

സ്പിന്‍ ആധിപത്യത്തില്‍ ഇംഗ്ലണ്ടിന് തകര്‍ച്ച; കുല്‍ദീപിന് ഫൈഫര്‍, ധര്‍മശാലയില്‍ ആറാടി 'ത്രിമൂര്‍ത്തികള്‍'

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ അവസാനത്തെ ടെസ്റ്റ് മത്സരത്തിലെ ആദ്യത്തെ ഇന്നിങ്‌സ് പുരോഗമിക്കുകയാണ്. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിലവില്‍ 52 ഓവര്‍ പിന്നിടുമ്പോള്‍ 8 വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് 189 റണ്‍സ് ആണ് നേടിയത്.

മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ സ്പിന്‍ ആധിപത്യം തുടരുകയാണ്. കുല്‍ദീപ് യാദവ് നിലവില്‍ അഞ്ച് വിക്കറ്റുകളാണ് നേടിയത്. രവിചന്ദ്രന്‍ അശ്വിന്‍ രണ്ട് വിക്കറ്റും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും നേടിയാണ് സ്പിന്‍ കോമ്പിനേഷന്‍ തകര്‍ത്തത്. മികച്ച പ്രകടനമായിരുന്നു ഇരുവരും ഇംഗ്ലണ്ടിനെതിരെ അഴിച്ച് വിട്ടത്.

ഇംഗ്ലണ്ടിന്റെ ഓപ്പണര്‍മാരായ സാക്ക് ക്രോളി (108 പന്തില്‍ നിന്ന് 79), ബെന്‍ ഡക്കറ്റ് (58 പന്തില്‍ നിന്ന് 27), ഒല്ലി പോപ്പ് (24 പന്തില്‍ നിന്ന് 11), ജോണി ബെയര്‍‌സ്റ്റോ (18 പന്തില്‍ നിന്ന് 29), ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്സ് (ആറു പന്തില്‍ നിന്ന് പൂജ്യം) എന്നിവരെയാണ് കുല്‍ദീപ് പറഞ്ഞയച്ചത്. നിര്‍ണായകമായ അഞ്ച് വിക്കറ്റുകള്‍ ആണ് താരം സ്വന്തമാക്കിയത്.

താരം നിലവില്‍ 15 ഓവര്‍ ചെയ്ത് ഒരു മെയ്ഡന്‍ അടക്കം 72 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് നേടിയത് 4.80 എന്ന് ഇക്കണോമിയിലാണ്. ഇതോടെ കുല്‍ദീപ് തന്റെ ടെസ്റ്റ് കരിയറിലെ 50 വിക്കറ്റുകളാണ് സ്വന്തമാക്കിയത്.

രവിചന്ദ്രന്‍ അശ്വിന്‍ ഒരു മെയ്ഡന്‍ അടക്കം 39 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് നേടിയത് 3.90 എന്ന ഇക്കണോമിയില്‍ ആണ്.

അതേ സ്ഥാനത്ത് രവീന്ദ്ര ജഡേജ 10 ഓവറില്‍ രണ്ട് മെയ്ഡല്‍ അടക്കം 17 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടിയത് 1.70 എന്ന തകര്‍പ്പന്‍ ഇക്കണോമിയിലാണ്.

മത്സരത്തില്‍ വമ്പന്‍ തകര്‍ച്ചയിലേക്ക് ഇംഗ്ലണ്ടിനെ കൊണ്ടെത്തിച്ചത് ഇന്ത്യയുടെ സ്പിന്‍ നിര തന്നെയാണ്. ഫാസ്റ്റ് ബൗളിങ് തുണക്കുന്ന ധര്‍മശാലയില്‍ ത്രിമൂര്‍ത്തികള്‍ മാജിക്കാണ് കാണിച്ചത്. അതിനോടൊപ്പം ഇന്ത്യയുടെ ക്യാപ്റ്റന്‍സി ഫീല്‍ഡിങ്ങും കൃത്യമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതും ഇംഗ്ലണ്ടിനെതിരെ തന്ത്രങ്ങള്‍ മെനയാന്‍ ഗുണം ചെയ്യുന്നു.

ധര്‍മശാലയില്‍ നടക്കുന്ന അവസാന ടെസ്റ്റില്‍ ഇംഗ്ലണ്ട് വിജയ പ്രതീക്ഷയിലാണ് ബാറ്റിങ് തുടരുന്നത്.
നാണക്കേടില്‍ നിന്ന് രക്ഷപ്പെടാന്‍ ഇംഗ്ലണ്ടിന് മത്സരം ജയിക്കേണ്ടിവരും. പക്ഷെ ഇംഗ്ലണ്ടിനെ നാണംകെടുത്തിത്തന്നെ പറഞ്ഞയക്കാനാകും ഇന്ത്യ ശ്രമിക്കുന്നത്.

ഇന്ത്യക്ക് വേണ്ടി മലയാളി താരം ദേവ്ദത്ത് പടിക്കല്‍ അരങ്ങേറ്റം നടത്തിയിട്ടുണ്ട്. മാത്രമല്ല ഇന്ത്യന്‍ സ്പിന്‍ മാന്ത്രികന്‍ രവിചന്ദ്രന്‍ അശ്വിന്‍ തന്റെ ടെസ്റ്റ് കരിയറിലെ 100ാം മത്സരം കളിക്കുന്നു എന്ന പ്രത്യേകതയും ഈ ഡെഡ് റബ്ബര്‍ മാച്ചിന് ഉണ്ട്.

Content Highlight: Kuldeep Yadav Got Five Wicket Against England

We use cookies to give you the best possible experience. Learn more