ഇന്ത്യ-സൗത്ത് ആഫ്രിക്ക മൂന്ന് ടി-20 സീരിസിലെ അവസാന മത്സരത്തില്‍ ഇന്ത്യ 105 റണ്‍സിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി. ജയത്തോടെ പരമ്പര 1-1 സമനിലയില്‍ അവസാനിക്കുകയായിരുന്നു.
വാണ്ടറേഴ്‌സ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 201 എന്ന കൂറ്റന്‍ വിജയലക്ഷ്യമാണ് പ്രോട്ടിയാസിന് മുന്നില്‍ ഉയര്‍ത്തിയത്.
എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്ക 13.5 ഓവറില്‍ 95 റണ്‍സിന് പുറത്താവുകയായിരുന്നു. ഇന്ത്യന്‍ ബൗളിങ് നിരയില്‍ അഞ്ച് വിക്കറ്റുകള്‍ നേടി മികച്ച പ്രകടനം നടത്തിയ കുല്‍ദീപ് യാദവ് ആണ് സൗത്ത് ആഫ്രിക്കയെ എറിഞ്ഞുവീഴ്ത്തിയത്. മത്സരത്തില്‍ 2.5 ഓവര്‍ മാത്രം പന്തെറിഞ്ഞ കുല്‍ദീപ് വെറും 17 റണ്‍സ് മാത്രം വിട്ടു നല്‍കിയാണ് സൗത്ത് ആഫ്രിക്കയുടെ അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കിയത്.
ഈ മികച്ച പ്രകടനത്തിന് പിന്നാലെ ഒരു ചരിത്രനേട്ടവും ഇന്ത്യന്‍ സ്പിന്നറെ തേടിയെത്തിയിരുന്നു. ടി-20 ചരിത്രത്തില്‍ ഇന്ത്യയ്ക്കായി രണ്ട് തവണ അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ സ്പിന്നര്‍ എന്ന നേട്ടമാണ് കുല്‍ദീപ് സ്വന്തം പേരില്‍ കുറിച്ചത്. ഇതിന് മുമ്പ് 2018ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു കുല്‍ദീപ് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. നാല് ഓവറുകളില്‍ 24 റണ്‍സ് വഴങ്ങിയായിരുന്നു കുല്‍ദീപ് അഞ്ച് വിക്കറ്റ് നേടിയത്.
സൗത്ത് ആഫ്രിക്കന്‍ താരങ്ങളായ ഡേവിഡ് മില്ലര്‍, ഡോണോവെന്‍ ഹെരെര, കേശവ് മഹാരാജ്, നന്ദ്രേ ബര്‍ഗര്‍, ലിസാദ് വില്യംസ് എന്നിവറുടെ വിക്കറ്റുകളാണ് കുല്‍ദീപ് സ്വന്തമാക്കിയത്.
അതേസമയം ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നായകന്‍ സൂര്യകുമാര്‍ യാദവിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ മികവിലാണ് 201 റണ്‍സ് പടുത്തുയര്‍ത്തിയത്. ഏഴ് ഫോറുകളുടെയും എട്ട് കിടിലന്‍ സിക്‌സറുകളുടെയും അകമ്പടിയോടുകൂടിയായിരുന്നു ഇന്ത്യന്‍ നായകന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ്. സൂര്യക്ക് പുറമെ ഓപ്പണര്‍ യശ്വസി ജെയ്സ്വാള്‍ 41 പന്തില്‍ 60 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി.
മറുപടി ബാറ്റിങ്ങില്‍ സൗത്ത് ആഫ്രിക്കക്കായി ഡേവിഡ് മില്ലര്‍ 25 പന്തില്‍ 35 റണ്‍സും നായകന്‍ ഏയ്ഡന്‍ മാക്രം 14 പന്തില്‍ 25 റണ്‍സും നേടി ചെറുത്തുനില്‍പ്പ് നടത്തിയെങ്കിലും ടീമിനെ ജയത്തിലെത്തിക്കാന്‍ സാധിച്ചില്ല.
ഡിസംബര്‍ 21നാണ് ഇന്ത്യ-സൗത്ത് ആഫ്രിക്ക മൂന്ന് ഏകദിന പരമ്പരയിലെ ആദ്യ മത്സരം നടക്കുക.
Content Highlight: Kuldeep Yadav create a new record for India in T20.