ധര്‍മശാലയില്‍ നടക്കുന്ന ഇന്ത്യ – ന്യൂസിലാന്‍ഡ് മത്സരത്തില്‍ സൂപ്പര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന് കുറച്ചധികം റണ്‍സ് വഴങ്ങേണ്ടി വന്നിരുന്നു. മറ്റ് മത്സരങ്ങളെ നിന്നും അപേക്ഷിച്ച് മിഡില്‍ ഓവറുകളില്‍ താരത്തിന്റെ പ്രകടനം മോശമായിരുന്നു. പത്ത് ഓവറില്‍ 73 റണ്‍സാണ് യാദവ് വഴങ്ങിയത്.
മത്സരത്തിന്റെ 33ാം ഓവറിലായിരുന്നു സംഭവം. തന്റെ ആദ്യ അഞ്ച് ഓവറില്‍ ഇതിനോടകം തന്നെ 48 റണ്‍സായിരുന്നു യാദവ് വഴങ്ങിയത്. ഓവറിലെ നാലാം പന്തില്‍ കുല്‍ദീപിനെ കണക്കറ്റ് പ്രഹരിച്ച മിച്ചല്‍ വീണ്ടും സ്‌ട്രൈക്കിലെത്തിയതോടെയാണ് കുല്‍ദീപ് പന്തിന്റെ വേഗം കൂട്ടിയത്.
114 കിലോ മീറ്റര്‍ വേഗത്തിലാണ് കുല്‍ദീപ് പന്തെറിഞ്ഞത്. റിവേഴ്‌സ് സ്വീപ് കളിക്കാന്‍ തയ്യാറായി നിന്ന മിച്ചലിന്റെ കൈത്തണ്ടയിലാണ് പന്ത് വന്നിടിച്ചത്. പന്ത് കൊണ്ട് വേദനയില്‍ മിച്ചല്‍ കൈ ഉഴിയുകയും ചെയ്തിരുന്നു.
അതേസമയം, ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് 273 റണ്‍സിന് ഓള്‍ ഔട്ടായി. ഡാരില്‍ മിച്ചലിന്റെയും രചിന്‍ രവീന്ദ്രയുടെയും ഇന്നിങ്‌സാണ് ന്യൂസിലാന്‍ഡിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഡാരില്‍ മിച്ചല്‍ 127 പന്തില്‍ നിന്നും 130 റണ്‍സ് നേടിയപ്പോള്‍ 87 പന്തില്‍ 75 റണ്‍സാണ് രചിന്‍ രവീന്ദ്ര നേടിയത്.
ഇന്ത്യക്കായി മുഹമ്മദ് ഷമി അഞ്ച് വിക്കറ്റ് വീഴത്തിയപ്പോള്‍ കുല്‍ദീപ് യാദവ് രണ്ടും ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.