ഏകദിന ക്രിക്കറ്റിൽ ഇന്ത്യക്കായി ഏറ്റവും വേഗത്തിൽ 150 വിക്കറ്റുകൾ സ്വന്തമാക്കുന്ന താരമായി കുൽദീപ് യാദവ്. ഏഷ്യാ കപ്പ് സൂപ്പർ ഫോറിലെ ശ്രീലങ്കക്കെതിരെയുള്ള മത്സരത്തിലാണ് ഇന്ത്യൻ സ്പിന്നർ ഈ നാഴികക്കല്ല് പിന്നിട്ടത്.
88 മത്സരങ്ങളിൽ നിന്നാണ് കുൽദീപ് 150 വിക്കറ്റുകൾ നേടിയത്. ഇന്ത്യൻ സ്പിൻ ഇതിഹാസം അനിൽ കുംബ്ലെയെ മറികടന്നുകൊണ്ടായിരുന്നു താരത്തിന്റെ നേട്ടം.106 മത്സരങ്ങളിൽ നിന്നുള്ള കുംബ്ലെയുടെ നേട്ടമാണ് പഴങ്കഥയായത്.
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 150 വിക്കറ്റുകൾ നേടുന്ന നാലാമത്തെ സ്പിന്നർ എന്ന നേട്ടവും കുൽദീപ് യാദവ് സ്വന്തമാക്കി.
ഏറ്റവും വേഗത്തിൽ 150 ഏകദിന വിക്കറ്റുകൾ (സ്പിന്നർമാർ)
78 – സഖ്‌ലൈൻ മുഷ്താഖ്
80 – റാഷിദ് ഖാൻ
84 – അജന്ത മെൻഡിസ്
88 – കുൽദീപ് യാദവ്
89 – ഇമ്രാൻ താഹിർ
ഏഷ്യാ കപ്പിൽ കുൽദീപ് യാദവ് മികച്ച ഫോമിലാണ് പന്തെറിയുന്നത്. സൂപ്പർ ഫോറിലെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഇന്ത്യയുടെ മാച്ച് വിന്നറായി മാറാൻ താരത്തിന് കഴിഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഈ ഇടം കയ്യൻ സ്പിന്നറുടെ കരുത്തിലാണ് ഇന്ത്യ ശ്രീലങ്കയെ എറിഞ്ഞു വീഴ്ത്തിയത്. 9 .3 ഓവർ ബൗൾ ചെയ്ത കുൽദീപ് യാദവ് 43 റൺസ് വിട്ട് നൽകികൊണ്ട് നാല് വിക്കറ്റുകൾ വീഴ്ത്തിയത്. സദീര സമരവിക്രമ, ചരിത് അസലങ്ക, കസുൻ രജിത, മതീശ പതിരണ എന്നിവരുടെ വിക്കറ്റുകളാണ് കുൽദീപ് വീഴ്ത്തിയത്. 4.53 ആയിരുന്നു മത്സരത്തിൽ താരത്തിന്റെ എക്കണോമി. വിജയത്തോടെ ഇന്ത്യ ഏഷ്യാ കപ്പിന്റെ ഫൈനലിൽ പ്രവേശിക്കുകയും ചെയ്തു.
സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാനെതിരെയും കുൽദീപ് മികച്ച ബൗളിങ് പ്രകടനം നടത്തിയിരുന്നു. പാകിസ്ഥാനെതിരെ അഞ്ച് വിക്കറ്റുകൾ ആണ് താരം നേടിയത്. എട്ട് ഓവറിൽ നിന്നും വെറും 25 റൺസ് മാത്രം വിട്ടുനൽകികൊണ്ടായിരുന്നു താരത്തിന്റെ മിന്നും പ്രകടനം. ഇന്ത്യ ഉയർത്തിയ 357 എന്ന കൂറ്റൻ വിജയലക്ഷ്യം മറികടക്കാൻ ഇറങ്ങിയ പാക് ടീം 128 റൺസിന് പുറത്താവുകയായിരുന്നു. താരത്തിന്റെ ഈ മിന്നും ഫോം ഫൈനലിൽ കൂടി ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
സെപ്‌റ്റംബർ 17 ന് കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിലാണ് ഫൈനൽ നടക്കുക.