ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണിനെ അനുസ്മരിച്ച് ഇന്ത്യന്‍ സൂപ്പര്‍ താരം കുല്‍ദീപ് യാദവ്. ഷെയ്ന്‍ വോണ്‍ തന്റെ ഐഡലായിരുന്നുവെന്നും അദ്ദേഹത്തിന്റെ വിയോഗം താങ്ങാന്‍ സാധിച്ചിരുന്നില്ലെന്നും ഇന്ത്യന്‍ ചൈനാമാന്‍ സ്പിന്നര്‍ പറഞ്ഞു. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട് സന്ദര്‍ശന വേളയിലാണ് കുല്‍ദീപ് ഇക്കാര്യം പറഞ്ഞത്.
‘ഷെയ്ന്‍ വോണ്‍ എന്റെ ആരാധനാപാത്രമായിരുന്നു. അദ്ദേഹവുമായി എനിക്ക് വല്ലാത്ത ഒരു ആത്മബന്ധമുണ്ടായിരുന്നു. അദ്ദേഹത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഞാനിപ്പോഴും വികാരാധീനനാകും. എന്റെ കുടുംബത്തിലെ ഒരാളെ നഷ്ടപ്പെട്ടതുപോലെയായിരുന്നു,’ കുല്‍ദീപ് യാദവ് പറഞ്ഞു.
ഇതാദ്യമായല്ല കുല്‍ദീപ് വോണിനെ കുറിച്ച് സംസാരിക്കുന്നത്.
‘അദ്ദേഹത്തിന്റെ വിയോഗവാര്‍ത്തയറിഞ്ഞപ്പോള്‍ ഞാന്‍ ആകെ തരിച്ചുപോയി. ഞാന്‍ കരയുകയായിരുന്നു. എനിക്കൊന്നും മനസിലായിരുന്നില്ല. ഞാനുമായി അത്രത്തോളം ബന്ധമുള്ള ഒരാള്‍ ഇല്ലാതായ അവസ്ഥയായിരുന്നു എനിക്ക് അപ്പോള്‍.
അദ്ദഹവുമായി ഞാന്‍ എപ്പോഴും ബന്ധപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ മരണത്തിന് പത്ത് ദിവസം മുമ്പ് ഞങ്ങള്‍ തമ്മില്‍ സംസാരിച്ചിരുന്നു,’ കുല്‍ദീപ് പറഞ്ഞു.
പരിക്കില്‍ നിന്നും തിരിച്ചെത്തിയ തനിക്ക് വോണ്‍ പകര്‍ന്നുതന്നെ ആത്മവിശ്വാസത്തെ കുറിച്ചും കുല്‍ദീപ് സംസാരിച്ചു.
‘2019ലെ സിഡ്‌നി ടെസ്റ്റിന് മുമ്പ് ഞാന്‍ കുറച്ച് പേടിച്ചിരുന്നു. രാവിലെ എന്നും ഞാന്‍ അദ്ദേഹത്തെ കാണാന്‍ പോകുമായിരുന്നു. ‘നീ എന്ത് തരത്തിലുള്ള ഡെലിവെറികളാണ് എറിയാന്‍ പോകുന്നത് എന്നതിനെ കുറിച്ച് എനിക്കൊന്നും അറിയില്ല, പക്ഷേ ഗ്രൗണ്ടില്‍ നീ സന്തോഷമായിരിക്കണമെന്നാണ് ഞാന്‍ ആവശ്യപ്പെടുന്നത്.
പവലിയനില്‍ നിന്നും ഞാന്‍ നിന്നെ ശ്രദ്ധിക്കുന്നുണ്ടാകും. നീ എങ്ങനെ പന്തെറിഞ്ഞാലും കുഴപ്പമില്ല, അത് ചിരിച്ചുകൊണ്ട് എറിയണമെന്നാണ് ഞാന്‍ ആവശ്യപ്പെടുന്നത്,’ എന്നായിരുന്നു അദ്ദഹമെന്നോട് പറഞ്ഞത്,’ കുല്‍ദീപ് കൂട്ടിച്ചേര്‍ത്തു.
2022 മാര്‍ച്ച് നാലിനാണ് വോണ്‍ അന്തരിച്ചത്. തായ്‌ലാന്‍ഡിലെ കോ സമുയിയില്‍ തന്റെ വില്ലയില്‍ അദ്ദേഹത്തെ മരിച്ച നിലില്‍ കണ്ടെത്തുകയായിരുന്നു.
അതേസമയം, ഈ വര്‍ഷത്തില്‍ തന്നെ കുല്‍ദീപ് യാദവ് ഇന്ത്യന്‍ ടീമിനൊപ്പം ഒരിക്കല്‍ക്കൂടി മെല്‍ബണിലെത്തും. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ നടക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരക്കാണ് കുല്‍ദീപ് മെല്‍ബണിലെത്തുക.
ബി.ജി.ടിയുടെ സ്‌ക്വാഡിനെ കുറിച്ച് ഔദ്യോഗികമായി ഒരു വിവരവുമില്ലെങ്കിലും കുല്‍ദീപ് ടീമിന്റെ ഭാഗമാകുമെന്ന് ഏറെക്കുറെ ഉറപ്പാണ്.
ബോക്‌സിങ് ഡേയിലാണ് ഇന്ത്യയും ഓസ്‌ട്രേലിയയും ചരിത്രപ്രസിദ്ധമായ മെല്‍ബണില്‍ ഏറ്റുമുട്ടുക. പരമ്പരയിലെ നാലാം മത്സരമാണിത്.
ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം
ആദ്യ ടെസ്റ്റ് – നവംബര്‍ 22 മുതല്‍ 26 വരെ – ഒപ്റ്റസ് സ്റ്റേഡിയം, പെര്‍ത്ത്.
രണ്ടാം ടെസ്റ്റ് – ഡിസംബര്‍ 6 മുതല്‍ 10 വരെ – അഡ്‌ലെയ്ഡ് ഓവല്‍.
മൂന്നാം ടെസ്റ്റ് – ഡിസംബര്‍ 14 മുതല്‍ 18 വരെ – ദി ഗാബ, ബ്രിസ്‌ബെയ്ന്‍.
നാലാം ടെസ്റ്റ് / ബോക്‌സിങ് ഡേ ടെസ്റ്റ് – ഡിസംബര്‍ 26 മുതല്‍ 30 വരെ – മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട്.
അവസാന ടെസ്റ്റ് – ജനുവരി 3 മുതല്‍ 7 വരെ – സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ട്.
Content highlight: Kuldeep Yadav about Shane Warne, ‘I still get emotional when I think about Warnie’