| Monday, 29th July 2019, 11:59 pm

ഉന്നാവോ കേസിലെ പ്രതിയായ എം.എല്‍.എ ബി.ജെ.പിക്ക് 'ബാഹുബലി'; നടപടി വൈകാന്‍ കാരണം 'താക്കൂര്‍ ലോബി'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉന്നാവോയില്‍ പെണ്‍കുട്ടിയെ ലൈംഗികമായി ആക്രമിച്ച കേസിലും ഞായറാഴ്ച നടന്ന വാഹനാപകടക്കേസിലും പ്രതിചേര്‍ക്കപ്പെട്ട എം.എല്‍.എ ഇപ്പോഴും പാര്‍ട്ടിക്കുള്ളില്‍ത്തന്നെ നിലനില്‍ക്കുന്നത് ബി.ജെ.പിക്ക് ഏല്‍പ്പിക്കുന്ന കളങ്കം ചെറുതല്ല. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും പ്രതിഷേധം ഉണ്ടായിട്ടും എന്തുകൊണ്ടാണ് എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗാറിനെതിരെ നടപടിയെടുക്കാന്‍ പാര്‍ട്ടി വൈകുന്നത് എന്നതിന് വ്യക്തമായ ഉത്തരമുണ്ട്.

‘താക്കൂര്‍ ലോബി’. അതാണ് സെന്‍ഗാറിനെ പാര്‍ട്ടിയില്‍ ഉറപ്പിച്ചുനിര്‍ത്തുന്ന ഏകഘടകം. പ്രമുഖ താക്കൂര്‍ നേതാവായ സെന്‍ഗാറിനെ മണ്ഡലമായ ബെംഗര്‍മോയിലെ പാര്‍ട്ടി അണികള്‍ വിളിക്കുന്നത് ‘ബാഹുബലി’ എന്നാണ്.

മുന്‍പ് പല പാര്‍ട്ടികളിലും പ്രവര്‍ത്തിച്ച സെന്‍ഗാറിനെ പാര്‍ട്ടിയിലെത്തിക്കുമ്പോള്‍ ബി.ജെ.പി ആലോചിച്ചതും താക്കൂര്‍ വിഭാഗത്തിന്റെ പിന്തുണയെക്കുറിച്ചാണ്.

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിനെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ചതില്‍ പ്രധാന പങ്കും താക്കൂര്‍ വിഭാഗക്കാരനായ സെന്‍ഗാറിനുണ്ട്.

ജൂണില്‍ ജയിലിലായിരുന്ന സെന്‍ഗാറിനെ അവിടെച്ചെന്ന് സന്ദര്‍ശിച്ച ഉന്നാവോ എം.പി സാക്ഷി മഹാരാജും ആ സ്വാധീനം എന്തെന്ന് പറഞ്ഞുതരുന്നു.

2018-ല്‍ ഉന്നാവോ കേസ് വാര്‍ത്തകളില്‍ ഇടംപിടിച്ചപ്പോള്‍ എം.എല്‍.എക്കെതിരെ നടപടിയുണ്ടാകുമെന്നായിരുന്നു ബി.ജെ.പി നേതാക്കള്‍ തന്നെ പറഞ്ഞത്. എന്നാല്‍ അതുണ്ടായില്ല. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ സെന്‍ഗാറിനെ സി.ബി.ഐ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിട്ടും അതില്‍ മാറ്റമുണ്ടായില്ല.

ഇപ്പോള്‍ വീണ്ടും അയാള്‍ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്. ഉന്നാവോയിലെ ക്രൂരതയെ അതിജീവിച്ച പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടതില്‍ സെന്‍ഗാറിപ്പോള്‍ പ്രതിയാണ്.

ഇപ്പോഴും തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ സെന്‍ഗാറിനെതിരെ നടപടിയുണ്ടാകുമെന്നു മാത്രമാണ് ബി.ജെ.പി പറയുന്നത്. എന്നാല്‍ സെന്‍ഗാറിന്റെ താക്കൂര്‍ സ്വാധീനമാണ് നടപടിയുണ്ടാകാതിരിക്കാനുള്ള പ്രധാന കാരണമെന്ന് സംസ്ഥാനത്തെ പ്രതിപക്ഷകക്ഷിയായ സമാജ്‌വാദി പാര്‍ട്ടി ആരോപിക്കുന്നു.

സമാജ്‌വാദി, ബി.എസ്.പി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചതിനു ശേഷമായിരുന്നു സെന്‍ഗാറിന്റെ ബി.ജെ.പി പ്രവേശം. ഉന്നാവോ ലോക്‌സഭാ മണ്ഡലത്തിലെ വ്യത്യസ്തങ്ങളായ നാല് നിയമസഭാ മണ്ഡലങ്ങളില്‍ നിന്നു നാലുവട്ടം അനായാസമായി സെന്‍ഗാര്‍ ജയിച്ചുകയറി.

12-ാം ക്ലാസ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സെന്‍ഗാര്‍ 1995-ല്‍ കോണ്‍ഗ്രസിലൂടെയാണ് രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിക്കുന്നത്.

2002-ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.എസ്.പിയിലെത്തിയ സെന്‍ഗാര്‍ ഉന്നാവോ സദറിലെ സീറ്റില്‍ നിന്നു ജയിച്ചുകയറി.

തുടര്‍ന്നാണ് ബാഹുബലി എന്ന പേരില്‍ സെന്‍ഗാര്‍ അറിയപ്പെടാന്‍ തുടങ്ങിയത്. 2007-ല്‍ അച്ചടക്കലംഘനത്തിന് മായാവതി പുറത്താക്കിയതോടെയാണ് സെന്‍ഗാര്‍ സമാജ്‌വാദിയിലെത്തുന്നത്.

തുടര്‍ന്ന് അതേവര്‍ഷം ബെംഗര്‍മോയില്‍ നിന്നും 2012-ല്‍ ഭഗവന്ത് നഗറില്‍ നിന്നും ജയിച്ചു. തുടര്‍ന്നാണ് പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളുടെ നിരയിലേക്ക് സെന്‍ഗാറെത്തിയത്.

പിന്നീട് പാര്‍ട്ടിയിലെ ശിവ്പാല്‍ യാദവ് വിഭാഗത്തിലെ പ്രമുഖനായി മാറി. സമാജ്‌വാദിയില്‍ അഖിലേഷ് യാദവും ശിവ്പാലും തമ്മിലുള്ള ഭിന്നത രൂക്ഷമായതോടെ സെന്‍ഗാര്‍ 2017-ല്‍ ബി.ജെ.പിയിലേക്കു ചേക്കേറുകയായിരുന്നു. ആ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ ബെംഗര്‍മോയില്‍ നിന്നു നിയമസഭയിലെത്തി.

ഈ വര്‍ഷം നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ലോക്‌സഭയിലേക്കു സെന്‍ഗാറിനെ മത്സരിപ്പിക്കാന്‍ ബി.ജെ.പിക്കു പദ്ധതിയുണ്ടായിരുന്നെങ്കിലും ഉന്നാവോ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതോടെ അതു നടന്നില്ല.

സെന്‍ഗാറിന്റെ കുടുംബാംഗങ്ങളും രാഷ്ട്രീയത്തില്‍ സജീവമാണ്. ഭാര്യ സംഗീത ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ്. സഹോദരന്‍ മനോജ് ബ്ലോക്ക് പ്രമുഖാണ്.

സെന്‍ഗാറിന്റെ സ്വത്തുവിവരക്കണക്കിലെ വര്‍ധനയും അതിശയിപ്പിക്കുന്നതാണ്. 2007-ല്‍ 36 ലക്ഷത്തിന്റെ സ്വത്താണ് ഉണ്ടായിരുന്നതെങ്കില്‍ 2012-ല്‍ അത് 1.27 കോടിയായി മാറി. 2017-ലാകട്ടെ, 2.90 കോടിയായി.

Latest Stories

We use cookies to give you the best possible experience. Learn more