| Tuesday, 25th February 2020, 2:53 pm

ഉന്നാവോ കേസ്: കുല്‍ദീപ് സെന്‍ഗറിന്റെ നിയമസഭാഗത്വം റദ്ദ് ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: ഉന്നാവോ കേസില്‍ കുറ്റംസമ്മതിച്ച കുല്‍ദീപ് സെന്‍ഗറിന് ഉത്തര്‍പ്രദേശ് നിയമസഭയില്‍ നിന്നും അംഗത്വം നഷ്ടപ്പെട്ടു. നേരത്തെ ഇദ്ദേഹത്തെ ബി.ജെ.പിയില്‍ നിന്നും പുറത്താക്കിയിരുന്നു.

ഉന്നാവോയിലെ ബെഗര്‍മാ നിയോജകമണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സെനഗറിനെ നിയമപ്രകാരം അയോഗ്യനാക്കി വിജ്ഞാപനം ഇറക്കുകയായിരുന്നു.

ഉന്നാവോ കേസില്‍ ദല്‍ഹി പോക്‌സോ കോടതി കുല്‍ഗീപ് സെന്‍ഗറിന് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.

മകളുടെ വിദ്യാഭ്യാസ ചെലവുകള്‍ ഉള്‍പ്പെടെ തന്റെ മേലുള്ള ബാധ്യതകള്‍ ഉയര്‍ത്തി സെനഗര്‍ ശിക്ഷയില്‍ ഇളവ് തരണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി അത് തള്ളി പോക്സോ നിയമത്തിലെ അഞ്ച്, ആറ് വകുപ്പുകള്‍ ഉള്‍പ്പെടുത്തി ജീവപര്യന്തം ശിക്ഷക്ക് വിധിക്കുകയായിരുന്നു.

4 തവണ എം.എല്‍.എയായിരുന്ന സെന്‍ഗറിനെ 2019 ആഗസ്റ്റിലായിരുന്നു ബി.ജെ.പിയില്‍ നിന്നും പുറത്താക്കിയത്.
2017 ജൂണ്‍ 4 ന് ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ 17 വയസുകാരിയെ ലൈംഗികാതിക്രമം ചെയ്തുവെന്നാരോപിച്ചായിരുന്നു കേസ്.

കഴിഞ്ഞ ദിവസം ഉന്നാവോ പെണ്‍കുട്ടിയുടെ അച്ഛനെ ചികിത്സിച്ച ഡോക്ടര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. തിങ്കളാഴ്ചയാണ് ഡോക്ടര്‍ പ്രശാന്ത് ഉപാധ്യായയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

2018ല്‍ കുടുംബത്തോടൊപ്പം കോടതിയിലേക്ക് വരികയായിരുന്ന പെണ്‍കുട്ടിയുടെ അച്ഛനെ അതുല്‍ സെന്‍ഗാര്‍ മര്‍ദ്ദിച്ച് അവശനാക്കി പൊലീസിന് കൈമാറുകയായിരുന്നു. അതിന് ശേഷം ഡോക്ടര്‍ ഇദ്ദേഹത്തിന് പ്രാഥമിക ചികിത്സ നല്‍കി വിട്ടിരുന്നു. ശേഷം പെണ്‍കുട്ടിയുടെ അച്ഛന്‍ പൊലീസ് കസ്റ്റഡിയില്‍ മരിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ അച്ഛന്റെ മരണവുമായി ബന്ധപ്പെട്ട് സി.ബി.ഐയുടെ അന്വേഷണം നടന്നു കൊണ്ടിരിക്കേ ഉപാധ്യായയെ സസ്പെന്‍ഡ് ചെയ്തിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more