| Tuesday, 26th December 2017, 4:42 pm

ഭാര്യയുടെ താലി ഊരി വാങ്ങി, മറാത്തിയില്‍ സംസാരിക്കാന്‍ അനുവദിച്ചില്ല; കുല്‍ഭൂഷണ്‍ ജാദവിന്റെ കുടുംബത്തെ പാകിസ്താന്‍ അപമാനിച്ചതായി വിദേശകാര്യ മന്ത്രാലയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കുല്‍ഭൂഷണ്‍ ജാദവിനെ കാണാനെത്തിയ അമ്മ അവന്തി ജാദവിനെയും ഭാര്യ ചേതന്‍കുലിനെയും പാകിസ്ഥാന്‍ അപമാനിച്ചെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ജാദവിനോട് മറാത്തി ഭാഷയില്‍ സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി പറഞ്ഞു.

സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ജാദവിന്റെ ഭാര്യുടെ താലി ഉള്‍പ്പെടെയുള്ള ആഭരണങ്ങളും വളകളും ഊരി മാറ്റാന്‍ ആവശ്യപ്പെട്ടെന്നുംമാതൃഭാഷ സംസാരിക്കാന്‍ അനുവദിച്ചില്ലെന്നുമാണ് ഇന്ത്യന്‍ മന്ത്രാലയം ആരോപിച്ചത്.

“കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ ചെന്ന കുടുംബാംഗങ്ങളെ അപമാനിച്ചാണ് പാക്കിസ്ഥാന്‍ ഇറക്കിവിട്ടത്. അവരുടെ മാതൃഭാഷയായ മറാത്തിയില്‍ സംസാരിക്കാന്‍ ഇരുവരെയും അനുവദിച്ചില്ല. ഭാര്യയുടെ താലിമാല പാക് സൈന്യം ഊരിവയ്പ്പിച്ചു. ചെരിപ്പ് അഴിച്ചുവയ്പ്പിച്ച പാക്കിസ്താന്‍ അവ തിരികെ നല്‍കിയില്ല”, വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.

പാക് മാധ്യമങ്ങളും കുല്‍ഭൂഷണ്‍ ജാദവിന്റെ അമ്മയെയും ഭാര്യയെയും അപമാനിച്ചെന്നും മന്ത്രാലയം പറയുന്നു. തടവില്‍ കഴിയുന്ന കുല്‍ഭൂഷണെ കാണാന്‍ അമ്മയെയും ഭാര്യയെയും പാക്കിസ്ഥാന്‍ അനുവദിച്ചപ്പോള്‍ തന്നെ ഇന്ത്യ മാന്യമായി പെരുമാറണമെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇത് പാലിക്കപ്പെട്ടില്ലെന്നാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ആരോപിക്കുന്നത്.

മുന്‍ നിശ്ചയിച്ച പ്രകാരം കൂടിക്കാഴ്ചയില്‍ ഇന്ത്യ ഡപ്യൂട്ടി ഹൈക്കമ്മിഷണറെ പങ്കെടുപ്പിച്ചില്ലെന്ന് ആരോപിച്ച ഇന്ത്യ, ഇവരുടെ കൂടിക്കാഴ്ചയുടെ കാര്യം ഇന്ത്യന്‍ ഹൈക്കമ്മിഷനോട് മറച്ചുവച്ചതായും ആരോപിച്ചു.

ഇന്നലെയാണ് പാകിസ്ഥാനിലെ ജയിലിലെത്തി ജാദവിനെ അമ്മയും ഭാര്യയും കണ്ടത്. 30 മിനിട്ടാണ് നേരത്തെ സമയം അനുവദിച്ചതെങ്കിലും ഒരു മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു. കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഔദ്യോഗിക പ്രതിനിധിയായി ഇസ്ലാമാബാദ് ഹൈക്കമ്മിഷന്‍ ഡെപ്യൂട്ടി കമ്മിഷണറും ഉണ്ടായിരുന്നു. നീലനിറത്തിലുള്ള കോട്ട് ധരിപ്പിച്ച് ചില്ലുകൂട്ടിന് അപ്പുറത്ത് നിറുത്തിയാണ് ബന്ധുക്കളെ കാണാന്‍ ജാദവിനെ അനുവദിച്ചത്. ജാദവ് വളരെ ദു:ഖിതനായാണ് കാണപ്പെട്ടതെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം ഇന്ത്യയിലെത്തിയ അമ്മയും ഭാര്യയും പറഞ്ഞു.

We use cookies to give you the best possible experience. Learn more