ന്യൂദല്‍ഹി: ചാരപ്രവര്‍ത്തി ആരോപിച്ച് പിടിയിലായ മുന്‍ ഇന്ത്യന്‍ സൈനികന്‍ ഖുല്‍ഭുഷന് വധശിക്ഷ വിധി സംഭവത്തില്‍ പാകിസ്താനെതിരെ മുന്നറിയിപ്പുമായി ഇന്ത്യ. ഖുല്‍ഭുഷനെ വധശിക്ഷയ്ക്ക് വിധേയനാക്കിയാല്‍ അതിനെ ആസൂത്രിത കൊലപാതകമായായിരിക്കും കാണുകയെന്നാണ് ഇന്ത്യയുടെ മുന്നറിയിപ്പ്.
പാക് നടപടി അപഹാസ്യമാണെന്നും ഇന്ത്യ അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിതിനെ വിളിച്ചു വരുത്തിയാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ബുധനാഴ്ച്ച വിട്ടയക്കാനിരുന്ന 12 പാക് തടവുകാരെ വിട്ടയക്കില്ലെന്നും ഇന്ത്യ അറിയിച്ചു.
പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വവയാണ് ഖുല്‍ഭൂഷണിനെ വധശിക്ഷയ്ക്ക് വിധിച്ച കാര്യം ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്ത് വിട്ടത്. പാക് സൈനിക നിയമപ്രകാരമാണ് ഇയാള്‍ക്കെതിരായ വധശിക്ഷയെന്നും ബജ്വവ പറഞ്ഞു.
2016 മാര്‍ച്ച് 3നാണ് ഖുല്‍ ഭൂഷണ്‍ യാദവിനെ ബലൂചിസ്താനില്‍ നിന്ന് അറസ്റ്റ് ചെയ്ത വിവരം പാകിസ്താന്‍ ഇന്ത്യക്ക് കൈമാറുന്നത്. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ ഉദ്യോഗസ്ഥനാണെന്ന അവകാശ വാദത്തോടെയായിരുന്നു പാക് ഖുല്‍ ഭൂഷണ്‍ പിടിയിലായ വിവരം അറിയിക്കുന്നത്.
എന്നാല്‍ നാവിക സേനയില്‍ നിന്ന് വിരമിച്ച വ്യക്തിയാണ് ഖുല്‍ഭൂഷണെന്നും ഇയാള്‍ ഇന്ത്യന്‍ റോ ഉദ്യോഗസ്ഥനല്ലെന്നും ഇന്ത്യ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഒരു റോ ഉദ്യോഗസ്ഥനെ പിടികൂടിയെന്ന പാകിസ്താന്റെ ആദ്യത്തെ അവകാശവാദം കൂടിയായിരുന്നു ഇത്.