| Wednesday, 8th July 2020, 11:10 pm

കുല്‍ഭൂഷണ്‍ ജാദവ് പുനപരിശോധന ഹരജി വേണ്ടെന്നു പറഞ്ഞെന്ന പാക് വാദം വാജ്യമെന്ന് ഇന്ത്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദല്‍ഹി: വധശിക്ഷയ്ക്ക് എതിരെ പുനപരിശോധനാ ഹരജി നല്‍കാന്‍ കുല്‍ഭൂഷണ്‍ ജാദവ് തയ്യാറായില്ലെന്ന പാകിസ്താന്‍ വാദം തെറ്റാണെന്ന് കേന്ദ്ര വിദേശ കാര്യമന്ത്രാലയം. അന്താരാഷ്ട്ര നീതി ന്യായ കോടതിയുടെ ഉത്തരവിനെ അട്ടിമറിക്കാന്‍ ആണ് പാകിസ്താന്‍ ശ്രമമെന്നും കുല്‍ഭൂഷണ്‍ ജാദവിന് നീതി ലഭിക്കാനായി സര്‍ക്കാര്‍ ഉചിതമായ വഴികള്‍ എല്ലാം തേടുമെന്നും വിദേശ കാര്യമന്ത്രാലയം പറഞ്ഞു.

ജാദവിന്റെ വധശിക്ഷ പുനപരിശോധിക്കാന്‍ നിയമ നടപടികള്‍ക്ക് അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിട്ടിരുന്നു.

പാകിസ്താന്‍ ജയിലിലുള്ള ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ ജാദവ് വധശിക്ഷയ്ക്കെതിരെയുള്ള പുനപരിശോധനാ ഹരജി നല്‍കാന്‍ വിസമ്മതിച്ചെന്നാണ് പാകിസ്താനില്‍ നിന്നും നേരത്തെ വന്ന റിപ്പോര്‍ട്ട്. തന്റെ ദയാഹരജിയുമായി മുന്നോട്ട് പോകാനാണ് കുല്‍ഭൂഷണ്‍ താല്‍പര്യപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ട്. ജൂണ്‍ 17 ന് കുല്‍ഭൂഷണിനെതിരെയുള്ള വിധിയില്‍ പുനപരിശോധന ഹരജി നല്‍കാന്‍ വേണ്ടി ഇദ്ദേഹത്തെ ക്ഷണിച്ചിരുന്നെന്നും എന്നാല്‍ കുല്‍ഭൂഷണ്‍ ഇത് നിഷേധിക്കുകയുമായിരുന്നെന്ന് പാകിസ്താന്‍ അഡീഷണല്‍ ജനറല്‍ സെക്രട്ടറി പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

റിട്ടേര്‍ഡ് ഇന്ത്യന്‍ നേവി ഉദ്യോഗസ്ഥനായ കുല്‍ഭൂഷണ്‍ ജാദവിനെ പാകിസ്താന്‍ സൈനിക കോടതി 2017 ഏപ്രിലില്‍ വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. ചാരവൃത്തി ഭീകരവാദം എന്നിവയാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.

2016 മാര്‍ച്ച് മൂന്നിനാണ് ബലൂചിസ്താന്‍ പ്രവിശ്യയില്‍ നിന്ന് ജാദവിനെ പാക്സേന അറസ്റ്റ് ചെയ്തത്. നാവിക സേനയില്‍ നിന്നും വിരമിച്ച കുല്‍ഭൂഷണ്‍ യാദവ് ഇറാനില്‍ ബിസിനസ് ആവശ്യത്തിന് പോയിടത്തു നിന്നും തട്ടിക്കൊണ്ടു പോവുകയായായിരുന്നെന്നാണ് ഇന്ത്യ പറയുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more