| Monday, 25th December 2017, 3:22 pm

കുല്‍ഭൂഷണ്‍ ജാദവ് ഭാര്യയേയും അമ്മയേയും കണ്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: പാകിസ്ഥാനില്‍ തടവില്‍ക്കഴിയുന്ന ഇന്ത്യന്‍ വ്യോമസേനാ ഉദ്യോഗസ്ഥനായിരുന്നു കുല്‍ഭൂഷണ്‍ ജാദവിനെ ഭാര്യയും അമ്മയും കണ്ടു. കനത്ത സുരക്ഷയുടെ നടുവില്‍ പാകിസ്ഥാന്റെ വിദേശകാര്യ മന്ത്രാലയ ഓഫിസിലായിരുന്നു കൂടിക്കാഴ്ച.

22 മാസത്തിനു ശേഷമാണ് ഭാര്യയും അമ്മയും കുല്‍ഭൂഷണെ കാണുന്നത്. സന്ദര്‍ശനത്തിനു മുന്നോടിയായി മേഖലയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്.

ആക്രമണമുണ്ടായാല്‍ നേരിടുന്നതിനായി ഓഫിസിനു ചുറ്റും പൊലീസ്, അര്‍ധ സൈനിക വിഭാഗം എന്നിവരെ നിയോഗിച്ചിട്ടുണ്ട്. സന്ദര്‍ശക സമയത്ത് പ്രദേശത്ത് ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തി. ഇന്ത്യ സമ്മതിക്കുകയാണെങ്കില്‍ കൂടിക്കാഴ്ചയുടെ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവിടുമെന്നും പാക്കിസ്ഥാന്‍ വ്യക്തമാക്കി.

ഉച്ചയോടെയാണ് കുല്‍ഭൂഷണ്‍ ജാദവിന്റെ ഭാര്യയും അമ്മയും ദുബായ് വഴി പാക്കിസ്ഥാനിലെത്തിയത്. ഏഴു വാഹനങ്ങളുടെ സുരക്ഷാ അകമ്പടിയോടെ ആദ്യം ഇന്ത്യന്‍ ഹൈക്കമ്മിഷണറുടെ ഓഫിസിലേക്കാണ് ഇവര്‍ പോയത്.

അതേ സമയം കുല്‍ഭൂഷണ്‍ ജാദവിന്റെ കുടുംബം മാധ്യമങ്ങളെ കാണില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇന്ത്യയില്‍ നിന്ന് ഡെപ്യൂട്ടി ഹൈകമ്മിഷണര്‍ ജെ.പി.സിംഗും ഒപ്പമുണ്ട്. ഇദ്ദേഹത്തെയും കൂടിക്കാഴ്ചയ്ക്ക് പാക്കിസ്ഥാന്‍ അനുവദിച്ചിട്ടുണ്ട്.

ചാരവൃത്തി ആരോപിച്ച് കഴിഞ്ഞ ഏപ്രിലിലാണ് കുല്‍ഭൂഷണ്‍ ജാദവിനെ പാക് സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. വധശിക്ഷയ്‌ക്കെതിരെ രാജ്യാന്തര നീതിന്യായ കോടതിയില്‍ ഇന്ത്യ നല്‍കിയ അപ്പീല്‍ പരിഗണനയിലാണ്.

We use cookies to give you the best possible experience. Learn more