|

ഏഴ് വയസുകാരിയുടെ കൊലപാതകം; കുളത്തൂപ്പഴയില്‍ നിന്നും നാടുകടത്തിയ കുടുംബത്തിന് നേരെ തിരുവനന്തപുരത്ത് സദാചാരാക്രമണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അഞ്ചല്‍ ഏരൂലില്‍ ഏഴുവയസുകാരി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ നാടുകടത്തപ്പെട്ട കുടുംബത്തെ തിരുവനന്തപുരത്ത് ഒരു സംഘം തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. ഇന്നലെ രാത്രി പത്തരയോടെ ചല്ലിമുക്ക് ജവഹര്‍ കോളനിയിലായിരുന്നു സംഭവം.

പെണ്‍കുട്ടിയുടെ മാതാവും ബന്ധുക്കളും ചല്ലിമുക്കിലുണ്ടെന്ന് അറിഞ്ഞ് ഏരൂര്‍ എസ്.ഐയുടെ നേതൃത്വത്തില്‍ ഇന്നലെ വൈകുന്നേരം ഇവരുടെ മൊഴി രേഖപ്പെടുത്താനായി ഇവിടെ എത്തിയിരുന്നു. തുടര്‍ന്ന് സമീപവാസികളായ ചിലര്‍ ബന്ധുവീട്ടിലെത്തി പ്രതിഷേധിക്കുകയായിരുന്നു.


Dont Miss ‘ഈ രണ്ട് ബി.ജെ.പി നേതാക്കള്‍ ഹിന്ദു യുവതികളെയാണ് വിവാഹം ചെയ്തത്: ഇതിനെ ലവ് ജിഹാദെന്നു വിളിച്ച് അന്വേഷണത്തിന് ഉത്തരവിടുമോ? സുപ്രീംകോടതിയില്‍ ദുഷ്യന്ത് ദവെ


പെണ്‍കുട്ടിയുടെ കുടുംബത്തിന് അഭയം നല്‍കരുതെന്നും അവരെ ഉടന്‍ മാറ്റണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമുണ്ടായി. സംഭവം സംഘര്‍ഷത്തിലേക്ക് നീങ്ങുന്നതായി വിവരം ലഭിച്ച പൊലീസ് സംഘം സംഭവസ്ഥലത്തെത്തുകയും ഇവര്‍ക്ക് സംരക്ഷണം നല്‍കുകയുമായിരുന്നു.

തുടര്‍ന്ന് ഏരൂലില്‍ നിന്നെത്തിയ പൊലീസ് സംഘത്തിന് മൊഴിയെടുക്കാനുള്ള സൗകര്യവും ഒരുക്കി. പൊലീസ് മൊഴി രേഖപ്പെടുത്തി മടങ്ങിയതിന് പിന്നാലെ കുടുംബത്തെ സമീപത്തെ എക്‌സ് സര്‍വീസ് മെന്‍ കോളനിയിലെ മറ്റൊരു വീട്ടിലേക്ക് മാറ്റി.

പീഡനത്തിനിരയായി കൊല്ലപ്പെട്ട കുഞ്ഞിന്റെ മൃതദേഹം പോലും തൊടാന്‍ നാട്ടുകാര്‍ ഇവരെ അനുവദിച്ചിരുന്നില്ല. നാട്ടുകാരുടെ കടുത്ത പ്രതിഷേധത്തിന് പിന്നാലെ പൊലീസ് സംരക്ഷണയിലായിരുന്നു ഇവര്‍ കുളത്തൂപ്പുഴയില്‍ നിന്നും ബന്ധുവീട്ടിലേക്ക് പോയത്.

പോലീസ് നിന്നിട്ട് പോലും അതൊന്നും കണക്കിലെടുക്കാതെ അയല്‍വീട്ടുകാരെല്ലാം ചേര്‍ന്ന് വലിയ പ്രശ്നങ്ങളായിരുന്നെന്നും തങ്ങളെ അടിക്കണം എന്ന് പറഞ്ഞായിരുന്നു ബഹളമെന്നും മരണപ്പെട്ട കുട്ടിയുടെ അമ്മൂമ്മ അനിത പറഞ്ഞിരുന്നു.

ഞങ്ങളുടെ മകളുടെ കര്‍മ്മങ്ങള്‍ പോലും ചെയ്യാതെ അവിടെ നിന്ന് ഇറങ്ങേണ്ടി വന്നതാണ്. ഇറങ്ങിയില്ലെങ്കില്‍ ആ നാട്ടുകാര്‍ ഞങ്ങളെ കൊല്ലുമായിരുന്നു. ഇഷ്ടത്തിനിറങ്ങിപ്പോന്നതല്ല. പോലീസുകാര്‍ വിളിച്ചപ്പോള്‍ ഇറങ്ങിപ്പോന്നതാണ്. പക്ഷെ ഞങ്ങളെ കൊല്ലാനായിരുന്നു നാട്ടുകാരുടെ ഉദ്ദേശമെന്നും അവര്‍ പറഞ്ഞിരുന്നു.

Video Stories