ആകാശവാണി നാടകങ്ങളിലൂടെ ചലചിത്രരംഗത്ത് എത്തിയ അഭിനേത്രിയാണ് കുളപ്പുള്ളി ലീല. അയാള്‍ കഥ എഴുതുകയാണ് എന്ന ചിത്രത്തില്‍ ത്രേസ്യാമ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ടാണ് അവര്‍ തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്.
പിന്നീട് തമിഴിലും മികച്ച വേഷങ്ങളില്‍ അഭിനയിക്കാന്‍ കുളപ്പുള്ളി ലീലക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ എസ്.ജെ. സൂര്യയെ കുറിച്ച് പറയുകയാണ് അവര്‍. 2022ല്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ എത്തിയ തമിഴ് മിസ്റ്ററി ക്രൈം ത്രില്ലര്‍ ടെലിവിഷന്‍ സീരീസായ വധാന്ധി: ദി ഫെബിള്‍ ഓഫ് വെലോണിയില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
‘എനിക്ക് എസ്.ജെ സൂര്യയെ അറിയില്ലായിരുന്നു. ഒരിക്കല്‍ ലൊക്കേഷനില്‍ നില്‍ക്കുമ്പോള്‍ ആ ആര്‍ട്ടിസ്റ്റ് ആരാണെന്ന് ഞാന്‍ ചോദിച്ചു. സൂര്യയാണെന്ന് പറഞ്ഞപ്പോള്‍ എനിക്ക് ആളെ മനസിലായില്ല. എസ്.ജെ. സൂര്യയാണ് അതെന്നും ഡയറക്ടറും പ്രൊഡ്യൂസറും നടനുമൊക്കെയാണെന്നും ആരോ എനിക്ക് പറഞ്ഞു തന്നു.
അദ്ദേഹത്തെ അടുത്ത് കണ്ടപ്പോള്‍ ഞങ്ങള്‍ പരസ്പരം വണക്കം പറഞ്ഞു. പിന്നെയാണ് അദ്ദേഹത്തിന് ഞാന്‍ മരുത് സിനിമ ചെയ്ത ആളാണെന്ന് മനസിലാകുന്നത്. ആള്‍ക്ക് എന്നെ വലിയ ഇഷ്ടമായി. അദ്ദേഹത്തിന്റെ അസോസിയേറ്റായ ആളായിരുന്നു ഈ സിനിമ ഇന്‍ഡിപെന്‍ഡന്റായി ചെയ്യുന്നത്.
അവന്‍ പോകുമ്പോള്‍ കേക്ക് മുറിച്ച് പറഞ്ഞയക്കണമെന്നായിരുന്നു സൂര്യയ്ക്ക് ആഗ്രഹം. അതുകൊണ്ട് കേക്ക് പറഞ്ഞിരുന്നു. പക്ഷെ കേക്ക് എത്തിയിരുന്നില്ല. അങ്ങനെ അദ്ദേഹം പോകുകയാണെന്ന് പറഞ്ഞു. അതിന്റെ ഇടയില്‍ തിരിച്ച് വന്നിട്ട് ‘വാ അമ്മാ’ എന്ന് പറഞ്ഞു.
എന്റെ ധാരണ കേക്ക് വന്നിട്ടാകും വിളിക്കുന്നത് എന്നായിരുന്നു. എന്നെ അവിടെയുള്ള വീടിന്റെ ഉള്ളിലേക്ക് കൊണ്ടുപോയി പതിനായിരത്തിന്റെ ഒരു കെട്ട് നോട്ടാണ് അദ്ദേഹം എനിക്ക് തന്നത്. എന്റെ ജീവിതത്തില്‍ ഞാന്‍ അതുപോലെയുള്ള നോട്ടുകെട്ടുകള്‍ കണ്ടിരുന്നില്ല. പൊടിപറക്കുന്ന നോട്ടെന്ന് പറഞ്ഞ് കേട്ടിട്ടേയുള്ളൂ.
ഞാന്‍ അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി നിന്നു. എന്റെ കണ്ണുകള്‍ നിറഞ്ഞു. ;നീങ്ക സൂപ്പര്‍ ആര്‍ട്ടിസ്റ്റ്, ടാലന്റ് ആര്‍ട്ടിസ്റ്റ്’ എന്ന് പറഞ്ഞ് അദ്ദേഹം ആ നോട്ടുകള്‍ എന്റെ കയ്യിലേക്ക് വെച്ചു തന്നു. സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ എന്നറിയില്ല, എന്റെ രണ്ട് കണ്ണുകളും നിറഞ്ഞൊഴുകിയിരുന്നു,’ കുളപ്പുള്ളി ലീല പറഞ്ഞു.
Content Highlight: Kulappully Leela Talks About SJ Suryah