രജനീകാന്ത്, നയന്‍താര, കീര്‍ത്തി സുരേഷ്, മീന, തുടങ്ങി വന്‍ താരനിര അണിനിരക്കുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമായ അണ്ണാത്തെയില്‍ ഒരു പ്രധാനവേഷം ചെയ്ത് തമിഴകത്തിന്റെ കൂടി പ്രിയതാരമായി മാറിയിരിക്കുകയാണ് മലയാളികളുടെ സ്വന്തം കുളപ്പുള്ളി ലീല.
തന്റേതായ അഭിനയ ശൈലിയിലൂടെ മലയാള സിനിമയില്‍ ഒരു ഇരിപ്പിടം നേടിയെടുക്കാന്‍ കുളപ്പുള്ളി ലീലയ്ക്ക് സാധിച്ചിട്ടുണ്ട്. മുഴുനീള വേഷമായാലും ചെറിയ വേഷങ്ങളായാലും അഭിനയമികവിലൂടെ ആ കഥാപാത്രത്തെ മികവുറ്റതാക്കാന്‍ കുളപ്പുള്ളി ലീലയ്ക്ക് സാധിച്ചിട്ടുണ്ട്. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയ മലയാളത്തിലെ ഒട്ടുമിക്ക താരങ്ങള്‍ക്കൊപ്പവും അഭിനയിക്കാന്‍ കുളപ്പുള്ളി ലീലയ്ക്ക് സാധിച്ചിട്ടുണ്ട്.
നടന്‍ മമ്മൂട്ടിക്കൊപ്പം ബസ് കണ്ടക്ടര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചപ്പോഴുണ്ടായ ഒരു അനുഭവം പങ്കുവെക്കുകയാണ് കുളപ്പുള്ളി ലീല. കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അന്നത്തെ ഷൂട്ടിങ് അനുഭവങ്ങള്‍ താരം പങ്കുവെച്ചത്. ഒരു രംഗത്തില്‍ മമ്മൂട്ടിയെ നോക്കി സൈറ്റ് അടിച്ച രംഗത്തെ കുറിച്ചാണ് കുളപ്പുള്ളി ലീല പറയുന്നത്.
‘ഭാവന ചെയ്ത കഥാപാത്രത്തെ നോക്കാനായി എന്നെ കൂട്ടിക്കൊണ്ടുവരുന്ന രംഗം ചെയ്യുകയാണ്. ഹരീശ്രീ അശോകന്റെ കഥാപാത്രം എന്നേയും വിളിച്ചുകൊണ്ട് വരികയാണ്. മമ്മൂക്കയുടെ അടുത്ത് എത്തുമ്പോള്‍ അദ്ദേഹത്തെ നോക്കി ഒന്ന് സൈറ്റ് അടിക്കണം എന്ന് ഡയരക്ടര്‍ പറഞ്ഞു.
ചീത്ത പറയുകയാണെങ്കില്‍ ഞങ്ങള്‍ പറഞ്ഞതാണെന്ന് പറഞ്ഞാല്‍ മതിയെന്നും പറഞ്ഞു.
അങ്ങനെ പെട്ടിയുമായി പോകുമ്പോള്‍ പോട്ടെ പോട്ടെ എന്ന് പറഞ്ഞ് ഹരീശ്രീ അശോകന്‍ എന്റെ പിറകില്‍ തട്ടുമ്പോള്‍ പെട്ടി താഴെ വെച്ചിട്ട് ഒരൊറ്റ അടി ഹരീശ്രീ അശോകന്റെ മുഖത്ത് കൊടുക്കുന്നതാണ് രംഗം. ഇത് കണ്ട് മമ്മൂക്ക എന്നെ അന്തം വിട്ട് നോക്കുമ്പോള്‍ ഞാന്‍ അദ്ദേഹത്തെ നോക്കി ഒരു സൈറ്ററിച്ചു. മമ്മൂക്ക ഇങ്ങനെ അന്ധാളിച്ചുനില്‍ക്കുകയാണ് (ചിരി).
അവരുടെയൊക്കെ കൂടെ അഭിനയിക്കാന്‍ വളരെ എളുപ്പമാണ്. നമുക്ക് എന്തെങ്കിലും തെറ്റു പറ്റിയാല്‍ അവര്‍ പറഞ്ഞു തരും, എങ്ങനെയാണ് ചെയ്യേണ്ടതെന്ന്. വലിയ സ്റ്റാര്‍ ആണെന്ന് പറഞ്ഞ് ഇവരൊന്നും തലക്കനം കാണിക്കാറില്ല. മോഹന്‍ലാല്‍ ആയാലും മമ്മൂട്ടിയായാലും സുരേഷ് ഗോപിയാണെങ്കിലുമൊക്കെ അങ്ങനെ തന്നെയാണ്.
ഇനി ദുല്‍ഖറിന്റെ കൂടെ ഒരു സിനിമ ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. ദുല്‍ഖറിന്റെ ഒരു സെറ്റില്‍ പോയി ഞാന്‍ ഫോട്ടോയൊക്കെ എടുത്തിരുന്നു. നല്ലൊരു വ്യക്തിയാണ്. എന്റെ അടുത്ത് വന്ന് സംസാരിക്കുകയും വിശേഷങ്ങളൊക്കെ ചോദിക്കുകയും ചെയ്തു. അവനൊപ്പം ഒരു സിനിമ ചെയ്യണമെന്നുണ്ട്, കുളപ്പുള്ളി ലീല പറഞ്ഞു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Kulappully Leela share shooting experiance with Mammootty