| Wednesday, 19th July 2023, 4:33 pm

'സ്ത്രീ സുരക്ഷ വേണമെങ്കില്‍ സ്ത്രീയായി നടക്കണം; ആണിനെ പോലെ നടന്നാല്‍ അതുണ്ടാകില്ല'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സ്ത്രീ സുരക്ഷിതയാവണമെങ്കില്‍ സ്ത്രീയായി തന്നെ നടക്കണമെന്നും പുരുഷന്മാരെ പോലെ നടന്നാല്‍ അത് ചിലപ്പോള്‍ ഉണ്ടാകില്ലെന്നും നടി കുളപ്പുള്ളി ലീല. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. സ്ത്രീ സുരക്ഷയെ കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയായാണ് ലീല ഇക്കാര്യം പറഞ്ഞത്.

‘സ്ത്രീ സുരക്ഷ വേണമെങ്കില്‍ ആദ്യം സ്ത്രീയായി നടക്കണം. അങ്ങനെ നടന്നാല്‍ സ്ത്രീക്ക് എന്നും സുരക്ഷ തന്നെയാണ്. സ്ത്രീ പുരുഷനായി നടന്നാല്‍ അത് ചിലപ്പോള്‍ ഉണ്ടായില്ലെന്ന് വരും. ഞാനിത്രയും കാലം നടന്നിട്ട് എനിക്ക് ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. പറയാന്‍ പലരും പലതും പറയും. പക്ഷെ ആരും നമ്മുടെ ദേഹത്ത് തൊടാന്‍ വരില്ല. നമുക്ക് താല്‍പര്യമുണ്ടെങ്കില്‍ മാത്രമേ നമ്മുടെ ദേഹത്ത് ഒരാള്‍ തൊടൂ. അതില്‍ ഒരു സംശയവുമില്ല. അത് ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാന്‍ അംഗീകരിച്ച് കൊടുക്കില്ല. നമ്മളും ചെറുപ്പം കഴിഞ്ഞ് തന്നെയാണ് എത്തിയത്. നമ്മള്‍ കൊഞ്ചിക്കുഴയാന്‍ പോകും എന്നിട്ട് നമ്മള്‍ അവരെ കുറ്റം പറഞ്ഞിട്ടെന്താ കാര്യം. ചില പെണ്‍കുട്ടികള്‍ ഡ്രസ് ഇട്ടു നടക്കുന്നത് കണ്ടിട്ട് ഞാന്‍ നോക്കിയിട്ടുണ്ട്. ചിലര്‍ക്ക് നല്ല കളര്‍ ഉണ്ടാകും, അവര്‍ മുട്ടിന്റെ അത്ര വലിപ്പമുള്ള ഡ്രസിട്ട് നടന്നാല്‍ ആരാണ് നോക്കാതെ ഇരിക്കുക. പിന്നെ ആണ്‍കുട്ടികളെ പറഞ്ഞിട്ട് എന്താ കാര്യം. നമ്മള്‍ നമ്മളായിട്ട് നടന്നാല്‍ ഒരു പ്രശ്‌നവും ഉണ്ടാകില്ല,’ കുളപ്പുള്ളി ലീല പറഞ്ഞു.

കുളപ്പുള്ളി ലീലയെന്ന പേര് വന്നതിനെ കുറിച്ചും അവര്‍ അഭിമുഖത്തില്‍ സംസാരിച്ചു.

‘ഞാനും എന്റെ ഭര്‍ത്താവും കലാപരമായ കാര്യങ്ങള്‍ക്ക് വേണ്ടി നാട് വിട്ടുവന്നതാണ്. പുള്ളി നന്നായി സ്‌ക്രിപ്റ്റ് എഴുതുമായിരുന്നു. അങ്ങനെ പുള്ളി ഒരു സ്‌ക്രിപ്റ്റ് എഴുതിയപ്പോള്‍ എല്ലാവരും ജോസഫ് സാറിന് ആ സ്‌ക്രിപ്റ്റ് കൊണ്ട് കൊടുത്താല്‍ എടുക്കുമെന്ന് പറഞ്ഞു. അങ്ങനെ ഞങ്ങള്‍ ചെന്നൈയില്‍ പോയി. അവിടെ പോയപ്പോള്‍ എന്നെ നിര്‍ത്താന്‍ പറ്റിയ സ്ഥലമല്ല. സ്‌ക്രിപ്റ്റും കൊണ്ട് നടന്നെന്നല്ലാതെ സാറിനെ കണ്ടതുമില്ല. അങ്ങനെ ഞങ്ങള്‍ തിരിച്ചുപോരാന്‍ തീരുമാനിച്ചു. അപ്പോള്‍ എങ്ങോട്ട് പോകണമെന്നറിയാന്‍ നറുക്കിട്ടു. തൃശൂരും കുളപ്പുള്ളിയും. ഞങ്ങള്‍ക്ക് കിട്ടിയത് കുളപ്പുള്ളി. അങ്ങനെയാണ് ഞങ്ങള്‍ കുളപ്പുള്ളിലേക്ക് വന്നത്.

ലീല കൃഷ്ണകുമാര്‍ എന്നായിരുന്നു എല്ലായിടത്തും എന്റെ പേര്. ഞാന്‍ അനിയന്‍ നമ്പൂതിരിയുടെ ഒരു നാടകം ചെയ്തിരുന്നു. അത് കഴിഞ്ഞ് ഒരു മാസം കഴിഞ്ഞ് മറ്റൊരു നാടകം വന്നു. അന്നൊക്കെ നമുക്ക് കത്ത് വരും, അതിനകത്ത് കാണും നാടകത്തിന്റെ പേര്, പേയ്‌മെന്റ്, നാടകത്തിന്റെ സമയമൊക്കെ. ഇത് വന്നതും എല്ലാവരുടെ അടുത്തും ഇന്ന ദിവസം എന്റെ നാടകമാണെന്ന് ചെന്ന് പറഞ്ഞു. 9.30ന് നാടകമുള്ളതിന് 8.30ന് തന്നെ റേഡിയോ തുറന്ന് കാത്തിരിക്കുകയാണ്. അനൗണ്‍സ്‌മെന്റ് വന്നപ്പോള്‍ കുളപ്പുള്ളി ലീല. വേറെ ആരെങ്കിലുമാണോ ഞാന്‍ വിചാരിച്ചു. എന്റെ പേര് വരാത്തതില്‍ സങ്കടമായി. അന്ന് നാടകം ചെയ്തു. അത് കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞപ്പോള്‍ ഒരു നാടകം കൂടി വന്നു. അതിന് പോയപ്പോഴാണ് തങ്കമണി ചേച്ചിയെ കണ്ടത്. ചേച്ചിയായിരുന്നു എന്റെ പേര് അങ്ങനെ കൊടുത്തത്. ഞാന്‍ ലീല കൃഷ്ണകുമാര്‍ എന്നായിരുന്നു കൊടുത്തിരുന്നത്. ഞാന്‍ ചേച്ചിയോട് എന്ത് പണിയാ കാണിച്ചേ എന്തിനാ കുളപ്പുള്ളി ലീല എന്ന് ഇട്ടതെന്ന് ചോദിച്ചപ്പോള്‍, നീയങ്ങ് സഹിച്ചോയെന്ന് പറഞ്ഞു. അങ്ങനെ തങ്കമണി ചേച്ചിയാണ് കുളപ്പുള്ളി ലീലയെന്ന പേര് ഇട്ടത്,’ അവര്‍ പറഞ്ഞു.

Content Highlight: Kulappulli leela talks about women safety

We use cookies to give you the best possible experience. Learn more