അയ്യോ മേനകയുടെ മോളല്ലേ, എനിക്ക് മനസിലായില്ല; കീര്‍ത്തി സുരേഷിനെ സിനിമാ സെറ്റില്‍ തിരിച്ചറിയാതിരുന്നതിനെക്കുറിച്ച് കുളപ്പുള്ളി ലീല
Entertainment news
അയ്യോ മേനകയുടെ മോളല്ലേ, എനിക്ക് മനസിലായില്ല; കീര്‍ത്തി സുരേഷിനെ സിനിമാ സെറ്റില്‍ തിരിച്ചറിയാതിരുന്നതിനെക്കുറിച്ച് കുളപ്പുള്ളി ലീല
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 11th November 2021, 2:34 pm

തമിഴ് സൂപ്പര്‍താരം രജനീകാന്ത് നായകനായ അണ്ണാത്തെ ബോക്‌സ് ഓഫീസില്‍ മികച്ച കളക്ഷന്‍ നേടി സൂപ്പര്‍ ഹിറ്റായിക്കൊണ്ടിരിക്കുകയാണ്. മലയാളത്തിലെ സ്വഭാവനടി കുളപ്പുള്ളി ലീലയുടെ ചിത്രത്തിലെ പ്രകടനമാണ് സിനിമയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.

നയന്‍താര നായികയാവുന്ന ചിത്രത്തില്‍ മലയാളി താരമായ കീര്‍ത്തി സുരേഷും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. തെന്നിന്ത്യയിലെ ഈ രണ്ട് സൂപ്പര്‍ നായികമാര്‍ക്കൊപ്പം അഭിനയിച്ചതിന്റെ അനുഭവം പങ്കുവെയ്ക്കുകയാണ് ഇപ്പോള്‍ കുളപ്പുള്ളി ലീല.

കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

സെറ്റില്‍ ഭക്ഷണമടക്കം എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ തന്നോട് പറഞ്ഞാല്‍ മതിയെന്നായിരുന്നു കീര്‍ത്തി സുരേഷ് പറഞ്ഞതെന്നാണ് കുളപ്പുള്ളി ലീല പറയുന്നത്. അമ്മ എന്നാണ് തന്നെ വിളിച്ചിരുന്നതെന്നും എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ മറ്റാരോടും പറയാതെ അമ്മ എന്നോട് പറഞ്ഞാല്‍ മതിയെന്നാണ് കീര്‍ത്തി പറഞ്ഞതെന്നും അവര്‍ പറയുന്നു.

”ഞാന്‍ ഇരിക്കുമ്പോള്‍ അവരുടെ മാനേജരോട് പറഞ്ഞ് സൂപ്പ് അടക്കമുള്ള കാര്യങ്ങള്‍ കൊണ്ട് വന്ന് തരും,” കുളപ്പുള്ളി ലീല പറഞ്ഞു.

ഇതുപോലെ തന്നെയായിരുന്നു നയന്‍താരയും പെരുമാറിയിരുന്നതെന്നും എന്ത് ബുദ്ധിമുട്ടുണ്ടെങ്കിലും പറയണമെന്ന് നയന്‍താരയും പറഞ്ഞിരുന്നെന്നും നടി പറയുന്നു. രണ്ട് പേരും മലയാളത്തില്‍ തന്നെയാണ് തന്നോട് സംസാരിച്ചിരുന്നതെന്നും കുളപ്പുള്ളി ലീല പറഞ്ഞു.

ആദ്യം കീര്‍ത്തിയെ കണ്ടപ്പോള്‍ മനസിലാകാതിരുന്നതിനെക്കുറിച്ചും കുളപ്പുള്ളി ലീല പറയുന്നു.

”അവിടെ ഡാന്‍സിന് വന്ന കുറച്ച് പിള്ളേര്‍ ഇരിക്കുന്നുണ്ടായിരുന്നു. തൊട്ട് അടുത്തായി കീര്‍ത്തിയും ഇരിപ്പുണ്ട്. അവരില്‍ ഒരാളായിരിക്കും ഈ കുട്ടിയെന്ന് ഞാനും കരുതി. പിന്നാലെ കീര്‍ത്തി എന്റെ അടുത്ത് വന്ന് പരിചയപ്പെട്ടു.

ഞാന്‍ കീര്‍ത്തിയാണെന്ന് പറഞ്ഞപ്പോള്‍ മേനകയുടെ മകള്‍ ആണോന്ന് ഞാന്‍ ചോദിച്ചു. അയ്യോ എനിക്ക് മനസിലായില്ലെന്ന് പറഞ്ഞപ്പോള്‍, അതെനിക്ക് തോന്നി, അതുകൊണ്ടല്ലേ ഞാന്‍ ആന്റിയുടെ അടുത്തേക്ക് വന്ന് പരിചയപ്പെട്ടതെന്ന് കീര്‍ത്തി പറഞ്ഞു,” കുളപ്പുള്ളി ലീല പറയുന്നു.

നയന്‍താരയ്‌ക്കൊപ്പം മുമ്പ് ഐറ എന്ന തമിഴ് ഹൊറര്‍ ചിത്രത്തിലും കുളപ്പുള്ളി ലീല അഭിനയിച്ചിരുന്നു.

അണ്ണാത്തെയില്‍ മുത്തശ്ശിയുടെ വേഷമാണ് കുളപ്പുള്ളി ലീല ചെയ്യുന്നത്. മലയാളത്തിലെ ഹാസ്യ കഥാപാത്രങ്ങളില്‍ നിന്നും മാറി അല്പം സെന്റിമെന്റല്‍ കഥാപാത്രമാണ് അണ്ണാത്തെയിലേത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Kulappulli Leela talks about Keerthi Suresh