Entertainment news
ഇന്ത്യാ മഹാരാജ്യത്ത് ഒരാളെന്നെ ചൂലുകൊണ്ട് തല്ലിയിട്ടില്ല, ചേച്ചി തല്ലിക്കോളൂവെന്ന് മോഹന്‍ലാല്‍ പറഞ്ഞു; അനുഭവം പറഞ്ഞ് കുളപ്പുള്ളി ലീല
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Jun 23, 11:14 am
Wednesday, 23rd June 2021, 4:44 pm

മോഹന്‍ലാലുമൊന്നിച്ചുള്ള അനുഭവമുഹൂര്‍ത്തങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് നടി കുളപ്പുള്ളി ലീല. അയാള്‍ കഥയെഴുതുകയാണ് എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കുമ്പോഴുണ്ടായ അനുഭവമാണ് ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ കുളപ്പുള്ളി ലീല പറയുന്നത്.

‘അയാള്‍ കഥയെഴുതുകയാണ് എന്ന ചിത്രത്തില്‍ മോഹന്‍ലാലിനെ ഞാന്‍ ചൂലുകൊണ്ടടിക്കുന്ന ഒരു സീനുണ്ട്. അങ്ങനൊരു സീനുണ്ടെന്ന് ഡയറക്ടര്‍ കമല്‍ സാര്‍ പറഞ്ഞപ്പോള്‍ അയ്യോ എന്നെക്കൊണ്ട് പറ്റില്ലെന്നാണ് ഞാന്‍ പറഞ്ഞത്.

അപ്പോള്‍ ലാല്‍ കടന്നുവന്നു, എന്തിനാണ് മടിക്കുന്നത്. കേരളത്തിലെന്നല്ല, ഇന്ത്യാമഹാരാജ്യത്ത് പോലും എന്നെ ഒരാള്‍ ചൂലുകൊണ്ട് തല്ലിയിട്ടില്ല. പുറത്തിറങ്ങി നാലു പേരോട് പറഞ്ഞൂടെ മോഹന്‍ലാലിനെ ചൂലുകൊണ്ട് അടിച്ചുവെന്ന്. ചേച്ചി തല്ലിക്കോളൂവെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്,’ കുളപ്പുള്ളി ലീല പറയുന്നു.

റിഹേഴ്‌സല്‍ ചെയ്യുമ്പോള്‍ തനിക്ക് ചൂലുകൊണ്ട് അടിക്കാന്‍ കഴിഞ്ഞില്ലെന്നും പിന്നീട് മോഹന്‍ലാല്‍ വഴക്ക് പറഞ്ഞ് അടിപ്പിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.

‘റിഹേഴ്‌സലില്‍ പറ്റുന്നില്ല, ഷോട്ടില്‍ തല്ലിക്കോളാമെന്ന് ഞാന്‍ പറഞ്ഞു. ചേച്ചി ഒരു ആര്‍ട്ടിസ്റ്റല്ലേ റിഹേഴ്‌സലില്‍ തന്നെ ശരിക്കും തല്ലണം, അല്ലെങ്കില്‍ എനിക്ക് ദേഷ്യം വരുമെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. അങ്ങനെ റിഹേഴ്‌സലില്‍ തന്നെ ഞാന്‍ മോഹന്‍ലാലിനെ ചൂലുകൊണ്ട് തല്ലി,’ ലീല പറയുന്നു.

ലാലിനെ ചൂലുകൊണ്ട് തല്ലിയ ഒരേ ഒരു വ്യക്തിയാണ് കുളപ്പുള്ളി ലീല എന്നു പറഞ്ഞ് ഒരുപാട് ഇന്റര്‍വ്യൂകള്‍ വന്നിട്ടുണ്ടെന്നും ലീല കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Kulappulli Leela shares experience about Mohanlal