ഇംഫാല്‍ : സി.ബി.ഐയും എന്‍.ഐ.എയും കേസുകള്‍ എടുക്കുന്നതില്‍ പക്ഷപാതം കാണിക്കുന്നെന്ന് ആരോപിച്ച് മണിപ്പൂരിലെ ചുരാചന്ദ്പൂരില്‍ ബുധനാഴ്ച ആയിരകണക്കിന് കുകികള്‍ തെരുവിലിറങ്ങി. കുകി സംഘടനയായ ഇന്‍ഡിജിനസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറമാണ് (ഐ.ടി.എല്‍.എഫ്) റാലി സംഘടിപ്പിച്ചത്.
കൗന്‍പുയി പബ്ലിക് ഗ്രൗണ്ട്, മുവോള്‍വൈഫെയ് പബ്ലിക്ക് ഗ്രൗണ്ട് പിയര്‍സോമുന്‍ പബ്ലിക്ക് ഗ്രൗണ്ട് എന്നിവിടങ്ങളില്‍ നിന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിന് സമീപമുള്ള തുയി ബുവോങ് പീസ് ഗ്രൗണ്ടിലേക്ക് മാര്‍ച്ച് നടത്തിയ പ്രതിഷേധക്കാര്‍ മണിപ്പൂര്‍ സര്‍ക്കാരിനെതിരെയും സംസ്ഥാനത്തെ കുകി – സോ ആദിവാസികള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെയും മുദ്രാവാക്യം വിളിച്ചു.
കുകികള്‍ കുറ്റക്കാരാണെന്ന് സംശയിക്കുന്ന കേസുകള്‍ അതിവേഗം ഏറ്റെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുന്നുണ്ടെങ്കിലും മെയ്തികള്‍ ഉള്‍പ്പെട്ട സമാനമായ കേസുകളുടെ അന്വേഷണം ഏറ്റെടുക്കുകയോ തുടരുകയോ ചെയ്യുന്നില്ലെന്ന് ഐ.ടി.എല്‍.എഫ് ആരോപിച്ചു.
മെയ്തി സമുദായത്തിന്റെ ആക്രമണത്തില്‍ കുകികള്‍ ഇരകളായ 22 ഓളം കൊലപാതകങ്ങളുടെയും ആക്രമണങ്ങളുടെയും അന്വേഷണം ശരിയായി നടന്നില്ല. ഡേവിഡ് ടീക്ക് എന്ന കുകി യുവാവിന്റെ തലവെട്ടല്‍, രണ്ട് കുകി സ്ത്രീകളെ ബലാല്‍സംഗം ചെയ്ത് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിപ്പിച്ച കേസ്, ആംബുലന്‍സില്‍ ഒരു കുകി കുട്ടിയെയും അവന്റെ അമ്മയെയും കത്തിച്ച കേസ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
ഭൂരിഭാഗം വരുന്ന മെയ്തിയും ന്യൂനപക്ഷമായ കുകി – സോ ഗോത്രങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ മണിപ്പൂരിലെ ബി.ജെ.പി സര്‍ക്കാര്‍ പക്ഷപാതപരമായ മനോഭാവമാണ് സ്വീകരിച്ചതെന്ന് ആഭ്യന്തരമന്ത്രി അമിത് ഷായെ അഭിസംബോധന ചെയ്തു ഒരു മെമ്മോറാണ്ടത്തില്‍ ഐ.ടി.എല്‍.എഫ് ബുധനാഴ്ച പറഞ്ഞു. മണിപ്പൂര്‍ കമാന്‍ഡോകള്‍ക്കൊപ്പം അറമ്പായി ടെങ്കോള്‍, മീതേ ലീ പുണ്‍ തുടങ്ങിയ സായുധ തീവ്രവാദ ഗ്രൂപ്പുകള്‍ പലയിടത്തും കാണപ്പെടുന്നുണ്ട്, കൂടുതല്‍ അനിഷ്ടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഇരുവരെയും ഉടന്‍ വേര്‍തിരിക്കുന്നത് അനിവാര്യമാണെന്നും മെമ്മോറാണ്ടത്തില്‍ പറയുന്നു.
രണ്ട് സമുദായങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം തുല്യതയോടെ കൈകാര്യം ചെയ്യണമെന്നും പക്ഷപാതം ഇല്ലാതെ കേസുകള്‍ അന്വേഷിക്കാന്‍ സി.ബി.ഐയോടും എന്‍.ഐ.എയോടും ശുപാര്‍ശ ചെയ്യണം എന്നും ഐ.ടി.എല്‍.എഫ് അമിത് ഷായോട് ആവശ്യപ്പെട്ടു.
മെയ് മുതല്‍ ആരംഭിച്ച മെയ്തികളും കുക്കികളും തമ്മിലുള്ള സംഘര്‍ഷത്തില്‍ 180 ലധികം ആളുകള്‍ കൊല്ലപ്പെടുകയും 60,000 അധികം പേര്‍ പലായനം ചെയ്യുകയും ചെയ്തു.
content highlight :Kukis hit the streets in Manipur alleging bias in investigation by CBI, NIA