ന്യൂദല്‍ഹി: മണിപ്പൂരില്‍ രണ്ട് കുകി വനിതകളെ ബലാത്സംഗം ചെയ്ത് നഗ്നരാക്കി നടത്തുന്ന വീഡിയോ നീക്കം ചെയ്യാന്‍ ഉത്തരവിറക്കി കേന്ദ്ര സര്‍ക്കാര്‍. ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങള്‍ക്കാണ് കേന്ദ്രം നിര്‍ദേശം നല്‍കിയിരിക്കുന്നത്.
‘വിഷയം നിലവില്‍ അന്വേഷണത്തിലാണുള്ളത്. അതുകൊണ്ട് സാമൂഹ്യ മാധ്യമങ്ങള്‍ ഇന്ത്യന്‍ നിയമങ്ങള്‍ പാലിക്കേണ്ടതാണ്,’ സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
ഇന്നലെയാണ് ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള വീഡിയോ പുറത്തിറങ്ങിയത്. രണ്ട് സ്ത്രീകളെ അക്രമികള്‍ കൂട്ടബലാത്സംഗം ചെയ്ത് വഴിയിലൂടെ നഗ്നരാക്കി നടത്തിക്കുന്ന വീഡിയോ ആണ് പ്രചരിച്ചത്. മെയ്തി വിഭാഗക്കാരാണ് അക്രമികളെന്നും സംഭവത്തെ ശക്തമായി അപലപിക്കുന്നതായും ഐ.ടി.എല്‍.എഫും (ഇന്‍ഡീജെനസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറം) വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
മെയ് നാലിന് കാങ്പോക്പി ജില്ലയിലാണ് ക്രൂരമായ സംഭവം നടന്നത്. ഇരു സ്ത്രീകളുടെയും കുടുംബത്തിലെ രണ്ട് പുരുഷന്മാരെ ക്രൂരമായി തല്ലിക്കൊന്നതിന് ശേഷമാണ് ഈ സ്ത്രീകളോട് അതിക്രമം കാണിച്ചതെന്നാണ് റിപ്പോര്‍ട്ട്.
വീഡിയോ പ്രചരിച്ചതിന് പിന്നാലെ നിരവധി പേരാണ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നത്.
മണിപ്പൂരില്‍ ആഭ്യന്തര യുദ്ധം നടക്കുമ്പോഴും ബി.ജെ.പി ഭാരത് എന്ന പേര് ചുരുക്കാന്‍ നടക്കുകയാണെന്ന വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്രയും രംഗത്തെത്തി. കുകി വനിതകള്‍ ഇന്ത്യയുടെ മക്കളും അമ്മമാരും സഹോദരിമാരുമാണെന്നും ഭാരതത്തോട് സ്നേഹമുണ്ടെങ്കില്‍ പ്രധാനമന്ത്രി മൗനം ഉപേക്ഷിക്കണമെന്നുമാണ് മഹുവ പ്രതികരിച്ചത്.
മണിപ്പൂരില്‍ രണ്ട് കുക്കി സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളുടെ ദൃശ്യങ്ങള്‍ ഹൃദയഭേദകമാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രിയുടെ മൗനവും നിഷ്‌ക്രിയത്വവും മണിപ്പൂരിനെ അരാജകത്വത്തിലേക്ക് നയിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും വിമര്‍ശിച്ചു.
മനുഷ്യത്വത്തിനെതിരെയുള്ള അക്രമമാണെന്നാണ് വിഷയത്തില്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് വിഷയത്തില്‍ പ്രതികരിച്ചത്. കുകി സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം അപലപനീയവും മനുഷ്യത്വരഹിതവുമാണെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും പറഞ്ഞു.
അതേസമയം സംഭവത്തില്‍ മണിപ്പൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. തൗബാല്‍ ജില്ലയിലെ നോങ്പോക്ക് സെക്മായി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അജ്ഞാതരായ ഒരു കൂട്ടം അക്രമികള്‍ക്കെതിരെ തട്ടിക്കൊണ്ടുപോകല്‍, കൂട്ടബലാത്സംഗം, കൊലപാതകം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
CONTENT HIGHLIGHTS: Kuki’s nude women video should be removed; Center for social media